അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം : കണ്ണൂര്‍ കലക്ടര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള അവശ്യ സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ പോസ്റ്റല്‍ ബാലറ്റിനായി നല്‍കുന്ന 12 ഡി ഫോറത്തിലെ അപേക്ഷകള്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളുമാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കേണ്ടത്. ഇങ്ങനെ നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്താത്ത അപേക്ഷകള്‍ പോസ്റ്റല്‍ ബാലറ്റിനായി പരിഗണിക്കുകയില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അപേക്ഷകള്‍ മാര്‍ച്ച്‌ 17ന് മുമ്ബായി റിട്ടേണിംഗ്് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണം.ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്‌ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്‌എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്.

വോട്ടര്‍മാര്‍ ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേകം സജ്ജമാക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രത്തില്‍ (പിവിസി) എത്തിയാണ് വോട്ട് ചെയ്യേണ്ടത്. പോസ്റ്റല്‍ ബാലറ്റ് വിതരണവും ഈ കേന്ദ്രത്തില്‍ വെച്ചായിരിക്കും. വോട്ടിംഗ് കേന്ദ്രം, വോട്ടിംഗിന്റെ തീയതി, സമയം എന്നിവ വോട്ടറെ എസ്‌എംഎസ്/ തപാല്‍ മാര്‍ഗത്തിലോ ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേനയോ അറിയിക്കും.

വോട്ടര്‍ക്ക് നിശ്ചയിക്കപ്പെട്ട ദിവസം സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് വോട്ട് ചെയ്യാം. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചവര്‍ക്ക് ഇത്തരത്തില്‍ വോട്ടിംഗ് കേന്ദ്രത്തിലൂടെ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ കേന്ദ്രങ്ങളില്‍ നിയോഗിക്കാവുന്നതാണ്.

പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ള മറ്റ് മൂന്ന് വിഭാഗങ്ങളായ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതരോ സംശയിക്കുന്നവരോ ആയ ആളുകള്‍ എന്നിവരും പോസ്റ്റല്‍ ബാലറ്റിനുള്ള 12 ഡി അപേക്ഷ മാര്‍ച്ച്‌ 17നകം വരണാധികാരിക്ക് നല്‍കണമെന്നും അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് : തിങ്കളാഴ്ച ലഭിച്ചത് മൂന്ന് പത്രികകള്‍

നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ തിങ്കളാഴ്ച ലഭിച്ചത് മൂന്ന് പത്രികകള്‍. ധര്‍മ്മടം മണ്ഡലത്തില്‍ രണ്ടും, കണ്ണൂര്‍ മണ്ഡലത്തില്‍ ഒരു പത്രികയുമാണ് ലഭിച്ചത്.

ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിണറായി വിജയന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. കെ പത്മരാജന്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സി എന്‍ ചന്ദ്രന്‍ എന്നിവരോടൊപ്പമാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്(എസ്) സ്ഥാനാര്‍ഥിയായ കടന്നപ്പള്ളി രാമചന്ദ്രനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കെ പി സഹദേവന്‍, യു ബാബു ഗോപിനാഥ് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
കഴിഞ്ഞ ദിവസം അഴീക്കോട് മണ്ഡലത്തിലേക്ക് എസ് യു സി ഐ സ്ഥാനാര്‍ഥി രശ്മി രവി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുള്‍പ്പെടെ നാല് പത്രികകളാണ് ജില്ലയില്‍ ആകെ ലഭിച്ചത്.

ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്;
ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്

മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്‌ ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായും ഭാഷാപരമായും സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതും നിലവിലുളള ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതുമായ ഒരു പ്രവര്‍ത്തനത്തിലും പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും കുറിച്ച്‌ വിമര്‍ശനം ഉന്നയിക്കുമ്ബോള്‍ അത് നയങ്ങള്‍, നടപടികള്‍, മുന്‍കാല പ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള പ്രവൃത്തികള്‍ എന്നിവയില്‍ ഒതുക്കി നിര്‍ത്തേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ പ്രവര്‍ത്തകരുടേയോ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല.

രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരില്‍ വ്യക്തികളുടെ വീടിന് മുന്‍പില്‍ പ്രകടനം നടത്തുക, പിക്കറ്റ് ചെയ്യുക എന്നിവ അനുവദനീയമല്ല. ശാന്തവും സമാധാനപരവുമായ കുടുംബജീവിതത്തിനുള്ള ഓരോ വ്യക്തിയുടെയും അവകാശം പൂര്‍ണമായും സംരക്ഷിക്കേണ്ടതാണ്.

അനുവാദമില്ലാതെ മറ്റൊരാളുടെ ഭൂമിയോ കെട്ടിടമോ ചുറ്റുമതിലോ പ്രചാരണ പ്രവര്‍ത്തനങ്ങളായി ഉപയോഗിക്കാന്‍ പാടില്ല. മറ്റു പാര്‍ട്ടിക്കാരുടെ പരിപാടികളില്‍ കുഴപ്പമുണ്ടാക്കുന്നതും അവിടെ ചെന്ന് തങ്ങളുടെ ലഘുലേഖകളോ മറ്റോ വിതരണം ചെയ്യുന്നതും കുറ്റകരമാണ്. ഒരു പാര്‍ട്ടിയുടെ പോസ്റ്ററുകളും ബാനറുകളും മറ്റും മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാന്‍ പാടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈതാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ അനുവദിക്കുമ്ബോള്‍ നിഷ്പക്ഷമായി എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരുപോലെ ലഭ്യമാക്കണം. ഔദ്യോഗിക ജോലികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുകയോ വോട്ടര്‍മാര്‍ക്ക് പണവും മറ്റ് പ്രലോഭനങ്ങളും നല്‍കുകയോ ചെയ്യരുത്. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന ഔദ്യോഗികമല്ലാത്ത ഐഡന്റിറ്റി സ്ലിപ്പുകളില്‍ ചിഹ്നം, പാര്‍ട്ടിയുടെ പേര്, സ്ഥാനാര്‍ഥിയുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്‍, റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ തുടങ്ങിയവ കൃത്യമായും പാലിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ സി വിജില്‍ വഴിയോ നിരീക്ഷകര്‍, റിട്ടേണിംഗ് ഓഫീസര്‍, സെക്ടര്‍ മജിസ്ട്രേറ്റ്, ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവരെ നേരിട്ടോ അറിയിക്കാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha