ഇരിട്ടി ഹൈസ്‌ക്കൂൾ സൊസൈറ്റി മുൻ മാനേജ്‌മെന്റിന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 31 October 2021

ഇരിട്ടി ഹൈസ്‌ക്കൂൾ സൊസൈറ്റി മുൻ മാനേജ്‌മെന്റിന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണം
ഇരിട്ടി: ഇരിട്ടി ഹൈസ്‌കൂൾ സൊസൈറ്റി മുൻ മാനേജ്‌മെന്റിന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്നും സ്‌ക്കൂളിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം മാനേജ്‌മെന്റുകൾ തമ്മിലുള്ള തർക്കം ആണെന്ന പി ടി എയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും സ്‌ക്കൂൾ  സൊസൈറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. മുൻ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറിയും  അധികാരദുർവിനിയോഗവുമാണ് സ്‌കൂളിന്റെ   ശോചനീയാവസ്ഥയ്ക്ക്  കാരണം. ഇതു മറച്ചു വെച്ച്  മുൻ മാനേജരെ സഹായിക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ്   പി ടി എ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം ഉന്നയിക്കുന്ന ആവശ്യങ്ങൾ തന്നെയാണ് പി ടി എ കമ്മിറ്റി ഇപ്പോഴും ഉന്നയിക്കുന്നത്. ഇതിൽ ഒന്നു പോലും മുൻ മാനേജ്‌മെന്റ് ഇതുവരെ നടപ്പാക്കിയിട്ടില്ല.
ജല അതോറിറ്റി സ്‌കൂളിന്റെ 25 സെന്റ് സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി കിട്ടിയ 14,30,000  രൂപ മുൻ മാനേജ്‌മെന്റ് ഭാരവാഹികൾ ബാങ്കിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. മുൻമാനേജറുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പിരിച്ചു വിട്ട് സ്‌ക്കൂളിന്റെ ഭരണം ഡി പി ഐ തലശേരി വിദ്യാഭ്യാസ ജില്ല ഓഫീസർക്ക് കൈമാറിയതിന് ശേഷമാണ് സൊസൈറ്റിയുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചത്. ഇത് നിയമ വിധേയല്ലെന്ന് കാണിച്ച് നൽകിയ പരാതിയിൽ സൊസൈറ്റിയുടെ അക്കൗണ്ടിൽ നിന്നും ക്രമപ്രകാരമല്ലാതെ പിൻ വലിച്ച പണം തിരിച്ചടക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. സ്‌ക്കൂളിന്റെ  നിലവിലുള്ള  അവസ്ഥയ്ക്ക് പോംവഴി സർക്കാർ ഏറ്റെടുക്കുകയല്ല. മറിച്ച് ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന പുതിയ ഭരണസമിതിയെ അംഗീകരിച്ച് എത്രയും പെട്ടെന്ന് വിദ്യാഭ്യാസ ജില്ലാ ഓഫീസർ അധികാരം ഭരണസമിതിക്ക് കൈമാറുകയാണ് ചെയ്യേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു.  ഡോ. അബ്ദുൽ റഹ്മാൻ പൊയിലൻ, സെക്രട്ടറി കെ. ടി. അനൂപ്, ഖജാൻജി  കെ. ടി. ജയപ്രകാശ്, എൻ. പി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog