സുധാകരന്‍ വിളി കേട്ടില്ല; ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് എംപി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

സുധാകരന്‍ വിളി കേട്ടില്ല; ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് എംപി

കണ്ണൂര്‍: ധര്‍മ്മടത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം വീണ്ടും പ്രതിസന്ധിയില്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ താനില്ലെന്ന് കെ.സുധാകരന്‍ എംപി വ്യക്തമാക്കി. മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ്, കെപിസിസി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മത്സരിക്കാന്‍ കഴിയാത്ത ചുറ്റുപാട് ആണെന്നും മണ്ഡലങ്ങളില്‍ നിരവധി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ധര്‍മ്മടത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഡല്‍ഹിയില്‍ വച്ച്‌ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

"ധര്‍മടത്ത് മത്സരിക്കാന്‍ കെപിസിസിയും ഹൈക്കമാന്‍ഡും എന്നോട് ആവശ്യപ്പെട്ടിരുന്നു.ഇരുവരോടും നന്ദിയുണ്ട്. ഇക്കാര്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കണ്ണൂര്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കുകയെന്നതാണ് രാഷ്ട്രീയ അജണ്ട. അത് പ്രാവര്‍ത്തികമാകണമെങ്കില്‍ പുറത്ത് എന്റെ സജീവസാന്നിധ്യം ഉണ്ടാവണം. ഇരിക്കൂറില്‍ അടക്കം ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് തീര്‍ക്കാന്‍ എന്റെ സാന്നിധ്യം ആവശ്യമാണ്. മത്സരിക്കാന്‍ സന്തോഷമേയുള്ളൂ. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലമാണ് എന്റെ മുഖ്യലക്ഷ്യം. മത്സരിക്കാന്‍ സാധിക്കാത്ത ചുറ്റുപാട് ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെയ്ത് തീര്‍ക്കേണ്ട പ്രാഥമിക നടപടികള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. നേതൃത്വത്തിന്റെ തീരുമാനത്തെ ധിക്കരിക്കുന്നതല്ല," സുധാകരന്‍ പറഞ്ഞു.

പിണറായിക്കെതിരെ സുധാകരന്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ ആഗ്രഹമാണെന്നും അന്തിമഘട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു. ധര്‍മ്മടത്ത് കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കെപിസിസിയും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ രംഗത്തെത്തി.സി.രഘുനാഥിനെ ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകരന്‍ നേരത്തേ പ്രതികരിച്ചിരുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന് പിന്തുണ നല്‍കാന്‍ ആലോചിച്ചിരുന്നു, എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്നാണ് അത് ഉപേക്ഷിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ധ‌ര്‍മ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കഴിഞ്ഞതാണ്. ഇവിടെ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി.ദേവരാജന്‍റെ പേരാണ് യുഡിഎഫ് പരിഗണിച്ചിരുന്നത്. എന്നാല്‍ മത്സരിക്കാന്‍ ദേവരാജന്‍ തയ്യാറായില്ല. കെപിസിസി എന്ത് നിലപാടെടുക്കും എന്നത് നിര്‍ണായകമാകും. ധര്‍മ്മടത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog