നാടിനെ ഈറനണിയിച്ച് ലോറി അപകടവും മരണവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : ശനിയാഴ്ച വിളമന ഗ്രാമം ഉണർന്നത് തങ്ങൾക്ക് പ്രിയപ്പെട്ട രണ്ടുപേരുടെ ദാരുണമായ  മരണവാർത്ത അറിഞ്ഞു കൊണ്ടായിരുന്നു. മട്ടന്നൂരിൽ ഉണ്ടായ ലോറിയപകടവും മരണവും നാടിനെ ഈറനണിയിച്ചു. പലർക്കും ആ ദുരന്ത വാർത്ത  വിശ്വസിക്കാവുന്നതിനപ്പുറമായിരുന്നു . 
ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായിരുന്നു അപകടത്തിൽ മരണമടഞ്ഞ രവീന്ദ്രനും  നാട്ടുകാർ അജി എന്ന് വിളിക്കുന്ന അരുൺ വിജയനും . വിളമന അമ്പലത്തട്ടിലാണ് രവീന്ദ്രൻ താമസിക്കുന്നത്.  ഇതിന്  അടുത്ത പ്രദേശമായ ഉദയഗിരിയിലാണ് അജിയുടെ താമസം.  ചെങ്കൽ മേഖലയിൽ മൂന്നു വർഷത്തോളമായി ഇവർ ഒരുമിച്ച്  ജോലി ചെയ്തു വരികയായിരുന്നു. ഊരത്തൂർ മേഖലയിൽ നിന്നും ചെങ്കൽ കയറ്റി മാടത്തിയിലെ പെട്രോൾ പമ്പിന് സമീപം ലോറി കയറ്റിയിട്ട ശേഷം അതിരാവിലെ തലശ്ശേരി , വടകര മേഖലയിൽ എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. പുലർന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകളും  റോഡ് തടസ്സങ്ങളും ഒഴിവാക്കാമായിരുന്നു ഇത്.  പതിവ് പോലെ  വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഊരത്തൂർ  മേഖലയിൽ നിന്നും ചെങ്കൽ കയറ്റിഎത്തിയ ലോറി മാടത്തിയിൽ കയറ്റിയിട്ട ശേഷം ഇരുവരും വീട്ടിലേക്കു പോയി. ശനിയാഴ്ച പുലർച്ചെ 3 മണിയോടെ തന്റെ ബൈക്കുമായി വിളമന അമ്പലത്തട്ടിലെത്തി അജി രവീന്ദ്രനേയും കൂട്ടി മാടത്തിയിലെത്തി. ഇവിടെ നിന്നും ചെങ്കല്ലുമായി  വടകരയിലേക്കുള്ള യാത്രക്കിടെയാണ് ദാരുണമായ അപകടമുണ്ടാകുന്നത്. അജി  ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് അനുമാനം. മട്ടന്നൂരിൽ റോഡരികിലെ കെട്ടിടത്തിന്റെ ചുമരിലിടിച്ചു നിന്ന ലോറിയുടെ കാബിൻ ചുമരിനും ലോറിക്ക് പിന്നിൽ കയറ്റിയ  ചെങ്കല്ലുകൾക്കുമിടയിൽ ഞെരിഞ്ഞമർന്നു പോയി. ഇവക്കിടയിൽ പെട്ടാണ് രണ്ടുപേരും മരിച്ചത്. പുലർച്ചെ ആയിരുന്നതുകൊണ്ടുതന്നെ റോഡിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപകടം മറ്റുള്ളവർ  അറിയാൻ താമസിക്കുകയും ചെയ്തു. നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ക്രയിൻ എത്തിച്ച് ലോറി വലിച്ചു മാറ്റിയ ശേഷമാണ് ഇരുവരെയും പുറത്തെടുക്കാനായത്. 
വിളമന ബി ജെ പി മുൻ ബൂത്ത് പ്രഡിഡന്റായിരുന്ന  രവീന്ദ്രൻ  നാട്ടിൽ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രവർത്തകനുമായിരുന്നു.    ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസൻ , സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ലാ ജനറൽ സിക്രട്ടറിമാരായ എം.ആർ. സുരേഷ്, ബിജു എളക്കുഴി , മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി എന്നിവർ  , എന്നിവർ ഇരുവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 
പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകുന്നേരം 6 മണിയോടെ വിളമനയിലെത്തിച്ച മൃതദേഹം ഇവിടുത്തെ ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപത്തെ  എൻ എസ് എൻ ഡി ഹോൾ പരിസരത്ത് പൊതുദർശനത്തിന് വെച്ചു. വൻ ജനാവലിയാണ്  മൃതദേഹങ്ങൾ ഒരു നോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനും ഇവിടെ എത്തിച്ചേർന്നത്. എം എൽ എ സണ്ണി ജോസഫ്, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പായം ബാബുരാജ്  തുടങ്ങി  കോൺഗ്രസ് , സി പി എം നേതാക്കളടക്കം വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കളും ആദരാഞ്ജലികളർപ്പിക്കാൻ എത്തിച്ചേർന്നു. 
പുന്നത്താനത്ത് വിജയൻ - സുലോചന ദമ്പതികളുടെ മകനാണ് അരുൺ വിജയൻ. ഭാര്യ : ശാരി. മകൾ : കാർത്തിക (വിദ്യാർത്ഥിനി ) , സഹോദരങ്ങൾ : ഷാനോജ്‌, സ്വരാജ്. 
പരേതരായ ഗോപാലൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ് രവീന്ദ്രൻ. ഭാര്യ : ഗീത. മക്കൾ : സൂരജ് , സുരഭി. മരുമകൻ : മനു. സഹോദരങ്ങൾ : ഹരീന്ദ്രൻ, സദാനന്ദൻ , ദിവാകരൻ , രത്‌നാകരൻ, ഷാജി, ഉഷ ( വിദ്യാഭ്യാസവകുപ്പ് ഓഫീസ്  , കണ്ണൂർ ), വത്സല , പത്മാവതി, പരേതനായ വിജയൻ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha