മരംമുറി വിവാദം; മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വിമര്‍ശനവുമായി പി.സി ചാക്കോ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 7 November 2021

മരംമുറി വിവാദം; മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വിമര്‍ശനവുമായി പി.സി ചാക്കോ


uploads/news/2021/11/524803/pc chako.jpg

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് തമിഴ്‌നാടിന് മരം മുറിക്കാന്‍ അനുവാദം നല്‍കിയതില്‍ വിമര്‍ശനവുമായി എന്‍.സി.പി രംഗത്ത്. സംസ്ഥാന സര്‍ക്കാരിനെതിരേയാണ് എന്‍.സി.പി അധ്യക്ഷന്‍ പി.സി ചാക്കോയുടെ വിമര്‍ശനം.

മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്നും, വനംവകുപ്പ് മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നുമാണ് ചാക്കോയുടെ വിമര്‍ശനം.

വകുപ്പ് മന്ത്രിയായ താന്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാവിലെ പ്രതികരിച്ചിരുന്നു. മന്ത്രിപോലും അറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പി.സി ചാക്കോ പ്രതികരിച്ചത്.

അതേസമയം, തനിക്ക് ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ ഗൗരവസ്വഭാവമുള്ള കാര്യത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇനിയും ലഭിച്ചിട്ടില്ല. തമിഴ്‌നാട് മരം മുറിച്ച് തുടങ്ങിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അനുമതി കൊടുത്താല്‍ അവര്‍ മുറിക്കുമല്ലോ എന്നാണ് മന്ത്രി പ്രതികരിച്ചത്. ആലുവ ഗസ്റ്റ്ഹൗസില്‍ എന്‍സിപി അധ്യക്ഷന്‍ പി.സി ചാക്കോയുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതേസമയം, മരംമുറിക്കല്‍ ഉള്‍പ്പെടെയുള്ള ഒരു നടപടിയും തമിഴ്‌നാട് ആരംഭിച്ചിട്ടില്ല. അനുമതി കിട്ടിയെന്ന് തമിഴ്‌നാട് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളം അനുമതി നല്‍കി എന്ന കാര്യവും ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog