
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പാഠ്യ പാഠ്യേതര രംഗത്തെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കല്ല്യാശ്ശേരി കെ പി ആര്‍ ഗോപാലന്‍ സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തിനായി നിര്‍മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ മികച്ചതായി. അക്കാദമിക നിലവാരവും പാഠ്യേതര രംഗത്തെ മികവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും. മാറുന്ന ലോകത്തിന്റെ പ്രതിഫലനമായി പൊതുവിദ്യാഭ്യാസ രംഗം മാറും. സ്‌കൂളുകളില്‍ ഗ്രൗണ്ടുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കല്യാശ്ശേരി സ്‌കൂളിന് പുതിയ ഓഡിറ്റോറിയം നിര്‍മിക്കുന്നതിനായി എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ എം വിജിന്‍ എംഎല്‍എ ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കല്യാശ്ശേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ മീറ്റ ദ സ്‌കൂള്‍ ലോഗോ മുന്‍ എംഎല്‍എ ടി വി രാജേഷിനു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. വിദ്യാര്‍ഥികള്‍ വരച്ച ഛായാചിത്രം മന്ത്രി വി ശിവന്‍കുട്ടിക്കും എം വിജിന്‍ എം എല്‍ എ ക്കും സമ്മാനിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ 2018-19 വര്‍ഷത്തെ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് കോടി രൂപ ചെലവില്‍ വിഎച്ച് എസ് ഇ കെട്ടിട സമുച്ചയം നിര്‍മിച്ചത്. ആകെ 1234.64 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ മൂന്ന് നിലകളിലായി 14 ക്ലാസ് മുറികളാണുള്ളത്. സ്റ്റാഫ് മുറിയും ടോയ്‌ലറ്റ് ബ്ലോക്കും ഉണ്ട്.
എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എം എല്‍ എ ടി വി രാജേഷ് എന്നിവര്‍ മുഖ്യാതിഥികളായി.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനീയര്‍ സി ഇ പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ സ്വപ്‌നകുമാരി, വിഎച്ച് എസ് ഇ പയ്യന്നൂര്‍ മേഖല അസി.ഡയറക്ടര്‍ എം സെല്‍വമണി, ഹയര്‍സെക്കണ്ടറി ആര്‍ഡിഡി പി വി പ്രസീത, കണ്ണൂര്‍ ഡിഡിഇ മനോജ് മണിയൂര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ ഇ സി വിനോദ്, കണ്ണൂര്‍ ഡിഇഒ കെ എ വഹീദ, പാപ്പിനിശ്ശേരി എഇഒ പി വി വിനോദ് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. കെ ഗീതാനന്ദന്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ സി സിജു, ഹെഡ്മിസ്ട്രസ് സി വി ജ്യോത്സന, പിടിഎ പ്രസിഡണ്ട് പി സജീവന്‍,അധ്യാപക-രക്ഷാകര്‍തൃ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു