കണ്ണൂർ ജില്ലാ ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും എമര്‍ജന്‍സി യൂണിറ്റ് പ്രവൃത്തി ഉദ്ഘാടനം നടന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 7 December 2021

കണ്ണൂർ ജില്ലാ ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും എമര്‍ജന്‍സി യൂണിറ്റ് പ്രവൃത്തി ഉദ്ഘാടനം നടന്നുജില്ലാ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും എമര്‍ജന്‍സി യൂണിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

25 വര്‍ഷം മുമ്പുള്ള ജില്ലാ ആശുപത്രിയും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വേളയിലുള്ള ജില്ലാ ആശുപത്രിയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റാത്ത അന്തരമാണുള്ളതെന്നും കണ്ണൂരിലെ ഏറ്റവും മികച്ച ആശുപത്രിയായി ഉയര്‍ന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആശുപത്രികള്‍ക്ക് കൈമാറിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചിരുന്ന ഒരു കാലം കുറച്ച് മുമ്പ് വരെ ഉണ്ടായിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തെ ദ്രുതഗതിയില്‍ മുന്നോട്ട് നയിക്കാന്‍ സഹായിച്ചത് കിഫ്ബി ആണെന്നും ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പശ്ചാത്തല വികസനത്തിന് കിഫ്ബിയില്‍ നിന്നും 100 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലായി കാണുന്നത് ആരോഗ്യ മേഖലയിലെ മുന്നേറ്റത്തിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു.

ആകെ 5.84 കോടി രൂപയുടെ പദ്ധതിയാണിത്. 42 ബെഡുകള്‍ ഉള്ള പീഡിയാട്രിക് കെയര്‍ യൂണിറ്റാണ് നിര്‍മ്മിക്കുന്നത്. അതില്‍ 30 എണ്ണം ഓക്‌സിജന്‍ സംവിധാനമുള്ള സാധാരണ ബെഡുകളും 12 ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റുമാണ്. അഞ്ചു ഐ സി യു ബെഡും ഇതിനോടൊപ്പം ഉണ്ട്. എന്‍ എച്ച് എം ന്റെ കൊവിഡ് രണ്ടാം ഘട്ട പാക്കേജിലെ മൂന്നു കോടി രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇവ ലഭ്യമാക്കുക.

സിവില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് രണ്ടു കോടി രൂപയാണ് നല്‍കിയത്. എന്‍ എച്ച് എമ്മിന്റെ കൊവിഡ് രണ്ടാം ഘട്ട പാക്കേജില്‍ നിന്ന് 84 ലക്ഷം രൂപയും വിനിയോഗിക്കും. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണച്ചുമതല.
ജില്ലാ ആശുപത്രി ട്രോമാകെയര്‍ പരിസരത്ത് നടന്ന പരിപാടിയില്‍ മികച്ച കൊവിഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലാ ആശുപത്രിയെയും ഐആര്‍പിസിയെയും ജില്ലാ പഞ്ചായത്ത് ഉപഹാരം നല്‍കി ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ പി കെ രാജീവന്‍ മന്ത്രിയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി. ഐആര്‍പിസിക്കുള്ള ഉപഹാരം മുന്‍ എംഎല്‍എ എം പ്രകാശന്‍ മാസ്റ്റര്‍ ഏറ്റു വാങ്ങി. കൊവിഡ് വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.

രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ കെ കെ രത്‌നകുമാരി, വി കെ സുരേഷ്ബാബു, യു പി ശോഭ, ടി സരള, അംഗം തോമസ് വക്കത്താനം, എന്‍ പി ശ്രീധരന്‍, സെക്രട്ടറി വി ചന്ദ്രന്‍, ഡിഎംഒ(ആരോഗ്യം) ഡോ കെ നാരായണ നായക്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog