കാലില്ലാത്തവര്‍ക്ക് താങ്ങാവാന്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാലില്ലാത്തവര്‍ക്ക് താങ്ങാവാന്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍

കണ്ണൂർ : ജീവിതയാത്രയില്‍ പലകാരണങ്ങളാല്‍ കാല് മുറിച്ച് മാറ്റേണ്ടി വന്ന ഒരു പിടി മനുഷ്യര്‍ക്ക് താങ്ങാവുകയാണ് കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിത കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍. കൃത്രിമ കാല്‍ നിര്‍മ്മാണ വിതരണ ക്യാമ്പിലൂടെ കാലില്ലാത്ത 30 പേര്‍ക്കാണ കോളേജിലെ എന്‍എസ്എസ് യൂണിറ്റ് കൃത്രിമ കാല് നല്‍കുന്നത്. ക്യാമ്പിന്റെ ഭാഗമായി കാലിന്റെ അളവെടുപ്പ് കോളേജില്‍ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം കെ വി സുമേഷ് എംഎല്‍എ നിര്‍വ്വഹിച്ചു.

മുപ്പതു പേരില്‍ എട്ടു പേര്‍ വനിതകളാണ്. ഇരു കാലുകള്‍ നഷ്ടപ്പെട്ട രണ്ടു പേരുണ്ട് കൂട്ടത്തില്‍. എന്‍എസ്എസ് ക്യാമ്പുകളുടെ പതിവ് ശൈലിയിലുള്ള വഴിവെട്ടല്‍, ശുചീകരണം തുടങ്ങിയവ ശ്രമദാനങ്ങളില്‍ നിന്നും മാറി കൂടുതല്‍ പ്രയോജനകരവും വ്യത്യസ്തവുമായ വല്ലതും ചെയ്യണമെന്ന ആലോചനയില്‍ നിന്നാണ് കാലില്ലാത്തവര്‍ക്ക് കൃത്രിമകാല്‍ നല്‍കണമെന്ന ആശയം വളണ്ടിയര്‍മാരില്‍ നിന്നുമുയര്‍ന്നത്. അതിന്റെ ഭാഗമായി 2018-19 ല്‍ 50 പേര്‍ക്ക് കൃത്രിമകാല്‍ നല്‍കിയിരുന്നു. പിന്നീട് പലരും കോളേജിലേക്ക് സഹായം അഭ്യര്‍ഥിച്ചു വിളിക്കാന്‍ തുടങ്ങിയതോടെയാണ് ഈ വര്‍ഷവും പദ്ധതിയുമായി മുന്നോട്ട് പോവാന്‍ എന്‍എസ്എസ് യൂണിറ്റ് തീരുമാനിച്ചത്.


പത്രത്തില്‍ പരസ്യം നല്‍കിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. സഹായ അഭ്യര്‍ഥനയുമായി എത്തുന്നവരില്‍ പലരും സാമ്പത്തികമായി വളരെ പിന്നോക്കമുള്ളവരാണ്. കൂടുതല്‍ പേരുടെയും കാലുകള്‍ കാന്‍സറോ പ്രമേഹമോ കാരണം മുറിച്ചു മാറ്റിയതാണ്. കാസര്‍കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. കാന്‍സര്‍ കാരണം കാല്‍ മുറിച്ചു മാറ്റേണ്ടി വന്ന പത്താംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞത്. രജിസ്റ്റര്‍ ചെയ്ത 50 പേരില്‍ 20 പേര്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ക്യാമ്പില്‍ വരാനായില്ല. അവരുടെ വീട്ടില്‍ പോയി അളവെടുക്കാനുള്ള കാര്യം ആലോചിക്കുന്നുണ്ടെന്ന് കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ് ബി പ്രസാദ് പറഞ്ഞു. ക്യാമ്പില്‍ എത്തുന്നവര്‍ക്കുള്ള ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത്.

വിദ്യാര്‍ഥികള്‍ 20 രൂപയുടെ കൂപ്പണുകള്‍ വിതരണം ചെയ്തും അധ്യാപകര്‍ 2500 രൂപ വീതം നല്‍കിയുമാണ് കൃത്രിമകാല്‍ നല്‍കുന്നതിനുള്ള തുക കണ്ടത്തിയിരിക്കുന്നത്. വരും വര്‍ഷങ്ങളിലും പദ്ധതി തുടരാനാണ് എന്‍എസ്എസ് യൂണിറ്റിന്റെ ലക്ഷ്യം. ഡിസംബര്‍ അഞ്ച് വരെയാണ് ക്യാമ്പ്. നിലവില്‍ ഉള്ളവര്‍ക്ക് പുറമെ പുതുതായി സഹായം അഭ്യര്‍ഥിച്ചു വരുന്നവര്‍ക്കും ഈ കാലയളവില്‍ കൃത്രിമ കാല്‍ നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഡിസംബര്‍ നാലിന് കൃത്രിമകാലുപയോഗിച്ച് നടക്കാനുള്ള പരിശീലനം നല്‍കും. ഡിസംബര്‍ അഞ്ചിന് വിതരണം ചെയ്യും. തൃശൂര്‍ റീഹാബ് സെന്ററാണ് കാലുകള്‍ നിര്‍മ്മിക്കുന്നത്.

കോര്‍പ്പറേഷന്‍ ക്ഷേമകാര്യകമ്മിറ്റി അധ്യക്ഷ പി ഷമീമ ടീച്ചര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, കെഎംഎം ഗവ.വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സി പി സന്തോഷ്, വൈസ് പ്രിന്‍സിപ്പല്‍ ഷാഹുല്‍ ഹമീദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ് ബി പ്രസാദ്, എന്‍എസ്എസ് ജനറല്‍ ലീഡര്‍ ഫിദ ഫര്‍ഹ ഖാലിദ് എന്നിവര്‍ പങ്കെടുത്തു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha