ഇത്തിരി നേരം ഒത്തിരി കാര്യം; കുട്ടികളുമായി സംവദിച്ച് ജില്ലാ കലക്ടര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 18 November 2021

ഇത്തിരി നേരം ഒത്തിരി കാര്യം; കുട്ടികളുമായി സംവദിച്ച് ജില്ലാ കലക്ടര്‍

വിദ്യാര്‍ഥികളില്‍ പലരുടെയും സ്വപ്‌നമാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്. അതിനുള്ള വഴികള്‍ തിരയവേ ഒരു ഐഎഎസ് ഉദ്യോഗസ്ഥനുമായി സംവദിക്കാന്‍ സാധിച്ചാലോ? അതും സ്വന്തം ജില്ലാ കലക്ടര്‍ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അത്തരമൊരു സന്തോഷത്തിലും അഭിമാനത്തിലുമായിരുന്നു അവര്‍. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 24 എന്‍ എസ്എസ് വളണ്ടിയര്‍മാര്‍. ശിശുദിന ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ചൈല്‍ഡ് ലൈന്‍ ഒരുക്കിയ ‘ഇത്തിരി നേരം ഒത്തിരി കാര്യം’ പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറെ കണ്ടത്. കുട്ടികളുടെ അവകാശങ്ങള്‍ മുതല്‍, കരിയര്‍ കെട്ടിപ്പടുക്കുന്നത്, ലഹരി മരുന്ന് വ്യാപനം, മാലിന്യ സംസ്‌കരണം, നടപ്പാതയിലെ വാഹന പാര്‍ക്കിംഗ് തുടങ്ങി ഒരു പിടി ചോദ്യങ്ങളുമായി കിട്ടിയ അവസരം  അവര്‍ ഒട്ടും പാഴാക്കിയില്ല. കുട്ടികള്‍ അണിയിച്ച ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ബാന്‍ഡ് സ്വീകരിച്ചാണ് കലക്ടര്‍ കുട്ടികളുമായി സംവദിച്ചത്.

ഐഎഎസ് നേടാനുള്ള തയ്യാറെടുപ്പുകള്‍ എന്തെല്ലാമെന്ന കുട്ടികളുടെ ചോദ്യത്തിന് ലക്ഷ്യബോധവും കഠിനാധ്വാനവുമുണ്ടെങ്കില്‍ വളരെയെളുപ്പം സിവില്‍ സര്‍വ്വീസ് നേടാമെന്നായിരുന്നു കലക്ടറുടെ മറുപടി. ജനങ്ങളെ സേവിക്കാനുള്ള അവസരമായിട്ടാണ് കലക്ടര്‍ പദവിയെ കാണുന്നതെന്നും, ടീച്ചര്‍മാരുടെയും, സുഹൃത്തുകളുടെയും, മാതാപിതാക്കളുടെയും പിന്തുണ കൂടി തന്റെ ഈ ലക്ഷ്യത്തിനു പിറകില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളോടും സുഹൃത്തുക്കളോടും അധ്യാപകരോടും തുറന്ന ആശയവിനിമയത്തിന് കുട്ടികള്‍ തയ്യാറാവണം. എങ്കില്‍ മാത്രമെ എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കുവാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം പോലുള്ള വലിയ വിപത്തുകളിലേക്ക് കുട്ടികളെത്തുന്നത് അതിനെക്കുറിച്ച് അറിയാനുള്ള അവരുടെ ആകാംഷ കൊണ്ടാണ്. ഇതിന് സ്വയം നിയന്ത്രണം വേണം. ഭാവിയെ കുറിച്ച് ലക്ഷ്യബോധവും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കൃത്യമായ അവബോധവുമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള അപകടങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ കഴിയും. ജീവിത ലക്ഷ്യത്തെ കുറിച്ച് നിരന്തരം സ്വപ്‌നം കാണണം. അതിന് വേണ്ടി പ്രവര്‍ത്തിക്കണം അപ്പോള്‍ മറ്റൊരു ലഹരിക്കും ജീവിതത്തില്‍ ഇടമുണ്ടാവില്ല കലക്ടര്‍ പറഞ്ഞു. കുട്ടികളുമായുള്ള സംവാദത്തിനിടയില്‍ ആകസ്മികമായി ഔദ്യോഗിക ആവശ്യത്തിനായി ഏഴിമല നേവല്‍ കമാണ്ടന്റ് ദര്‍ബാറ സിംഗ് എത്തിയത് കുട്ടികള്‍ക്ക് ഇരട്ടി സന്തോഷമായി. അദ്ദേഹവുമായും കുട്ടികള്‍ ആശയവിനിമയം നടത്തി. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ജില്ലാ ജഡ്ജ് ആര്‍ എല്‍ ബൈജു, എന്നിവരുമായും കുട്ടികള്‍ സംവദിച്ചു. ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓഡിനേറ്റര്‍ അമല്‍ജിത്ത് തോമസിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ സന്ദര്‍ശനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog