തുലാം പിറന്നു :- കാവുണരാൻ ഇനി ഒൻപത് നാൾ, ഉത്തരമലബാറുകാർക്ക് ഇനി തെയ്യക്കാലം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 18 October 2022

തുലാം പിറന്നു :- കാവുണരാൻ ഇനി ഒൻപത് നാൾ, ഉത്തരമലബാറുകാർക്ക് ഇനി തെയ്യക്കാലം


ഉത്തര കേരളത്തിന്റെ നാനാഭാഗത്തുമുള്ള കാവുകളും ക്ഷേത്രങ്ങളും ഉണരുന്ന കാലം. പെരും ചെണ്ടയുടെ താളത്തിനൊത്ത് ചിലമ്പിട്ട കാലുകളാല്‍ രക്ത വര്‍ണാലംകൃതമായ തെയ്യങ്ങള്‍ ഭക്തന്റെ കണ്ണീരൊപ്പാന്‍ എത്തുന്ന കാലം. തെയ്യം ഉത്തര മലബാറിലെ ജനങ്ങള്‍ക്ക് കേവലം നൃത്തം ചെയ്യുന്ന ദേവതാ സങ്കല്‍പ്പം മാത്രമല്ല, വിശ്വാസം എന്നതിലുപരി സാമൂഹ്യ സമത്വത്തിലൂന്നിയ ഒത്തുചേരല്‍ കൂടിയാണ്. തെയ്യക്കോലങ്ങളും തോറ്റംപാട്ടും മലബാറുകാരുടെ രക്തത്തില്‍ അലിഞ്ഞിട്ടുണ്ട് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

ഓരോ തെയ്യത്തിന്റെയും തുടക്കത്തിനു പിന്നില്‍ അതത് കാലവും ദേശവുമനുസരിച്ച് വ്യത്യസ്ത ഐതിഹ്യങ്ങള്‍ ഉണ്ട്. ഏതാണ്ട് അഞ്ചൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഓരോ ദേവതകളുടെയും മുഖത്തെഴുത്ത് പോലെ സങ്കീര്‍ണ്ണമായ നിരവധി അര്‍ത്ഥതലങ്ങള്‍ ഒരു അനുഷ്ഠാന കല എന്നതിലുപരി തെയ്യത്തിനുണ്ട്. ജന്മിത്തം നിലനിന്നിരുന്ന കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജന വിഭാഗത്തിന്റെ പ്രതിഷേധാഗ്നിയില്‍ നിന്ന് ഉണ്ടായതാണ് തെയ്യം കലാരൂപം.
അമ്മ ദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, ഇതിഹാസ കഥാപാത്രങ്ങള്‍, വനദേവതകള്‍, നാഗകന്യകകള്‍, വീരന്മാര്‍, സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതി വീരമൃത്യു വരിച്ചവര്‍ തുടങ്ങി പലതും തെയ്യക്കോലങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ തുടങ്ങിയ സമുദായക്കാരാണ് സാധാരണ തെയ്യക്കോലങ്ങള്‍ കെട്ടുന്നത്.

ജാതിവെറി കൊണ്ട് ഒരുകാലത്ത് മാറ്റിനിര്‍ത്തപ്പെട്ട മലയനും പുലയനും വണ്ണാനും തെയ്യക്കോലങ്ങളായി മാറുമ്പോള്‍ ജാതിയുടെ ആഢ്യത്വം വിട്ടുമാറാത്ത ആളുകള്‍ പോലും തൊഴുകൈയ്യോടെ മനമുരുകി പ്രാത്ഥിക്കുന്നു. ഒരുപക്ഷേ അത് അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പുമാവാം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog