സ്ഥിതി മാറുകയാണ്; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്തമായിട്ടുണ്ട് - മുഖ്യമന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ടെന്നും നാളെ മുതൽ സ്ഥിതി മാറുകയാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

അധ്യായനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണ്.

നിലവിൽ സംസ്ഥാനത്ത് കോവിഡ് പുതിയ കേസുകളുടേയും ചികിത്സയിൽ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.

സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവപ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കേണ്ടതുണ്ട്. പ്രധാന നിർദ്ദേശങ്ങൾ വിദ്യാലയങ്ങളിലേയ്ക്കും അവിടെ നിന്നും രക്ഷിതാക്കളിലേയ്ക്കും കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകള്‍ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍  നേരത്തെ തന്നെ സ്കൂള്‍തലത്തില്‍ ആസൂത്രണം നടത്തി മുന്നൊരുക്കങ്ങള്‍ കൈക്കൊണ്ടിരുന്നു. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാനെടുത്ത തീരുമാനങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി നടപ്പിലാക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് മന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.

ഇത്തരം മഹാമാരിയെ പ്രതിരോധിച്ചുകൊണ്ട് അധ്യയനം നടത്തിയ മുന്‍പരിചയം നമുക്കില്ല. ആ സാഹചര്യം മനസിലാക്കിയാവണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്കായുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടത് എന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. വാക്സിന്‍ എടുക്കാതെ മാറി നില്‍ക്കുന്നവരുണ്ടെങ്കില്‍ ബോധവല്‍ക്കരണം നടത്തി വാക്സിനേഷൻ വിധേയരാക്കണമെന്ന് മന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികള്‍ നടപ്പിലാക്കാനുള്ള സൗകര്യവും ഒരുക്കുവാനും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്കൂളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്ന് മന്ത്രി വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha