കക്കയം ഹൈഡൽ ടൂറിസം പദ്ധതിയിൽ നിന്ന് പിരിച്ചുവിട്ട ആദിവാസികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 November 2021

കക്കയം ഹൈഡൽ ടൂറിസം പദ്ധതിയിൽ നിന്ന് പിരിച്ചുവിട്ട ആദിവാസികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം


കക്കയം ഹൈഡൽ ടൂറിസം പദ്ധതിയിൽ നിന്ന് പിരിച്ചുവിട്ട ആദിവാസികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

കോഴിക്കോട്: കക്കയം ഹൈഡൽ ടൂറിസം പദ്ധതിയിൽ നിന്ന് പിരിച്ചുവിട്ട ആദിവാസികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. യാതൊരു കാരണവുമില്ലാതെയാണ് തങ്ങളെ ഒഴിവാക്കുന്നതെന്നാണ് കക്കയം അമ്പലക്കുന്ന് കോളനി നിവാസികളുടെ പരാതി. എന്നാൽ തുടർച്ചയായി ജോലിക്കെത്താത്ത താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. മലയോര മേഖലയിലെ ടൂറിസം പദ്ധതിയായ കക്കയം ഹൈഡൽ ടൂറിസത്തിൽ തുടക്കം മുതലേ അമ്പലക്കുന്ന് ആദിവാസി കോളനി നിവാസികൾക്ക് താത്കാലികാടിസ്ഥാനത്തിൽ ജോലി നൽകിയിരുന്നു.എന്നാൽ വിവിധ കാരണങ്ങളാൽ പലപ്പോഴായി ഇവരെ ഒഴിവാക്കിയെന്നാണ് പരാതി. ഒഴിവാക്കപ്പെടുന്നവർക്ക് പകരം ആദിവാസികളല്ലാത്തവരെ നിയമിക്കുന്നുവെന്നും ഇവർ പറയുന്നു.

വർഷങ്ങളായി സ്വീപ്പർ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന ശാരദയെ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഭർത്താവ് മരിച്ചതിനെ തുടർന്ന് അവധിയിൽ പോയ ശാരദ, ശമ്പളം മുടങ്ങിയപ്പോൾ അന്വേഷിച്ചപ്പോഴാണ് ജോലി നഷ്ടമായ വിവരം അറിയുന്നത്. ആദിവാസി വിഭാഗത്തോട് ഹൈഡൽ ടൂറിസം അധികൃതർ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്നും പരാതിയുണ്ട്. അകാരണമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും വരെ സമരത്തിനൊരുങ്ങുകയാണ് ദളിത് - ആദിവാസി സംരക്ഷണ സമിതി. എന്നാൽ കൃത്യമായി ജോലിക്കെത്താത്തതിനെ തുടർന്നാണ് നടപടിയെടുത്തതെന്നും മറിച്ചുളള ആരോപണങ്ങൾ ശരിയല്ലെന്നും ഹൈഡൽ ടൂറിസം അധികൃതർ വ്യക്തമാക്കുന്നു. സാങ്കേതിത പ്രശ്നത്തിന്‍റെ പേരിൽ മാത്രമാണ് ശാരദയെ പിരിച്ചുവിട്ടതെന്നും അവരോട് ജോലിയിൽ തുടരാൻ നിർദ്ദേശം നൽകിയെന്നും അധികൃതർ പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog