അറ്റകുറ്റപ്പണി ചെയ്യുന്നത് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികൾ;കൂടുതൽ തൊഴിലാളികളെ കൊണ്ട് വേഗത വരില്ല: കെഎസ്ടിപി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാപ്പിനിശ്ശേരി, താവം റെയിൽവെ മേൽപ്പാലങ്ങളുടെ അറ്റകുറ്റപണികൾ സൂക്ഷ്മതയോടെ, വളരെ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ കൊണ്ട് മാത്രമേ ചെയ്യാൻ കഴിയൂ എന്നും കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തിയതുകൊണ്ട് പ്രവൃത്തിക്ക് ഒരുവിധത്തിലും വേഗത വരുത്താൻ കഴിയില്ലെന്നും കെഎസ്ടിപി കണ്ണൂർ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
താവം മേൽപ്പാലത്തിൽ, റെയിൽവേ സ്വന്തം മേൽനോട്ടത്തിൽ പാലത്തിന് മുകളിൽ പൂർത്തീകരിച്ച സ്പാനിന്റെ ഇരുഭാഗങ്ങളിലുമുള്ള എക്‌സ്പാൻഷൻ ജോയിൻറുകൾ 2019ൽ തന്നെ ഇളകി തുടങ്ങിയിരുന്നു. ഇത് റെയിൽവേ നിർമ്മിച്ചതാണെങ്കിലും തുടർന്നുള്ള പരിപാലനം പൊതുമരാമത്ത് വകുപ്പിനാണ്. രണ്ട് എക്‌സ്പാൻഷൻ ജോയിൻറുകളും ഇളക്കിമാറ്റി പുതിയവ ഉറപ്പിക്കുന്ന പ്രവൃത്തി കോവിഡ് പ്രതിസന്ധിയും തെരഞ്ഞെടുപ്പും മൂലം വൈകിയതാണ് ഇപ്പോൾ നടന്നുവരുന്നത്. പത്മജ സ്‌പെഷാലിറ്റീസ് എറണാകുളം എന്ന കമ്പനി വഴിയാണ് പ്രവൃത്തി നടത്തുന്നത്. പാലത്തിന്റെ പ്രധാന കമ്പികളുമായി ഉറപ്പിച്ച വെൽഡിംഗ് ജോയിൻറുകൾ അതീവ സൂക്ഷ്മതയോടെ മുറിച്ചുമാറ്റി അതേ കമ്പിയിൽ തന്നെ പുതിയ ജോയിൻറുകളുടെ കാലുകൾ വെൽഡിങ് ചെയ്യുന്നത് വളരെ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെക്കൊണ്ട് വിദഗ്ധമായി ചെയ്യേണ്ടതാണ്. അതിന് ശേഷം ഉയർന്ന ഗ്രേഡിലുള്ള കോൺക്രീറ്റിൽ ജോയിൻറ് ഉറപ്പിക്കുന്നത് സൂക്ഷ്മതയോടെ ആവശ്യമായ സമയമെടുത്താണ്. നിലവിൽ പുതിയ ജോയിൻറുകൾ വെൽഡിങ് ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്.
പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ ഈ വർഷം മൂന്ന്-നാല് സ്ഥലങ്ങളിൽ ബിറ്റുമിൻ പാളിയിൽ ചെറിയ കുഴികൾ രൂപപ്പെട്ടിരുന്നത് അടച്ചുകൊണ്ടിരുന്നതാണ്. തുടർച്ചയായ മഴയും ട്രാഫിക്കും കാരണം ഇളക്കം കൂടാതെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചില്ല. അതിനാൽ, പഴയ കരാറുകാരായ ആർഡിഎസ് കമ്പനി ഇളകിയ ബിറ്റുമിൻ പാളികൾ സ്വന്തം ഉത്തരവാദിത്തത്തിൽ ആവശ്യമായ വലുപ്പത്തിലും ആകൃതിയിലും മുറിച്ചുമാറ്റി കോൺക്രീറ്റ് മേൽപ്പാളി കവറിന് കേടുപാടുണ്ടോ എന്ന് പരിശോധിച്ച് പ്രത്യേക അറ്റകുറ്റപണി നടത്തുകയാണ്. കമ്പികൾ എപോക്‌സി പ്രൈമർ കൊണ്ട് പെയിൻറ് ചെയ്ത് പഴയ കോൺക്രീറ്റ് പ്രതലത്തിൽ എപോക്‌സി പ്രൈമർ അടിച്ച് ആവശ്യമായ ക്യൂറിംഗ് സമയം കഴിഞ്ഞ് അതിന് മേലെ ആവശ്യമായ കനത്തിൽ സെൽഫ് സെറ്റിംഗ് സ്‌ക്രീഡ് കോൺക്രീറ്റ് ചെയ്ത് പിടിപ്പിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇതുകഴിഞ്ഞാൽ അതിന് മേൽ മാസ്റ്റിക് അസ്ഫാൾട്ട് ലെയർ പിടിപ്പിച്ച് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്തുപിടിപ്പിക്കും.
ഈ രണ്ട് പ്രവൃത്തികളും വിദഗ്ധരായ തൊഴിലാളികളെ കൊണ്ട് മാത്രമേ സാധിക്കൂ. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തിയതുകൊണ്ട് പ്രവൃത്തിക്ക് ഒരുവിധ വേഗതയും കിട്ടില്ല. ഈ പ്രവൃത്തികൾ വളരെ സൂക്ഷ്മതയോടെ, വിദഗ്ധ തൊഴിലാളികളെ കൊണ്ട് ഒരുവിധ ഇളക്കവുമില്ലാതെ ആവശ്യമായ ക്യൂറിംഗ് പിരിയഡ് കൊടുത്തുകൊണ്ട് നടപ്പിലാക്കേണ്ടതിനാലാണ് രണ്ട് മേൽപ്പാലങ്ങളും അടച്ച് ഗതാഗതം പൂർണമായും നിരോധിച്ച് പ്രവൃത്തി നടത്തുന്നതെന്നും എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha