ഉരുക്കിയ സ്വര്‍ണം വായിലൊഴിച്ചു കൊടുത്ത് കൊലപ്പെടുത്തിയ റോമന്‍ ചക്രവര്‍ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വലിയ വലിയ യുദ്ധങ്ങളുടെയും, അതില്‍ വിജയിച്ച രാജാക്കന്മാരുടെയും കഥകള്‍ ചരിത്രത്തില്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും. അതേസമയം പരാജയപ്പെട്ടവരുടെ കഥകള്‍ പലപ്പോഴും ചരിത്രത്തിന്റെ താളുകളില്‍ നിന്ന് അപ്രത്യക്ഷമാകാറുണ്ട്. അവര്‍ക്ക് പിന്നീട് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? ചിലര്‍ വധിക്കപ്പെടും, മറ്റ് ചിലര്‍ ഇരുമ്ബഴിക്കുളില്‍ കാലം കഴിക്കും. അത്തരത്തില്‍ ശത്രുവിന്റെ കൈകളില്‍ കൊടും പീഡനങ്ങള്‍ സഹിച്ച ഒരാളാണ് റോമന്‍ ചക്രവര്‍ത്തിയായ വലേറിയന്‍. റോമന്‍ രാജാക്കന്മാരുടെ മരണത്തില്‍ ഏറ്റവും നാടകീയവും നിര്‍ഭാഗ്യകരവുമായി കണക്കാക്കുന്ന ഒന്നാണ് വലേറിയന്റെ മരണം. അതേസമയം തന്റെ ഭരണകാലത്ത് ക്രിസ്തുമതപീഡനത്തിന് പേര് കേട്ടയാളാണ് ഇതേ വലേറിയന്‍ ചക്രവര്‍ത്തി.അന്ന് ഒരുപാട് ആളുകള്‍ അവിടെനിന്നും പലായനം ചെയ്തിട്ടുണ്ട്.

പിന്നീട്, യുദ്ധത്തില്‍ പേര്‍ഷ്യയിലെ സസ്സാനിയന്‍ രാജാവായ ഷാപൂര്‍ ഒന്നാമന്‍ ചക്രവര്‍ത്തി വലേറിയനെ പിടികൂടി കസ്റ്റഡിയിലെടുത്തു. ഷാപൂരിന്റെ തടവില്‍ വലേറിയന് കൊടിയ അപമാനവും, പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. വലേറിയനെ അവിടെ ജീവനോടെ തൊലി ഉരിക്കുകയും, കാലു വയ്ക്കാനുള്ള പീഠമായി ഉപയോഗിക്കുകയും മറ്റും ഉണ്ടായതായി പറയപ്പെടുന്നു. ബൈസന്റൈന്‍ ചരിത്രകാരനായ സോസിമസ് പറയുന്നതനുസരിച്ച്‌, പേര്‍ഷ്യക്കാര്‍ക്കിടയില്‍ ഒരു അടിമയെ പോലെ വലേറിയന്‍ തന്റെ അവസാന ദിവസങ്ങള്‍ ചിലവഴിച്ചു. അതില്‍ ഏറ്റവും ദാരുണമായ കാര്യം വലേറിയനെ വധിച്ച മാര്‍ഗ്ഗമാണ്. ഉരുക്കിയ സ്വര്‍ണ്ണം വായിലൊഴിച്ചു കൊടുത്താണ് വധശിക്ഷ നടപ്പാക്കിയതത്രെ.

253 -ല്‍ വലേറിയന്‍ ചക്രവര്‍ത്തിയായപ്പോള്‍ റോം മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധിയുടെ മധ്യത്തിലായിരുന്നു. 50 വര്‍ഷത്തിനിടയില്‍, സാമ്രാജ്യം ആകെ 50 വ്യത്യസ്ത ചക്രവര്‍ത്തിമാര്‍ ഭരിച്ചു. പല ചക്രവര്‍ത്തിമാരും ഏതാനും മാസങ്ങള്‍ മാത്രമേ രാജ്യം ഭരിക്കുകയുണ്ടായുള്ളൂ. അവര്‍ എതിരാളികളാലോ സ്വന്തം സൈനികരാലോ വധിക്കപ്പെട്ടു. വലേറിയന്‍ ഏഴ് വര്‍ഷം രാജ്യം ഭരിച്ചു. എന്നാല്‍ റോമിന്റെ ഏറ്റവും വലിയ ശത്രുവായ പേര്‍ഷ്യക്കാര്‍ വലേറിയനെ കീഴടക്കി. പേര്‍ഷ്യയിലെ ഷാപൂര്‍ ഒന്നാമന്‍ ആയിരുന്നു വലേറിയന്റെ എതിരാളി. ഷാപൂര്‍ ആദ്യം മിസിചെ യുദ്ധത്തില്‍ റോമന്‍ ചക്രവര്‍ത്തിയായ ഗോര്‍ഡിയന്‍ മൂന്നാമനെ വധിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ പരാജയപ്പെടുത്തുകയും അന്ത്യോക്യ നഗരം പിടിച്ചെടുക്കുകയും ചെയ്തു. എന്നിരുന്നാലും, 260 -ല്‍ എഡെസ്സ യുദ്ധത്തില്‍ വലേറിയന്‍ ചക്രവര്‍ത്തിയെ കീഴടക്കിയതായിരുന്നു ഷാപൂരിന്റെ ഏറ്റവും വലിയ വിജയം.

വലേറിയന്‍ മരിക്കുമ്ബോള്‍ ആദ്യകാല ക്രിസ്ത്യന്‍ എഴുത്തുകാരനായ ലാക്റ്റാന്‍ഷ്യസിന് 20 വയസ്സായിരുന്നു. പേര്‍ഷ്യക്കാരുടെ കൈയില്‍ വലേറിയന്‍ ഒരു അടിമയായിരുന്നുവെന്ന് ലാക്റ്റാന്‍ഷ്യസ് എഴുതി. ഷാപ്പൂര്‍ രാജാവ് വലേറിയനെ ഒരു പാദ പീഠമായി ഉപയോഗിച്ചിരുന്നുവെന്നും ലാക്റ്റാന്‍ഷ്യസ് എഴുതി. "പേര്‍ഷ്യക്കാരുടെ രാജാവ്, അദ്ദേഹത്തെ തടവുകാരനാക്കി. വലേറിയന്റെ പുറത്ത് ചവിട്ടിയാണ് ഷാപ്പൂര്‍ രാജാവ് വണ്ടിയിലോ, കുതിരപ്പുറത്തോ കയറിയിരുന്നത്" അദ്ദേഹം എഴുതി. ഷാപൂര്‍ രാജാവിന് ഒടുവില്‍ വലേറിയനെ അപമാനിച്ച്‌ മടുത്തപ്പോള്‍ വലേറിയനെ വധിക്കാന്‍ തീരുമാനിച്ചു. അതിന് ഏറ്റവും വേദനാജനകമായ മാര്‍ഗ്ഗം തന്നെ ചക്രവര്‍ത്തി തെരഞ്ഞെടുത്തു. ഉരുക്കിയ സ്വര്‍ണം തൊണ്ടയില്‍ നിന്ന് താഴേക്ക് ഒഴിച്ചു കൊടുത്തു. ഇത് വലേറിയന്റെ അവയവങ്ങള്‍ വെന്ത് ഉരുകാനും, ശ്വാസകോശം നശിക്കാനും, ശ്വാസം മുട്ടാനും കാരണമായി.

ലാക്റ്റാന്‍‌ഷ്യസ് പറഞ്ഞ മറ്റൊരു മരണ കാരണം, വലേറിയനെ ജീവനോടെ തൊലിയുരിച്ചതാണ്. തുടര്‍ന്ന് ആ തൊലിയില്‍ വൈക്കോല്‍ നിറച്ച്‌, സ്റ്റഫ് ചെയ്ത് വയ്ക്കുകയും ചെയ്‌തു. സ്റ്റഫ് ചെയ്ത വലേറിയന്‍ രൂപം പേര്‍ഷ്യന്‍ വിജയത്തിന്റെ പ്രതീകമായും റോമാക്കാര്‍ക്ക് അവരുടെ ശക്തിയെക്കുറിച്ച്‌ കൂടുതല്‍ ആത്മവിശ്വാസമുണ്ടാകാതിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലായും നിലകൊണ്ടു. പേര്‍ഷ്യക്കാര്‍ക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു. വലേറിയനെതിരായ ഷാപൂര്‍ രാജാവിന്റെ വിജയം ഇറാനിലെ ഫാര്‍സിലെ നഖി-ഇ റുസ്താമിലെ പാറകളില്‍ അവര്‍ കൊത്തിവച്ചു. വലേറിയന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകനെ സ്വന്തം സൈന്യം വധിച്ചു. മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇതുപോലെ ഒരു ഡസനിലധികം റോമന്‍ ചക്രവര്‍ത്തിമാര്‍ കൊല്ലപ്പെടുകയോ, യുദ്ധത്തില്‍ മരണമടയുകയോ ചെയ്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha