കൊലയ്ക്കുശേഷം തോക്കുമായി പ്രതി വനത്തിൽ; 6 ദിവസം ഭക്ഷണം വെള്ളവും മാങ്ങയും മാത്രം
കണ്ണൂരാൻ വാർത്ത
ചെറുപുഴ∙ ചേനാട്ടുക്കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യൻ എന്ന ബേബി (62)യെ വെടിവച്ചു കൊന്ന കേസിലെ പ്രതി പിടിയിലായത് പൊലീസിനും നാട്ടുകാർക്കും ഒരുപോലെ ആശ്വാസമായി. 25ന് രാവിലെ 8.30 ആണു സെബാസ്റ്റ്യനെ അയൽവാസിയായ വാടാതുരുത്തേൽ ടോമി ജോസഫ് വെടിവച്ചു കൊന്നത്. കൊലപാതകം നടത്തിയ ശേഷം പ്രതി ടോമി കർണാടക വനത്തിൽ ഒളിവിൽ പോയതാണു പൊലീസിനു തലവേദനയായി മാറിയത്. കാട്ടാനകൾ ഉൾപ്പെടെയുളള കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കർണാടക വനത്തിൽ തിരച്ചിൽ നടത്താനാകാത്തതും പൊലീസിനു തിരിച്ചടിയായി.
എന്നാൽ കൊലപാതകത്തിനു ശേഷം പൊലീസ്  നിരീക്ഷണം ശക്തമാക്കുകയും, പ്രതിയെ കണ്ടാൽ ഉടൻ വിവരം അറിയിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. ഭക്ഷണം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ഇയാൾക്ക് അധിക ദിവസം കാട്ടിൽ തങ്ങാനാവില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇത് ശരി വയ്ക്കുന്ന തരത്തിലാണു പ്രതിയെ കഴിഞ്ഞ ദിവസം അവശനിലയിൽ ചേനാട്ടുക്കൊല്ലിയ്ക്കു സമീപത്തെ തോട്ടിൽ  കണ്ടെത്താനായത്.ഭക്ഷണം ലഭിക്കാതെ വന്നതോടെ പ്രതി അവശനിലയിലായിരുന്നു. കഴിഞ്ഞ 6 ദിവസം വെള്ളവും മാങ്ങയും കഴിച്ചാണു ജീവൻ നിലനിർത്തിയത്. ഇതിനുപുറമേ വേറെ വസ്ത്രങ്ങൾ ഇല്ലാത്തതും, പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതും രക്ഷപ്പെടുന്നതിനു തടസ്സമായി. കൊലപാതകത്തിനു ശേഷം ടോമി വനത്തിൽ ഒളിവിൽ കഴിയുന്നത് പ്രദേശവാസികളെയും ഭയപ്പാടിലാക്കി.ഇയാളുടെ കൈയിൽ തോക്ക് ഉള്ളതാണു നാട്ടുകാരെ ആശങ്കയിലാക്കിയത്. രാത്രിയിൽ ഇയാൾ ഉപദ്രവിക്കുമോ എന്ന സംശയവും നാട്ടുകാർക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടു പൊലീസ് ഏറെ തിരക്കിലാണ്. ഇതിനിടയിലാണു കൊലപാതകവും നടന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത