നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം : സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. നിയമനുസൃതമായി സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ എന്നും തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി. തീരുമാനം സ്വാഗതാര്‍ഹമെന്ന് യോഗത്തില്‍ പങ്കെടുത്ത് അറിയിച്ചെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

”ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം തൊഴിലാളി വര്‍ഗ്ഗത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നതാണ്. ആകെ ചുമട്ടുതൊഴിലാളികളുടെ വളരെ ചെറിയ ഒരു വിഭാഗത്തില്‍ നിന്ന് മാത്രം വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പ്രവണതയാണിത്. പക്ഷേ ഇതിനെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ചുമട്ടുതൊഴിലാളികളെയാകെ വികൃതമാക്കി ചിത്രീകരിക്കാനുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ സമൂഹത്തിലെ മറ്റെല്ലാ ജനവിഭാഗങ്ങളോടുമുള്ള അവരുടെ ഉത്തരവാദിത്വവും വിസ്മരിക്കാന്‍ പാടില്ല. ചുമട്ട് തൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജോലികള്‍ ക്രമീകരിക്കുകയും തെറ്റായ സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കുവാന്‍ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയും, കിലെയുടെ നേതൃത്വത്തിലും ജില്ലാ പ്രാദേശിക തലങ്ങളിലും സ്ഥാപന അടിസ്ഥാനത്തിലും തൊഴിലാളികള്‍ ചെയ്യേണ്ട ജോലികളെ സംബന്ധിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടികള്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടപ്പിലാക്കും.” – മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് എത്തിച്ച ഉപകരണങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നതിന് നോക്കുകൂലിയും അമിതകൂലിയും ചോദിച്ചു എന്നൊരു ആക്ഷേപം ഉയര്‍ന്നു വരികയുണ്ടായി. ഒരു തൊഴിലാളി സംഘടനയും ഈ കാര്യത്തില്‍ ഉത്തരവാദികളല്ല. ട്രേഡ് യൂണിയനുകളില്‍ അംഗങ്ങളായവരല്ല ഈ തെറ്റായ നിലപാട് സ്വീകരിച്ചത്. പ്രാദേശികമായി ഒരു സംഘം ആളുകള്‍ ചെയ്ത കുറ്റത്തിന് ചുമട്ടുതൊഴിലാളികളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന വിധത്തിലാണ് പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കിലും ഒരു വിഭാഗത്തെ മൊത്തം ആക്ഷേപിക്കുവാന്‍ ഇത്തരം കാര്യങ്ങള്‍ ഇടയാക്കുന്നു എന്നത് ട്രേഡ് യൂണിയനുകള്‍ വളരെ ജാഗ്രതയോടെ കാണണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

സര്‍ക്കാരിന്റെ ആഹ്വാനമനുസരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും നല്ലതോതില്‍ ഇടപെടുന്നവരാണ് ചുമട്ടുതൊഴിലാളികളും അവരുടെ സംഘടനകളും. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. അത്തരം ഒരു സാഹചര്യത്തില്‍ ഏതെങ്കിലും പ്രശ്‌നം ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനം നിക്ഷേപത്തിന് അനുയോജ്യമായ പ്രദേശമല്ല എന്ന് വരുത്തി തീര്‍ക്കാന്‍ നാടിന്റെ ശത്രുക്കള്‍ക്ക് അവസരമൊരുക്കി കൊടുക്കാന്‍ പാടില്ല. ഈ ജാഗ്രത എല്ലാ ട്രേഡ് യൂണിയനുകളുടെയും പ്രവര്‍ത്തനത്തില്‍ ഉണ്ടാവണം. വര്‍ത്തമാനകാലത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ചുമട്ടുതൊഴിലാളി നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും ശിവന്‍കുട്ടി അറിയിച്ചു.

യോഗത്തില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐ.എ.എസ്., ലേബര്‍ കമ്മീഷണര്‍ ഡോ: എസ്. ചിത്ര ഐ.എ.എസ്., ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് സി.കെ. മണിശങ്കര്‍, പി.കെ. ശശി (സി.ഐ.ടി.യു ), വി.ആര്‍. പ്രതാപന്‍, എ.കെ. ഹാഫിസ് സഫയര്‍ (ഐ.എന്‍.ടി.യു.സി. ), കെ. വേലു, ഇന്ദുശേഖരന്‍ നായര്‍ (എ.ഐ.ടി.യു.സി), യു. പോക്കര്‍, അബ്ദുല്‍ മജീദ് (എസ്.ടി.യു ) ജി. സതീഷ് കുമാര്‍ (ബി.എം.എസ്) എന്നിവരും തൊഴില്‍ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha