ഫ്‌ളാറ്റില്‍ രക്തക്കറ, വൈഗയെ കൊണ്ട് പോയത് തോളില്‍ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ച്‌; മകളുമായി പിതാവ് അകലം പാലിച്ചിരുന്നതായി അമ്മയുടെ മൊഴി; സനു മോഹനെ കണ്ടെത്താനാകാതെ പോലീസ്; കേസില്‍ ദുരൂഹതയേറുന്നു
കണ്ണൂരാൻ വാർത്ത
കാക്കനാട്: മുട്ടാര്‍ പുഴയില്‍നിന്ന് പതിമൂന്നുകാരിയായ വൈഗയെന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിയുടെ പിതാവ് സനുമോഹനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ കേസില്‍ ദുരൂഹതകള്‍ നിറയുകയാണ്.നേരത്തെ സനുവിന്റെ വാഹനം വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിക്കുകയും ചെയ്തു. എന്നിട്ടും യാതൊരു തുമ്ബും കണ്ടെത്താനാകാതെ വന്നതോടെ സനുവിനെ തേടി രണ്ടാമത്തെ അന്വേഷണ സംഘവും തമിഴ്നാട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഇയാള്‍ ഒളിവില്‍ താമസിക്കാനിടയുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയത്.ഇതിനായി പ്രാദേശിക പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.ഇതിനിടെ സനുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരം പൂവാറില്‍നിന്ന് കണ്ടെത്തിയെങ്കിലും അയാളുടേതല്ലെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് നിര്‍ദേശ പ്രകാരം പൂവാറിലെത്തിയ ബന്ധുക്കളാണ് ഇത് സനുവിന്റേതല്ലെന്ന് ഉറപ്പാക്കിയത്. നേരത്തെ ആലുവയില്‍നിന്ന് കണ്ടെടുത്ത മറ്റൊരു മൃതദേഹവും ഇയാളുടേതാണെന്ന് സംശയമുയര്‍ന്നിരുന്നെങ്കിലും അതും സനുവിന്റേതല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു

അതേസമയം, സനു മകള്‍ വൈഗയെ കൊലപ്പെടുത്തിയതാണെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ കങ്ങരപ്പടിയിലെ ഇവരുടെ ഫ്‌ളാറ്റില്‍ നിന്നു ലഭിച്ച രക്തക്കറ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഫ്‌ളാറ്റില്‍ നിന്ന് ഞായറാഴ്ച രാത്രി പുറത്തേക്ക് പോകുമ്ബോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നെന്നും സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ അന്വേഷണസംഘം മനസിലാക്കിയിട്ടുണ്ട്.

ഇതിനിടെ, വൈഗയുമായി പിതാവ് സനുമോഹന്‍ രണ്ടു മാസമായി അകല്‍ച്ചയിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ രമ്യ പോലീസിന് മൊഴി നല്‍കി. നേരത്തെ വലിയ സ്‌നേഹം കാണിച്ചിരുന്ന ഭര്‍ത്താവ് കുറച്ചുനാളായി തന്നോടും മകളോടും മാനസികമായ അകലം പാലിച്ചിരുന്നുവെന്നാണ് ഭാര്യ വ്യക്തമാക്കിയത്.സനുമോഹനെ കാണാതായി ഒന്നരയാഴ്ചയായിട്ടും കാര്യമായ വിവരമൊന്നും ലഭിക്കാതെ കേസില്‍ ദുരൂഹത നിറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോലീസ് വീണ്ടും രമ്യയുടെ മൊഴിയെടുത്തത്. ആലപ്പുഴയിലെ ഇവരുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത