സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 28 October 2021

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറ‍ഞ്ച് അലർട്ട്. ഇന്ന് കണ്ണൂരും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കൻ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാൻ സധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

നിലവിൽ ശ്രീലങ്കൻ തീരത്തുള്ള ന്യൂനമർദ്ദം പടിഞ്ഞാറൻ ദിശയിൽ സ‍ഞ്ചരിച്ച് കന്യാകുമാരി കടന്ന് അറബിക്കടലില്‍ എത്തുെമെന്നാണ് നിഗമനം. ഇതിനാൽ അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മധ്യ,തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. 

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി. സ്പിൽവേ ഗേറ്റ് നാളെ രാവിലെ ഏഴു മണിക്ക് ഉയര്‍ത്തുന്നതിനാൽ മന്ത്രിമാരുടെ അധ്യക്ഷതയിൽ വൈകിട്ട് തേക്കടിയിൽ ഉന്നതതല യോഗം ചേരും. പെരിയാർ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് വീടുകളിലെത്തി റവന്യൂവകുപ്പ് നിർദ്ദേശം നൽകി. 2018 ൽ ഇത്തരത്തിലുള്ള യാതൊരു മുന്നറിയിപ്പും നൽകാതെ പുലർച്ചെ മൂന്ന് മണിക്കാണ് ഷട്ടറുകൾ തുറന്നത്. അതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കൃത്യമായി മുന്നറിയിപ്പ് നൽകി. 

ഏഴുമണിക്ക് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയാൽ 30 മിനിറ്റുകൊണ്ട് വള്ളക്കടവിൽ വെള്ളമെത്തും. മഞ്ചുമല ആറ്റോരം, വണ്ടിപ്പെരിയാർ, മ്ലാമല, തേങ്ങാക്കൽ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻ കോവിൽ വഴി ഏകദേശം മൂന്നു മണിക്കൂര്‍ കൊണ്ട് ഇടുക്കി അണക്കെട്ടിലെത്തും. നീരൊഴുക്കിന് അനുസരിച്ചായിരിക്കും തുറന്നു വിടുന്ന വെളളത്തിന്‍റെ അളവ് തമിഴ്നാട് തീരുമാനിക്കുക. വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ വരെയുള്ള 33 കിലോമീർ ഭാഗത്തുള്ള 3220 പേരോടാണ് മാറ്റിത്താമസിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog