മദ്യം ഉപേക്ഷിച്ചവരെ രക്ഷിക്കാൻ വെള്ളം മുരളിയുടെ ‘വാട്ടർമാൻ’ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 July 2021

മദ്യം ഉപേക്ഷിച്ചവരെ രക്ഷിക്കാൻ വെള്ളം മുരളിയുടെ ‘വാട്ടർമാൻ’


കണ്ണൂർ: അമ്പത്തൊൻപത് രാജ്യങ്ങളിലേക്ക് ബിസിനസ് യാത്ര. പതിനഞ്ച് രാജ്യങ്ങളിലേക്ക് ടൈൽസ് കയറ്റുമതി. മദ്യപാനം മൂലം സകലതും തകർന്ന്, വീട്ടുകാരും തള്ളിക്കളഞ്ഞ്, തെരുവിൽ അനാഥനെപ്പോലെ അന്തിയുറങ്ങിയ നാളുകളിൽ നിന്ന് തിരിച്ചു നടന്ന് നേടിയതാണ് മുരളി കുന്നുംപുറത്തിന്റെ ബിസിനസ് സാമ്രാജ്യം.

ജയസൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ വെള്ളം പിറന്നതും മുരളിയുടെ ജീവിതത്തിലെ ഏടുകൾ കോർത്തിണക്കിയാണെന്നത് മറ്റൊരു കൗതുകം. പഴയ കാര്യങ്ങളൊന്നും മുരളി മറന്നിട്ടില്ല. മദ്യപാനത്തിന് അടിമയായശേഷം ജീവിതത്തിലേക്ക് തിരിച്ചു നടന്നവർക്ക് തന്റെ സ്ഥാപനങ്ങളിൽ ജോലി കൊടുക്കുകയാണ് മുരളി, ഒരു പ്രായശ്ചിത്തം പോലെ. വഴിതെറ്റിയ കാലത്ത് നാട്ടുകാർ നൽകിയ പേര് മാഞ്ഞുപോയിട്ടില്ല.അവർക്ക് ഇപ്പോഴും വെള്ളം മുരളിയാണ്. ആ പേരിനെ ഓർമ്മിപ്പിക്കുന്നതാണ് കേരളത്തിലെ വിവിധ ജില്ലകളിലായി തുടങ്ങാൻ പോകുന്ന ഇരുപത് ടൈൽസ് ഷോ റൂമുകൾക്ക് നൽകുന്നത്- വാട്ടർ മാൻ.

ഈ ഷോറൂമുകളിലാണ് മദ്യപാനം മൂലം ജീവിതം തകർന്നവർക്ക് അതുതിരിച്ചു പിടിക്കാൻ ജോലി കൊടുക്കുന്നത്. മദ്യപാനത്തിൽ നിന്നു പൂർണമോചനം നേടിയവർക്കും മുഴുമദ്യപാനിയായ പിതാവിന്റെ മരണത്തോടെ അനാഥരായ മക്കൾക്കുമാണ് മുൻഗണന. ആദ്യ ഷോറൂം ആലുവയ്ക്കടുത്ത് കരുമാലൂരിലാണ്. ഭൂമിപൂജ കഴിഞ്ഞു.

രണ്ടായിരത്തിന്റെ തുടക്കത്തിൽ മദ്യത്തിന് വേണ്ടി മാത്രമായിരുന്നു മുരളിയ്ക്ക് ജീവിതം.ശല്യംമൂലം അച്ഛൻ വീടു വിറ്റ് ഓഹരി നൽകി. കിട്ടിയ പണം മുഴുവൻ കുടിച്ചുതീർത്തു. കോഴിക്കോട്ടെ തെരുവിലും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങി. അവശനായ മുരളിയെ നാട്ടുകാരനായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഗിരീഷ് നാട്ടിലെത്തിച്ചു. നേരെ പോയത് വിറ്റുകഴിഞ്ഞ വീട്ടിലേക്ക്. പൂട്ടിക്കിടന്ന വീടിന്റെ മുറ്റത്തെ കിണറിലെ വെള്ളംമാത്രം കുടിച്ച് രണ്ടു ദിവസം.

മൂന്നാം ദിവസം അമ്മ കൊടുത്തുവിട്ട ഇരുന്നൂറ് രൂപയും ഭക്ഷണവുമായി അനന്തരവൻ എത്തി. കോഴിക്കോട്ട് പോയി ഡോക്ടറെ കാണാനുള്ള അമ്മയുടെ ഉപദേശം അനുസരിക്കണമെന്ന് തോന്നി. കോഴിക്കോട്ടെ ഡോ. ലോഗേഷിന്റെ മുന്നിലെത്തിയതോടെയാണ് മദ്യപാനം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ടൈൽസ് കമ്പനിയിൽ ബിസിനസ് എക്സിക്യൂട്ടീവായി തുടക്കം. ടൈൽസ് കമ്പനികളിൽ മാറി മാറി ജോലി. സ്വന്തം നിലയിൽ ടൈൽസ് ബിസിനസിനെക്കുറിച്ചായി ചിന്ത. സൗദിയിലെത്തിയ മുരളിയ്ക്ക് താങ്ങായി നിരവധി സുഹൃത്തുക്കൾ. സുഹൃത്തുക്കളുടെ സഹായത്തോടെ ഗൾഫിലേക്ക് ടൈൽസ് കയറ്റുമതിക്ക് അവസരം ഒരുങ്ങി.സുഹൃത്തും പ്രവാസി വ്യവസായിയുമായ നോബിഷാണ് ടൈൽസ് ഷോറും തുടങ്ങാൻ മുരളിക്ക് വഴിയൊരുക്കിയത്. ഇത്തരമൊരു ആശയവും നോബിഷിന്റെ തന്നെ. നോബിഷ് മുരളിയുടെ ബിസിനസ് പാർട്ണറുമായി. ഇരുവരും ചേർന്നാണ് ഇപ്പോൾ വാട്ടർമാൻ ടൈൽസ് ഷോറൂമുകൾ തുറക്കുന്നത്. ഭാര്യ സിമിയും മക്കളായ യദുകൃഷ്ണയും ശ്രീലക്ഷ്മിയും അടങ്ങുന്ന കുടുംബവുമായി കോഴിക്കോട്ടാണ് താമസം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog