
തിരുവനന്തപുരം: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും കടയ്ക്കാവൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ തുമ്പ സെന്റ് സേവ്യേഴ്‌സിന് സമീപം മേനംകുളം പുതുവല്‍ പുരയിടം വീട്ടില്‍ ലിയോണ്‍ ജോണ്‍സന്‍ എന്ന അജിത്ത് (29), കഴക്കൂട്ടം, കിഴക്കുംഭാഗം നേതാജി ലൈനില്‍ എസ്.എല്‍ ഭവനില്‍ വിജീഷ് എന്ന സാത്തി സന്തോഷ് (34), പാറശ്ശാല, എടക്കോട് മലൈകോട് തട്ടാന്‍വിളാകം വീട്ടില്‍ വിഷ്ണു(21 ) എന്നിവരാണ് കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് അറസ്റ്റിലായത്. ഇവരില്‍ നിന്ന് പത്ത് ഗ്രാം എം.ഡി.എം.എ യും കണ്ടെടുത്തു.
മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് കച്ചവടം, വധശ്രമം അടക്കമുള്ള അനവധി കേസുകളിലെ പ്രതിയാണ് സംഘത്തിലെ പ്രധാനിയായ ലിയോണ്‍ ജോണ്‍സണ്‍. കഴക്കൂട്ടം, തുമ്പ, മണ്ണന്തല, കഠിനംകുളം, വിഴിഞ്ഞം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. വാടകവീടെടുത്ത് ലഹരിമരുന്ന് കച്ചവടം ചെയ്തിരുന്ന ഇയാളെ ആറ് മാസം മുമ്പ് കഠിനംകുളം പോലീസ് എം.ഡി.എം.എയും നാടന്‍ ബോംബുകളുമായി പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങി ഇയാള്‍ വീണ്ടും ലഹരിമരുന്ന് കച്ചവടം തുടരുകയായിരുന്നു.
ബാംഗ്ലൂരില്‍നിന്നാണ് ഇയാള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഗുണ്ടാവിരുദ്ധ നിയമ പ്രകാരം കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് നേരത്തേ ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിടിയിലായ മറ്റൊരു പ്രതിയായ വിജീഷ് ദേശീയപാതയില്‍ പള്ളിപ്പുറത്ത് വെച്ച് സ്വര്‍ണവ്യാപാരിയുടെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസ്സിലെ പ്രധാനപ്രതിയാണ്. കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവില്‍ ഉണ്ട്.
കടയ്ക്കാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി.അജേഷ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ ദിപു എസ്.എസ്., എ.എസ്.ഐ ശ്രീകുമാര്‍ തിരു: റൂറല്‍ ഡാന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ഫിറോസ്ഖാന്‍ , എ.എസ്.ഐ മാരായ ബി.ദിലീപ്, ആര്‍.ബിജുകുമാര്‍ സി.പി.ഒ മാരായ ഷിജു, സുനില്‍രാജ് എന്നിവരുടെ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു