നഷ്ടമാകുന്ന പ്രകൃതി സൗന്ദര്യം തിരിച്ചുപിടിക്കാനും വിഷമുക്ത ഭക്ഷണ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനും പുത്തൻ പദ്ധതിയുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിനു കീഴിലെ എല്ലാ പഞ്ചായത്തുകളിലും 'ഹരിത ഗ്രാമം സുന്ദര ഗ്രാമം' പദ്ധതി ആസൂത്രണം ചെയ്തു. എല്ലാ വാർഡുകളും ഹരിത വാർഡുകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കൃഷിവകുപ്പ് തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഇത്തരമൊരു സംയോജിത പദ്ധതി ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ ഒൻപത് പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത ഒരു വാർഡിനെ ഹരിത വാർഡായി പ്രഖ്യാപിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക, ജൈവ കൃഷി പ്രോത്സാഹനം, മാലിന്യനിർമാർജനം, ജലസംരക്ഷണം, മണ്ണ് സംരക്ഷണം, ഓരോ വീട്ടിലും തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിവയുടെ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ എല്ലാ മേഖലയിലും സ്വയം പര്യാപ്തമാകുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.
നടുവിൽ പഞ്ചായത്തിലെ ആറാം വാർഡ്, കടന്നപ്പള്ളിയിലെ ഒന്നാം വാർഡ്, പട്ടുവം പഞ്ചായത്തിലെ 11ാം വാർഡ്, ആലക്കോട്ടെ 16ാം വാർഡ്, ചെങ്ങളായിലെ ഏഴാം വാർഡ്, കുറുമാത്തൂരിലെ ഒൻപതാം വാർഡ്, ചപ്പാരപ്പടവിലെ 17ാം വാർഡ് ഉദയഗിരിയിലെ 14ാം വാർഡ്, പരിയാരത്തെ അഞ്ചാം വാർഡ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഹരിത വാർഡാക്കുക. ഓരോ വാർഡിലും 50 വീടുകളെ ഒരു ക്ലസ്റ്ററായി തിരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഓരോ ക്ലസ്റ്ററിലും ഏഴംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവേ നടത്തി ഓരോ വീടിനും ആവശ്യമായ ഘടകങ്ങൾ കണ്ടെത്തുന്നുണ്ട്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഓരോ പഞ്ചായത്തുകൾക്കും 2,69,400 രൂപയാണ് ബ്ലോക്ക് നൽകുന്നത്. പഞ്ചായത്തുകളുടെ ആവശ്യത്തിനനുസരിച്ച് ബാക്കി തുക വിവിധ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തുകൾ കണ്ടെത്തും. ഭാവിയിൽ ഒമ്പത് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു