നശീകരണ രാഷ്ട്രീയത്തിനെതിരെ 
കേരളം വിധിയെഴുതും: മുഖ്യമന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 April 2021

നശീകരണ രാഷ്ട്രീയത്തിനെതിരെ 
കേരളം വിധിയെഴുതും: മുഖ്യമന്ത്രി

കണ്ണൂര്‍
പ്രതിപക്ഷത്തിന്റെ നശീകരണ രാഷ്ട്രീയത്തിനെതിരെ കേരള ജനത വിധിയെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്ന ഏതു നല്ലകാര്യത്തെയും വക്രീകരിക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തു കാര്യമാണ് പ്രതിപക്ഷം ചെയ്തത്. നാടിന്റെ അതിജീവനശ്രമങ്ങളെ യുഡിഎഫും ബിജെപിയും തുരങ്കംവയ്ക്കുകയായിരുന്നുവെന്നും കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ ‘പോര്‍മുഖം’ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

നുണകളുടെ മലവെള്ളപ്പാച്ചില്‍ സൃഷ്ടിച്ചിട്ടും മാധ്യമങ്ങളെ അണിനിരത്തി പടയോട്ടം നടത്തിയിട്ടും എല്‍ഡിഎഫിനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ ഒരുശക്തിക്കും കഴിഞ്ഞില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആവര്‍ത്തിച്ചുന്നയിച്ച്‌ സര്‍ക്കാരിനെ സംശയനിഴലിലാക്കുകയെന്ന ഒറ്റ അജന്‍ഡയില്‍ ഒതുങ്ങുന്ന പ്രതിപക്ഷപ്രവര്‍ത്തനം നാട് ഗൗരവമാക്കുന്നില്ല.ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇത്തവണ കേരളം വലിയ ഭൂരിപക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെങ്ങും എല്‍ഡിഎഫ് അനുകൂല ജനവികാരം നിലനില്‍ക്കുന്നു. അത് ആരും മനഃപൂര്‍വം സൃഷ്ടിച്ചതല്ല; സ്വയം രൂപപ്പെട്ടതാണ്.

അഞ്ചുകൊല്ലത്തിലൊരിക്കല്‍ പോളിങ് ബൂത്തില്‍ പോയി വോട്ടുചെയ്താല്‍പിന്നെ ജനങ്ങള്‍ക്ക് ഭരണത്തില്‍ കാര്യമില്ലെന്ന ധാരണ ഈ സര്‍ക്കാര്‍ പൊളിച്ചെഴുതിയത് വലിയ നേട്ടമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോവര്‍ഷവും എത്ര നടപ്പാക്കിയെന്ന് ജനസമക്ഷം പറഞ്ഞാണ് മുന്നോട്ടുപോയത്. ഇത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യക്രമത്തില്‍ കേരളം എഴുതിച്ചേര്‍ത്ത പുതിയ അധ്യായമാണ്. അതുകൊണ്ടുതന്നെയാണ് എല്‍ഡിഎഫിന്റെ വാക്കുകള്‍ ജനം വിശ്വസിക്കുന്നത്.പ്രകൃതിദുരന്തങ്ങളും നോട്ടുനിരോധനംപോലെ കേന്ദ്രനയങ്ങള്‍ ഉണ്ടാക്കിയ ദുരന്തങ്ങളും അതിജീവിച്ചാണ് അഞ്ചുവര്‍ഷം കേരളം മുന്നോട്ടുനീങ്ങിയത്.

ജനങ്ങള്‍ നെഞ്ചോടുചേര്‍ക്കുന്ന രാഷ്ട്രീയമാണ് എല്‍ഡിഎഫിന്റേത്; യുഡിഎഫിന്റേതാകട്ടെ ജനങ്ങള്‍ നിരാകരിച്ചതും. ബിജെപിയോടും വെല്‍ഫയര്‍ പാര്‍ടിയോടും തരാതരംപോലെ കൂട്ടുചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാമെന്ന യുഡിഎഫിന്റെ വ്യാമോഹത്തിന് കേരളം തിരിച്ചടിനല്‍കും. എല്‍ഡിഎഫിന്റെ വിജയം ഉറപ്പാക്കി നാടിന്റെ നന്മയ്ക്കും പുരോഗതിക്കും സംഭാവന നല്‍കണമെന്ന് എല്ലാ വോട്ടര്‍മാരോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മതനിരപേക്ഷ അടിത്തറയ്ക്ക് പോറലേല്‍ക്കാതെ നാടിനെ ഔന്നത്യത്തോടെ കാക്കാന്‍ ഓരോരുത്തരും സ്വയം കാവലാളാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം 
കടക്കെണിയിലെന്നത് വ്യാജപ്രചാരണം
എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലേക്ക് നയിച്ചെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതരസംസ്ഥാനങ്ങളുമായി താരതമ്യംചെയ്താല്‍ വസ്തുത മനസ്സിലാകും. റിസര്‍വ് ബാങ്കിന്റെ ‘സ്റ്റേറ്റ് ഫിനാന്‍സസ്: എ സ്റ്റഡി ഓഫ് ദ ബഡ്ജറ്റ്’ എന്ന പ്രസിദ്ധീകരണത്തില്‍ 2019–-20 സാമ്ബത്തികവര്‍ഷം കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 31.2 ശതമാനമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇത് 33.1 ശതമാനവും പഞ്ചാബില്‍ 40.3 ശതമാനവുമാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 34 ശതമാനവും പശ്ചിമബംഗാളില്‍ 37.1 ശതമാനവുമാണ്.

യുഡിഎഫ് 2005–- 06 ല്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ കടം ആഭ്യന്തരവരുമാനത്തിന്റെ 35 ശതമാനമായിരുന്നു.
പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 2011–-ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ഇത് 31.8 ശതമാനമായി കുറഞ്ഞു. ആഭ്യന്തരവരുമാനത്തിന്റെ അടിസ്ഥാനവര്‍ഷം കണക്കാക്കിയതില്‍ വ്യത്യാസം വന്നപ്പോള്‍ കടത്തിന്റെ അനുപാതം കുറഞ്ഞു. യുഡിഎഫ് 20-16–-ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ധാരാളം ബാധ്യതകള്‍ മാറ്റിവയ്ക്കുകയുണ്ടായി. എന്നിട്ടും കടം ആഭ്യന്തരവരുമാനത്തിന്റെ 29 ശതമാനമായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്തശേഷവും 2016–-17ല്‍ കടം ആഭ്യന്തരവരുമാനത്തിന്റെ 30.2 ശതമാനമായിമാത്രമേ വര്‍ധിച്ചിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചാബും രാജസ്ഥാനും 
വൈദ്യുതി വാങ്ങുന്നത് 
ഇരട്ടി വിലയ്ക്ക്
കേരളത്തേക്കാള്‍ ഇരട്ടിയിലേറെ വിലയ്ക്ക് കാറ്റാടി, സോളാര്‍ വൈദ്യുതി വാങ്ങുന്ന പഞ്ചാബ്, രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് കരാര്‍ റദ്ദാക്കാന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കെഎസ്‌ഇബി കരാറില്‍ 1000 കോടിയുടെ നഷ്ടമാണെങ്കില്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുത്തിയ നഷ്ടം വെളിപ്പെടുത്തുമോ? രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാറ്റാടി വൈദ്യുതി യൂണിറ്റിന് 5.02 രൂപയ്ക്കും സോളാര്‍ വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്കും വാങ്ങുന്നതുവഴിയുള്ള നഷ്ടം കണക്കാക്കിയിട്ടുണ്ടോ? യൂണിറ്റിന് 2.80 രൂപ തോതില്‍ കെഎസ്‌ഇബി ഏര്‍പ്പെട്ട ദീര്‍ഘകാല കരാറിനെ എതിര്‍ക്കുന്ന പ്രതിപക്ഷനേതാവ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1565 മെഗാവാട്ടിന്റെ 11 ദീര്‍ഘകാല കരാറുകള്‍ യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപവരെ നിരക്കില്‍ ഏര്‍പ്പെട്ടതിനെ എതിര്‍ത്തിരുന്നോ? അതുവഴി കേരളത്തിനുണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ?

വേനല്‍ക്കാലത്തെ വര്‍ധിച്ച ഉപയോഗം നിറവേറ്റാന്‍ യൂണിറ്റിന് 3.04 രൂപ നിരക്കില്‍ രണ്ടു മാസത്തേക്ക് വൈദ്യുതി വാങ്ങുന്നതിനെ ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് യുഡിഎഫ് കാലത്ത് യൂണിറ്റിന് 7.45 രൂപ നിരക്കില്‍വരെ വൈദ്യുതി കരാറാക്കിയതില്‍ എതിര്‍പ്പറിയിച്ചിരുന്നോ? കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ ‘പോര്‍മുഖം’ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിരന്തരം വിളിച്ചുപറയുകയും ചില മാധ്യമങ്ങളിലൂടെ അമിതപ്രാധാന്യം നല്‍കി പ്രചരിപ്പിക്കുകയും ചെയ്താല്‍ ഇല്ലാതാകുന്നതാകുന്നതല്ല യഥാര്‍ഥ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog