സംഘര്‍ഷങ്ങള്‍ വളരാന്‍ അനുവദിച്ചുകൂടാ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 8 April 2021

സംഘര്‍ഷങ്ങള്‍ വളരാന്‍ അനുവദിച്ചുകൂടാ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിട്ടാണ് കടന്നുപോയത്. ഇക്കാര്യത്തില്‍ സംസ്ഥാനം പുലര്‍ത്തിവന്ന പാരമ്ബര്യം നിലനിറുത്താന്‍ കഴിഞ്ഞതില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. അതുപോലെ അനിഷ്ട സംഭവങ്ങളും തുറന്ന ഏറ്റുമുട്ടലുകളിലേക്കു തിരിയാമായിരുന്ന സംഘര്‍ഷങ്ങളും ഒഴിവാക്കി സമാധാനം കാത്തുസൂക്ഷിക്കാന്‍ സഹായിച്ച സേനാംഗങ്ങള്‍ക്കും ഹൃദയം തുറന്ന് നന്ദി പറയേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ പോളിംഗ് ബൂത്തിനു പുറത്ത് ചാരിവച്ച ഒരു ലാത്തി മാത്രം മതിയായിരുന്നു പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍. ഇന്ന് സ്ഥിതി അതല്ല. ശക്തമായ സാന്നിദ്ധ്യം തന്നെ വേണമെന്ന നിലയിലായി.പൊലീസുകാരുടെ സാന്നിദ്ധ്യത്തില്‍ പോലും പരസ്പരം പോരടിക്കാനും അതിക്രമങ്ങള്‍ കാട്ടാനും മടിയില്ലാത്തവിധം പ്രവര്‍ത്തകര്‍ മാറിക്കഴിഞ്ഞു. എങ്കിലും മറ്റിടങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വോട്ടെടുപ്പ് ഏറക്കുറെ സമാധാനപരമായാണ് കടന്നുപോകുന്നത്. ഇക്കുറിയും അതിനു മാറ്റമുണ്ടായിട്ടില്ല.

എന്നാല്‍ വോട്ടെടുപ്പു പൂര്‍ത്തിയായ ശേഷം വിവിധ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകള്‍ ഉല്‍ക്കണ്ഠയ്ക്കു വക നല്‍കുന്നതാണ്. കണ്ണൂര്‍ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ കൊലയ്ക്ക് കുപ്രസിദ്ധി നേടിയ കണ്ണൂരിനെ ഒരിക്കല്‍ക്കൂടി ശ്രദ്ധാേകേന്ദ്രമാക്കിയിരിക്കുകയാണ്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. ഇവരുടെ മാതാവിനും അയല്‍വീട്ടിലെ സ്ത്രീക്കും അക്രമത്തില്‍ പരിക്കേറ്റു. ഒരു വോട്ടറെ കാറില്‍ കയറ്റി പോളിംഗ് ബൂത്തിലെത്തിച്ചതിനെച്ചൊല്ലി പകല്‍ ഉണ്ടായ തര്‍ക്കമാണ് രാത്രിയില്‍ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നു ലീഗ് നേതാക്കള്‍ ആരോപിക്കുന്നു. രാഷ്ട്രീയ പരിഗണന കാട്ടാതെ അക്രമികളെ കൈയോടെ പിടികൂടാനുള്ള നടപടിക്ക് ഒട്ടും അമാന്തമുണ്ടാകരുത്.

കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും ചെറുതും വലുതുമായ അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. വോട്ടെടുപ്പു ദിനത്തില്‍ ഇത്തരം സംഭവങ്ങള്‍ പതിവുള്ളതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവയെ നിസാരമായെടുക്കരുത്. ചാരത്തില്‍ മൂടപ്പെട്ടു കിടക്കുന്ന കനലായി വേണം വോട്ടെടുപ്പിനു ശേഷമുള്ള ഇമ്മാതിരി അക്രമസംഭവങ്ങളെ കാണാന്‍. സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും ഉറപ്പാക്കാന്‍ അക്രമങ്ങളെ മുളയിലേ നുള്ളേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും നിഷ്‌പക്ഷതയും ദൃഢനിശ്ചയവും ഏറെ പ്രകടമാകേണ്ട സന്ദര്‍ഭം കൂടിയാണിത്. സംഘര്‍ഷം കൂടുതല്‍ തലങ്ങളിലേക്കു വ്യാപിക്കാതിരിക്കാനും പ്രവര്‍ത്തകരെ അടക്കിനിറുത്താനും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒട്ടും സമയം കളയാതെ മുന്നിട്ടിറങ്ങണം. പരസ്‌പരം പഴിചാരി സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കരുത്. അക്രമങ്ങളില്‍ ബലിയാടാവുക പൊതുവേ സാധുക്കളായിരിക്കും. പാനൂരില്‍ പോളിംഗ് ദിനത്തിലെ അത്യദ്ധ്വാനത്തിനുശേഷം വീട്ടില്‍ രാത്രി ഉറങ്ങാനെത്തിയ യുവാവിനെയാണ് അക്രമികള്‍ വിളിച്ചിറക്കി നിര്‍ദ്ദയം വെട്ടിയത്. ഒരു കുടുംബത്തിന് അത്താണിയാകേണ്ട ചെറുപ്പക്കാരനാണ് വീണ്ടുവിചാരമില്ലാത്ത രാഷ്ട്രീയപ്പോരില്‍ ബലിയാടാകേണ്ടിവന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കാനെത്തിയവര്‍ അറിയുന്നുണ്ടോ ആ കുടുംബത്തിന്റെ തീരാവേദന.

വോട്ടെടുപ്പും ഫലപ്രഖ്യാപനവുമൊക്കെ കഴിഞ്ഞാലും വീണ്ടും എന്നും കാണേണ്ടവര്‍ പരസ്പരം ഏറ്റുമുട്ടേണ്ടവരല്ല. ഭിന്ന രാഷ്ട്രീയ ചിന്താഗതി പുലര്‍ത്തുമ്ബോഴും സൗഹൃദം വെടിയേണ്ടവരല്ല അവര്‍. തിരഞ്ഞെടുപ്പുകാലത്തെ വീറും വാശിയും വോട്ടെടുപ്പു കഴിയുന്നതോടെ പാടേ ഉപേക്ഷിക്കാന്‍ തയ്യാറാകണം. ആരോഗ്യകരമായ സാമുഹ്യജീവിതത്തിന് അത് അനിവാര്യമാണ്. ചാവേറുകളാകാതിരിക്കാനുള്ള വിവേകവും ബോധവും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം. ഇത്തരുണത്തില്‍ ഇടുക്കി ജില്ലയിലെ കോവില്‍ മലയിലെ മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ഈ തിരഞ്ഞെടുപ്പുകാലത്ത് കാഴ്ചവച്ച മഹനീയ മാതൃക പുതിയ അനുഭവമാണ്. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ ഒരൊറ്റ പന്തലിലാണ് തിരഞ്ഞെടുപ്പു ബൂത്തുകള്‍ ഒരുക്കി പ്രവര്‍ത്തിച്ചത്. പ്രത്യേകം പ്രത്യേകം ബൂത്തുകള്‍ ഒരുക്കുന്നതിനു വേണ്ടിവരുന്ന ചെലവ് ലാഭിക്കാനായതു മാത്രമല്ല ഇതിന്റെ നേട്ടം. പരസ്പര സ്നേഹവും സൗഹൃദവും ആദ്യവസാനം നിലനിറുത്താനും ഈ മാതൃക ഉപകരിച്ചു. മൂന്നുനേരത്തെ ഭക്ഷണം തയ്യാറാക്കുന്നതുവരെ ഒരുമിച്ചായിരുന്നു. ഒരുമിച്ച്‌ ഉണ്ടും സൗഹൃദം പങ്കുവച്ചുമുള്ള ഈ രാഷ്ട്രീയ പ്രവര്‍ത്തനം കണ്ണില്‍ കണ്ണില്‍ നോക്കിയാല്‍ പോരടിക്കാന്‍ നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കാകെ അനുകരണീയ മാതൃകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog