കോവൂർ ഡെയറി ഫാമിൽ ഏഴ് പശുക്കൾ ചത്തതിനെ കുറിച്ച്‌ വ്യക്തതയില്ല.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോവൂർ ഡെയറി ഫാമിൽ ഏഴ് പശുക്കൾ ചത്തതിനെ കുറിച്ച്‌ വ്യക്തതയില്ല. തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ്‌ പശുക്കളും കോഴികളും ചത്തു എന്നാണ് സംശയിക്കുന്നത്. രണ്ട് പശുക്കളും ആറ് മാസം പ്രായമുള്ള അഞ്ച് കിടാങ്ങളും നാല് കോഴികളുമാണ് ചത്തത്. ചത്ത ഒരു പശുവിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ട്. ഫലം കിട്ടിയാൽ മാത്രമേ കാരണം വ്യക്തമാകൂ.
പശുക്കൾ ചത്ത കൂടാളി പഞ്ചായത്തിലെ ഫാമിൽ ശനിയാഴ്ച മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പരിശോധന നടത്തി. ചത്ത പശുവിനെ നായാട്ടുപാറ വെറ്ററിനറി സർജൻ ഡോ. ഷാക്കിറയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.

പെട്ടന്നുണ്ടായ ദഹന പ്രശ്നമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആമാശയത്തിൽ നിന്ന്‌ ശേഖരിച്ച തീറ്റയുടെ അവശിഷ്ടം കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടിയിൽ പരിശോധനയ്ക്ക് അയച്ചു. വകുപ്പിന്റെ പാലോട് കേന്ദ്ര ലാബിലെ വിശദ രാസപരിശോധനക്ക് ശേഷം മാത്രമേ തീറ്റയിലെ വിഷ സാന്നിധ്യം തിരിച്ചറിയാൻ കഴിയൂ.

അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാലയിലെ ചില ഫാമുകളിലും പശുക്കൾക്ക് വയറിളക്ക രോഗം ബാധിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ സംശയകരമായ തീറ്റ മാറ്റി നൽകാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. പൂപ്പൽ ഉണ്ടെന്ന്‌ സംശയം തോന്നുകയോ കട്ട പിടിക്കുകയോ ചെയ്തിട്ടുള്ള തീറ്റകൾ പശുക്കൾക്ക് നൽകരുതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.ജെ ലേഖ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി.വി ജയമോഹൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു എന്നിവർ അറിയിച്ചു.

ശനിയാഴ്ച കേരള ഫീഡ് അധികൃതർ ഫാമിൽ എത്തി അന്വേഷണം നടത്തി. സൂക്ഷ്മ പരിശോധനയ്ക്കായി കാലിത്തീറ്റ, വൈക്കോൽ, വെള്ളം തുടങ്ങിയവ ശേഖരിച്ച് കൊണ്ടു പോയി. കേരള ഫീഡ് തീറ്റയിൽ നിന്നും എന്തെങ്കിലും സംഭവിച്ചതാണോ എന്നതിന് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ല. മറ്റ് സ്ഥലങ്ങളിൽ നിന്നൊന്നും പരാതികൾ വന്നിട്ടില്ല എന്നും കേരള ഫീഡ് അധികൃതർ പറഞ്ഞു.

ഫാമിൽ 90 കറവപ്പശുക്കൾ അടക്കം 150 എണ്ണമാണ് ഉള്ളതെന്ന് ഫാമുടമ കെ പ്രതീഷും ഫാം മാനേജർ സി വിജുവും പറഞ്ഞു. ദിവസം ശരാശരി 500 ലിറ്റർ പാൽ ലഭിച്ചിരുന്നത് 200 ലിറ്ററായി ചുരുങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും പഴയ രീതിയിൽ തിരിച്ചു വരികയാണെന്ന് മാനേജർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha