ഇരിട്ടി പഴയ പാലം സംരക്ഷണം; പ്രഖ്യാപനം നടപ്പായില്ല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 1 November 2021

ഇരിട്ടി പഴയ പാലം സംരക്ഷണം; പ്രഖ്യാപനം നടപ്പായില്ല


ഇരിട്ടി: ഇരിട്ടിയിൽ പുതിയ പാലം യാഥാർഥ്യമാകുമ്പോൾ പഴയ പാലം പൈതൃകസ്മാരകമായി സംരക്ഷിക്കുമെന്ന പൊതുമരാമത്തുവകുപ്പിന്റെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. കെ.എസ്.ടി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുമെന്നായിരുന്നു പുതിയ പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്താനെത്തിയ അന്നത്തെ പൊതുമരാമത്ത് മന്ത്രി മേഖലയിലെ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും നല്കിയ വാഗ്ദാനം.

പഴയ പാലത്തിന്റെ ചരിത്രപ്രാധാന്യവും നിർമാണരീതിയും പുതുതലമുറയ്ക്ക് പാഠമാകുന്ന വിധത്തിൽ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം. ബ്രിട്ടീഷ് ഭരണകാലത്ത് വ്യാപാര ആവശ്യങ്ങൾക്കായി പണിത പാലം കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ചാണ് ഒരു പോറലും ഏൽക്കാതെ നിലനില്ക്കുന്നത്. 1935-ലാണ് പാലം നിർമിച്ചത്.

പാലം പൈതൃകമായി സംരക്ഷിക്കുന്നതിനായി അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്തുവകുപ്പ് പാലങ്ങളുടെ നിർമാണവിഭാഗത്തിന് കെ.എസ്.ടി.പി. നിർദേശം നൽകിയിരുന്നു. എന്നാൽ, പത്തുമാസം കഴിഞ്ഞെങ്കിലും നടപടിയുണ്ടായില്ല.

86 വർഷം പിന്നിട്ട പാലത്തിലൂടെയാണ് ഇപ്പോഴും ബസുകളും ഭാരംകയറ്റിയ വാഹനങ്ങളും ഒരു ഭാഗത്തേക്ക് സ്ഥിരമായി യാത്രചെയ്യുന്നത്‌. ഇരിട്ടിയിൽനിന്നും ഉളിക്കൽ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പഴയ പാലം വഴിയാണ് പോകുന്നത്. കാലാകാലം ചെയ്യേണ്ട ചെറിയ അറ്റകുറ്റപ്പണി പോലും നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പഴയ പാലങ്ങൾ പൈതൃക ടൂറിസംകേന്ദ്രങ്ങളാക്കി സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുമെന്ന് ടൂറിസം മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആർച്ച് രൂപത്തിലുള്ള പഴയ പാലം ഇത്തരം പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണ്.

മൂന്ന് സ്പാനുകളിലായി പണിത പാലത്തിന്റെ മേൽക്കൂര വലിയ വാഹനങ്ങൾ ഇടിച്ചുതകർത്തിട്ടുണ്ട്. മേൽക്കൂരയാണ് പാലത്തിന്റെ ഭാരം ക്രമീകരിക്കുന്നത്. അപകടാവസ്ഥയിലായ ഭാഗങ്ങൾ ബലപ്പെടുത്തി പെയിന്റിങ് ഉൾപ്പെടെ നടത്തി മലയോരത്തിന്റെ പൈതൃകപ്രതീകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog