പണിത് പണിത് കമ്പനിയുടെ ഗോഡൗണായി; കാരപറമ്പ് ഗവ.എല്‍.പിയില്‍ മാത്രം ഇന്ന് കുട്ടികളെത്തിയില്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോഴിക്കോട്: സംസ്ഥാനത്തെ കുട്ടികളെല്ലാം നീണ്ട ഇടവേള കഴിഞ്ഞ് വീണ്ടും സ്കൂളുകളിൽ തിരിച്ചെത്തിയപ്പോൾ പണിത് പണിത് ഒരു സ്‌കൂള്‍ പണിതുടങ്ങിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഗോഡൗണ്‍ ആയി മാറിയ കഥയാണ് കോഴിക്കോട് കാരപറമ്പിലെ ഗവ.എല്‍.പി സ്‌കൂളിന് പറയാനുള്ളത്. ഇന്ന് പ്രവേശനോത്സവമായിരുന്നുവെങ്കിലും കെട്ടിടം പണി തീരാത്ത് കൊണ്ട് ഇവിടെ മാത്രം കുട്ടികള്‍ എത്തിയില്ല. 2018 മേയ് എട്ടിന് നിര്‍മാണമാരംഭിച്ച് എട്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, 2021 ഒക്ടോബര്‍ പിന്നിട്ടിട്ടും ഫണ്ടില്ലെന്ന കാരണത്താല്‍ തുടര്‍നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്.

പണിതീര്‍ന്ന ക്ലാസ് മുറിയാകട്ടെ, കെട്ടിടനിര്‍മാണത്തിന് ചുമതലപ്പെട്ട സ്ഥാപനത്തിന്റെ സൈറ്റ് ഓഫീസും തൊഴിലാളികളുടെ താമസസ്ഥലവും ഗോഡൗണുമൊക്കെയായി തുടരുകയാണെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസ് പറഞ്ഞു. മൂന്നുവര്‍ഷമായിട്ടും സ്‌കൂള്‍വളപ്പ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് സജ്ജമാക്കിയിട്ടില്ല. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോട കുട്ടികളെ കാരപറമ്പ് ഹൈസ്‌കൂളിലേക്ക് മാറ്റിയെന്നാണ് അറിയുന്നതെന്നും കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ പണി പൂര്‍ത്തിയാക്കുന്നതിന് പകരം ഇവിടെ കെട്ടിടനിര്‍മാണത്തൊഴിലാളികളുടെയും ഈ സ്ഥാപനത്തിന്റെയും വാഹനങ്ങള്‍ സൂക്ഷിക്കാനും മറ്റു നിര്‍മാണസ്ഥലങ്ങളിലേക്കുള്ള അസംസ്‌കൃതവസ്തുക്കളും പണിയായുധങ്ങളും എത്തിക്കാനുമുള്ള സ്ഥലമാക്കിമാറ്റിയിരിക്കുകയാണ്. ഗ്യാസ് സിലിന്‍ഡറുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

കുട്ടികള്‍ക്ക് ഒരുവിധത്തിലും സുരക്ഷിതമല്ലാത്തരീതിയിലാണ് നിലവില്‍ സ്‌കൂള്‍മൈതാനവും ക്ലാസ്മുറികളുമുള്ളത്. ഏതുസമയത്തും ഇടതടവില്ലാതെ വാഹനങ്ങള്‍പോകുന്ന പ്രധാന ബൈപ്പാസ് റോഡും ഈ സ്‌കൂളിന്റെ പ്രവേശനകവാടത്തിന് മുന്നിലുണ്ട്. സുരക്ഷിതമായ മതിലും കവാടവുമില്ല. കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടില്ല.

നാല് ക്ലാസ്മുറികളും ഒരു മള്‍ട്ടിമീഡിയ ക്ലാസ്മുറിയും പ്രധാനാധ്യാപകനുള്ള ഓഫീസ് മുറിയും മറ്റ് അധ്യാപകര്‍ക്കുള്ള മുറിയും ഉള്‍പ്പെടെ ഏഴുമുറികളുള്ള കെട്ടിടം പണിയാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോള്‍ പണി തീര്‍ന്നത് മൂന്നുമുറികള്‍ മാത്രമാണ്. അധ്യാപകര്‍ക്കുള്ള മുറി, മള്‍ട്ടിമീഡിയ ക്ലാസ് മുറി, ഒരു സാധാരണ ക്ലാസ് മുറി എന്നിവയാണ് പൂര്‍ത്തിയായത്. ഇതാണ് കമ്പനിയുടെ ഓഫീസാക്കി മാറ്റിയത്. 

പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളോ വാതിലുകളോ നിലവിലില്ല. കെട്ടിടത്തിന്റെ ഒരുമുറി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ തുറന്ന് സ്‌കൂള്‍ഫര്‍ണിച്ചറും ഭക്ഷണനിര്‍മാണത്തിനുള്ള പാത്രങ്ങളും കസേരകളും സൂക്ഷിച്ചിട്ടുണ്ട്. എല്‍.കെ.ജി., യു.കെ.ജി. വിഭാഗങ്ങളിലായി 60 കുട്ടികളും ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലായി 45 കുട്ടികളുമാണ് ഇവിടെ പഠിക്കാനുള്ളത്.

കോര്‍പ്പറേഷന്‍ വിഹിതം, സ്ഥലം എം.എല്‍.എ.യുടെയും വിദ്യാഭ്യാസവകുപ്പിന്റെയും ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് സ്‌കൂളിന്റെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. സ്‌കൂള്‍ കോഡ് മാറിപ്പോയത് കൊണ്ട് കിഫ്ബി ഫണ്ട് കിട്ടിയില്ലെന്നാണ് എല്‍.എല്‍.എ പറയുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇന്ന് എല്ലായിടത്തും  സ്‌കൂള്‍ തറുന്നുവെങ്കിലും കാരപറമ്പ് എല്‍.പി.യില്‍ സ്‌കൂള്‍ തുറക്കാത്തതോടെ ബിജെപി പ്രതിഷേധവുമായി എത്തി. സ്‌കൂള്‍ തുറക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. 

കെട്ടിടനിര്‍മാണത്തിന് ഇതുവരെയായി പൊതുമരാമത്തുവകുപ്പ് 39,02,657 ലക്ഷം രൂപയും കോര്‍പ്പറേഷന്‍ 49,63,393 രൂപയും ചെലവഴിച്ചു. മൊത്തം 88,66,050 രൂപ ചെലവഴിച്ചിട്ടും കെട്ടിടംപണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്. ബാത്ത് റൂം നിര്‍മാണവും പ്ലംബിങ്ങുമായി ബന്ധപ്പെട്ട് ആറുലക്ഷം രൂപകൂടി വീണ്ടും കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുണ്ട്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha