കേരളത്തിലേക്ക് ലഹരി ഒഴുകുന്നു; തടയാനാവാതെ പോലീസ്, ഇരകള്‍ യുവാക്കള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം: സംസ്ഥാനത്ത് നർക്കോട്ടിക് ജിഹാദ് വിവാദങ്ങൾ മുറുകി നിൽക്കുന്ന സാഹചര്യമാണ്. എന്നാൽ കേവല രാഷ്ട്രീയ വിവാദത്തിനപ്പുറത്ത് കേരളം ചർച്ച ചെയ്യേണ്ട ഒന്നാണ് വർധിച്ചുവരുന്ന നിരോധിത ലഹരി മരുന്നുകളുടെ ഉപഭോഗം. കേരള പോലീസും എക്സൈസും നൽകുന്ന കണക്കുകൾ നോക്കിയാൽ ഓരോ വർഷവും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുകയാണ്.

കോവിഡ് ലോക്ഡൗൺ ശക്തമായിരുന്ന സമയത്ത് വാഹന പരിശോധനകളും മറ്റും കർശനമാക്കിയത് ഒരുപരിധിവരെ നിരോധിത ലഹരിവസ്തുക്കളുടെ കടത്ത് കുറയാൻ ഇടയാക്കിയിരുന്നു. എന്നാൽ പോലും യുവാക്കൾക്കിടയിലേക്ക് പലമാർഗങ്ങളിൽ കൂടി ലഹരി ഒഴുകുന്നത് തടയാൻ സാധിക്കാതെ വലയുകയാണ് പോലീസും എക്സൈസ് വകുപ്പും.

ഇത്തരം ലഹരിവസ്തുക്കളുടെ ഉപഭോഗം തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള എൻഡിപിഎസ് നിയമപ്രകാരം 2020 ൽ പോലീസ് രജിസ്റ്റർ ചെയ്തത് 4968 കേസുകളാണ്. എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത് 3667 കേസുകളും. ആകെ 8635 കേസുകൾ.

2021 ജൂലായ് വരെയുള്ള സമയങ്ങളിൽ പോലീസിന്റെ പക്കലുള്ള കണക്കുകൾ പ്രകാരം 2871 കേസുകളാണ് ഈയിനത്തിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ എക്സൈസിന്റെ പക്കൽ 2021 ജനുവരിയിലെ കണക്കുകൾ മാത്രമേ പുറത്തുവിട്ടിട്ടുള്ളു. ഇതുപ്രകാരം 452 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇവയിൽ അധികവും കഞ്ചാവ് കടത്തിയ കേസുകളാണ്. മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റമിൻ, എൽഎസ്ഡി തുടങ്ങി ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുപയോഗിക്കുന്ന മോർഫിൻ, ഡയാസെപാം തുടങ്ങിയവയും കേരളത്തിൽ വ്യാപകമാണ്. ഇവയേക്കാൾ ഇപ്പോൾ പ്രിയം കൈവശം സൂക്ഷിക്കാനും ഒളിച്ചുവെക്കാനും എളുപ്പമുള്ള പുതുതലമുറ ലഹരികളാണ്.

*ലഹരി വരുന്ന വഴികൾ*

കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനമെമ്പാടും പോലീസുൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ രംഗത്തിറങ്ങിയിട്ടുപോലും ഇത്രയധികം കേസുകൾ നിരോധിത ലഹരിവസ്തുക്കൾ കടത്തിയതിനും കൈവശം വെച്ചതിനുമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപ്പോൾ പോലീസിനെയും എക്സൈസിനെയും വെട്ടിച്ച് കേരളത്തിലേക്കൊഴുകിയ ലഹരിമരുന്നുകളുടെ അളവെത്രയാകുമെന്ന് ഊഹിക്കാവുന്നതാണ്.

_https://chat.whatsapp.com/ELx0IM3Hpvp1ZWBn5HO4wt_

കേരളത്തിലേക്ക് നേരിട്ട് ലഹരി എത്തുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. പുതുതലമുറ ലഹരികളധികവും കേരളത്തിലെ യുവാക്കളിൽ എത്തുന്നത് മംഗലാപുരം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്ക് ലഹരി എത്തുന്നത്. കർണാടകയിൽ പഠനാവശ്യങ്ങൾക്കായി എത്തുന്ന യുവാക്കൾ വഴിയാണ് കേരളത്തിലേക്ക് പ്രധാനമായും ലഹരി കടത്തുന്നത്. വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും വലിയ വില വരുന്ന പുതുതലമുറ ലഹരികളാണ് ഇങ്ങനെ കേരളത്തിലേക്ക് പലരിൽകൂടി ഒഴുകിയിരുന്നത്.

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഈയൊരു ശൃംഖല തകർക്കപ്പെട്ടതോടെ പുതിയ മാർഗങ്ങളുമായി ലഹരി മാഫിയ സജീവമായി. ആവശ്യമുള്ളവർ അത് വാങ്ങാൻ എന്തുവഴിയും സ്വീകരിക്കുമെന്ന് ഇവർക്ക് നന്നായറിയാം. വിശ്വസ്തരായ ആളുകൾക്ക് ഓൺലൈൻ വഴി പണമിടപാട് നടത്തിയാൽ സാധനം കൊറിയർ വഴി എത്തേണ്ടിടത്തെത്തും.

പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാൻ പ്രമുഖ കൊറിയർ സർവീസുകളെ വരെ ഉപയോഗിക്കുന്ന വിരുതന്മാരുമുണ്ട്. അയക്കുന്ന വിലാസവും സ്വീകരിക്കുന്ന ആളിന്റെ വിലാസവും വ്യാജമായിരിക്കും. എന്നാൽ എവിടെ നിന്ന് സാധനം കൈപ്പറ്റണമെന്ന് അയച്ച ആളും സ്വീകരിക്കുന്ന ആളും തമ്മിൽ വ്യക്തമായ ധാരണകളുമുണ്ട്.

തെറ്റായ വിലാസവും ബന്ധപ്പെടാനുള്ള ഫോൺനമ്പറിൽ ഏതെങ്കിലും ഒരക്കം തെറ്റിച്ച് നൽകുന്നതുമാണ് രീതി. പാഴ്സൽ ഓഫീസിൽ ലഹരിവസ്തുക്കൾ പൊതിയായി എത്തും. എന്നാൽ, വിലാസം തെറ്റായതിനാലും ഫോൺനമ്പർ തെറ്റായതിനാലും ഇത് പാഴ്സൽ ഓഫീസിൽ സൂക്ഷിക്കും. ഈ സമയത്താണ് ഇത് വാങ്ങാനായി ആളെത്തുക. ഒരു പാഴ്സൽ ഓർഡർ ചെയ്തിരുന്നുവെന്നും ഇതുവരെ കിട്ടിയില്ലെന്നും അറിയിക്കും. ഇതോടെ പേര് പരിശോധിക്കുന്നതോടെ ഐറ്റം ലഭിക്കും. നമ്പർ തെറ്റിപ്പോയെന്ന് അറിയിച്ച് പണംകൊടുത്ത് പാഴ്സൽ വാങ്ങി ആൾ മടങ്ങും.

ഡാർക്ക് വെബ്ബും ടെലഗ്രാമുമാണ് ഇത്തരം ഇടപാടുകൾക്ക് ഉപയോഗിക്കുക. പണമിടപാടിനുപയോഗിക്കുന്ന ഫോൺ നമ്പർ പലപ്പോഴും ഏതെങ്കിലും നിരക്ഷരരായ സാധാരണക്കാരുടെ പേരിലുമാകും. പോലീസ് അന്വേഷിച്ചെത്തിയാലും ഇത്തരം സ്രാവുകളെ പിടികൂടുക ദുഷ്കരമാണ്.

വലിയ കടത്തുകാരിൽ നിന്ന് സംസ്ഥാനത്ത് ആകെ പരക്കുന്നത് ചെറുകിട വിതരണക്കാർ വഴിയും. എത്തുന്നതിൽ അധികവും പുതുതലമുറ ലഹരികളാണ്. ഇവർ മുഖാന്തിരം കേരളത്തിലെ പ്രൊഫഷണൽ കോളേജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യുവാക്കൾ ഒത്തുകൂടുന്ന സ്വകാര്യ സംഗമത്തിലും റേവ് പാർട്ടികളിലുമായി ഉപയോഗിക്കും.

ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ അതിന്റെ അടിമകളാകുന്ന ചെറുപ്പക്കാരാണ് പിന്നീട് ഇവയുടെ വിതരണ ശൃംഖലയുടെ ഭാഗമാകുന്നത്.

പിടിയിലാകുന്ന ചെറുമീനുകൾ

സംസ്ഥാനത്തേക്ക് എത്തുന്ന ലഹരി കടത്തുകൾ പലതും പിടിക്കപ്പെടുന്നത് പലപ്പോഴും ആരെങ്കിലും ഒറ്റിക്കൊടുക്കുമ്പോഴാണ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എന്ന വാർത്തകൾ പലപ്പോഴും കേൾക്കാറുള്ളതാണ്. ഇത്തരം വിവരങ്ങൾ അജ്ഞാത നമ്പരുകളിൽ നിന്ന് ലഭിക്കുന്നത് ലഹരി കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മൂലമാണ്. ഇങ്ങനെ ഒറ്റ് വന്നാൽ പോലും പിടിയിലാകുന്നത് പലപ്പോഴും ചെറുപ്പക്കാരാണെന്നതാണ് കണക്കുകൾ. 20-30 പ്രായത്തിലുള്ളവർ തന്നെയാണ് കേസുകളിൽ പ്രതികളാകുന്നത്. പുതുതലമുറ ലഹരികൾ മിക്കതും ഒരു ഗ്രാം കൈവശം വെച്ചാൽ പോലും വലിയ കുറ്റമാണ്. അതിനാൽ തന്നെ ഇവരുടെ ഭാവി ജയിലിൽ ആയിത്തീരും.

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ നോക്കിയാൽ തന്നെ വലിയ തോതിലാണ് സംസ്ഥാനത്ത് ലഹരി കടത്തിന്റെയും അവ കൈവശം വെച്ചതിന്റെയും പേരിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം വർധിക്കുന്നത്. സംസ്ഥാനത്ത് ലഹരി ഉപഭോഗം നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായി തീരും.

ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവരിൽനിന്ന് ലഭിക്കുന്ന വിവരം ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഫ്രിക്കൻ സ്വദേശികളാണ് കേരളത്തിലേക്കുള്ള ലഹരിക്കടത്തിൽ പ്രധാന പങ്കുവഹിക്കുന്നതെന്നാണ്. പോലീസിന്റെ പരിശോധനകൾ കുറവുള്ള ചില മാളുകളും വലിയ വ്യാപാരസ്ഥാപനങ്ങളും മറ്റുമാണ് ലഹരിവസ്തുക്കളുടെ കൈമാറ്റത്തിനായി ഇന്ന് തിരഞ്ഞെടുക്കുന്നത്.

മുമ്പ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽക്കുന്ന കേസുകൾ ധാരാളമുണ്ടാകാറുണ്ടായിരുന്നു. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തോളമായി വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്നത് ഈ രീതിക്ക് തടസമുണ്ടാക്കി. അതിന് മറുമാർഗമായി ഇപ്പോൾ ഫോൺ വഴിയുള്ള വിവരങ്ങൾ നൽകി ആവശ്യക്കാർക്ക് പ്രത്യേക സമയത്ത് ചില സ്ഥലങ്ങളിൽ എത്തിച്ചുനൽകുകയാണ് ചെയ്യുക.

ഒന്നോ രണ്ടോ പേർക്ക് മാത്രം കൈമാറാനുള്ള കുറഞ്ഞ അളവിൽ മാത്രമാകും ഇവരുടെ കൈവശം നിരോധിത ലഹരി വസ്തുക്കളുണ്ടാവുക. ആരുടെയും കണ്ണിൽ പെടാതെ ഒളിപ്പിക്കാനാകുമെന്ന സൗകര്യത്തിനാണിത്. പലപ്പോഴും ഇത് സമീപ പ്രദേശങ്ങളിലെ ചെറുപ്പക്കാർ തന്നെയാകും.

വേരറുക്കാൻ പോലീസും എക്സൈസും

മക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാലും ഇത് പുറത്തുപറയാൻ രക്ഷിതാക്കൾ തയ്യാറാകുന്നില്ലെന്നാണ് കൗൺസലിങ് നടത്തുന്നവർ പറയുന്നത്. പോലീസ് കേസ്, പഠനം, ഭാവി എന്നിവ നഷ്ടപ്പെടുമോയെന്ന് ഭയക്കുന്നവരും മക്കൾ ആത്മഹത്യ ചെയ്തേക്കുമോയെന്ന് ഭയക്കുന്നവരുമാണ് രക്ഷിതാക്കൾ. അതിനാൽത്തന്നെ നല്ലൊരു പങ്ക് സംഭവങ്ങളും പുറത്തറിയാതെ പോകുകയാണ് ചെയ്യുക.

പുതിയ തലമുറയുടെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി സർക്കാർ 'വിമുക്തി' ഉൾപ്പെടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ പുതുവഴികൾ കണ്ടെത്തി ലഹരിമാഫിയ ഇതിനെയും മറികടക്കുകയാണ്. ലഹരിക്കടിമയായ ഒരാളെ തിരികെ കൊണ്ടുവരുമ്പോഴേക്കും പത്തുപേരെ ലഹരി മാഫിയ വലയിലാക്കിയിട്ടുണ്ടാകും. അതിനാൽ തന്നെ പോലീസിന് മുന്നിൽ പരിമിതികളേറെയാണ്.

കൊച്ചി പോലീസിന്റെ 'യോദ്ധാവ്' ആപ്പ് ഈ ചിന്തയിലേക്കുള്ള പ്രധാനമായ വഴിയാണ്. ലഹരി സംഘങ്ങളെപ്പറ്റി വിവരം നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിലാണ് ആപ്പിന്റെ രൂപകൽപ്പന. ഏതൊരു വാട്സ് ആപ്പ് സന്ദേശത്തെയുംപോലെ 'യോദ്ധാവ്' നമ്പറിലേക്ക് നേരിട്ട് മെസേജ് അയയ്ക്കാം. കൊച്ചി നഗരത്തെ ലക്ഷ്യമിട്ടാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. ലോകത്തിന്റെ ഏതു കോണിൽ നിന്നും 'യോദ്ധാവി'ന് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ്സ് എന്നിങ്ങനെ ഏത് തരത്തിലും സന്ദേശം അയയ്ക്കാം.

ഇവയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ വിശകലനം ചെയ്ത് നടപടി സ്വീകരിക്കുകയാണ് പതിവ്. ഇതിനൊപ്പം ബോധവത്കരണവും പുനരധിവാസവും ഉറപ്പുവരുത്തുകയും ചെയ്യും.

നർക്കോട്ടിക് കേസുകളുടെ വർഷവും കേസുകളുടെ എണ്ണവും

2016 - 8909
2017 - 15758
2018 - 16297
2019 - 16344
2020 - 8635
2021 - 3323 (കണക്ക് പൂർണമല്ല)

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha