അയ്യങ്കുന്ന് വില്ലേജ് റീ സർവേ – പരാതികൾക്ക് താത്ക്കാലിക പരിഹാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി: അയ്യൻകുന്ന് വില്ലേജിൽ നടക്കുന്ന റീസർവെയുടെ ഭാഗമായി ഉയർന്ന പരാതികൾക്ക് താത്കാലിക പരിഹാരം. ആറളം വില്ലേജ് പരിധിയിൽപെട്ട എടൂരിൽ മരാമത്ത് റോഡും ജനവാസ കേന്ദ്രങ്ങളും കടന്ന് കല്ലിട്ടതായുള്ള പരാതിയിലാണ് താൽകാലിക പരിഹാരം കണ്ടെത്തിയത് . ഇതിന്റെ ഭാഗമായി എടൂർ ഭാഗത്ത് അതിരിട്ട് ഒഴുകുന്ന വെമ്പുഴയെ പൂർണമായി ആറളം വില്ലേജ് പരിധിയിലാക്കി കണക്കാക്കി അയ്യൻകുന്നിന്റെ അതിർത്തി നിശ്ചയിക്കാനാണ് തീരുമാനം. ഇതോടെ അയ്യൻകുന്നിൽ നടക്കുന്ന റീസർവെ തടസമില്ലാതെ തുടരാനാകുന്നതിനൊപ്പം പുഴയ്ക്ക് ഇപ്പുറം എടൂർ ഭാഗത്തുള്ള ജനങ്ങളുടെ ഭൂമിയുടെ ക്രയവിക്രയത്തെ ബാധിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകുകയും ചെയ്യും. പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള കർമ്മ സമിതി നൽകിയ നിവേദനത്തെ തുടർന്ന് സർവെ ഡെപ്യൂട്ടി ഡയറക്ടർ സ്വപ്ന മേലൂക്കടവൻ, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ, സർവെ സൂപ്രണ്ട് കെ. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു വിദഗ്ധ സംഘം സ്ഥല പരിശോധന നടത്തിയ ശേഷമാണ് നേരത്തെയുള്ള തൽസ്ഥിതി നടപ്പാക്കാൻ ധാരണയായത്.
ഒരു മാസം മുൻപ് റീ സർവേ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എടൂരിൽ ആറളം വില്ലേജിൽപെട്ട നിരവധി വീടുകളും ഏക്കർ കണക്കിന് കൃഷി ഭൂമിയും പുഴ പുറംപോക്ക് ആണെന്ന് നിലയിൽ സർവെ വിഭാഗം അതിർത്തി കല്ലുകൾ സ്ഥാപിച്ചതോടെയാണ് പ്രദേശവാസികൾ കടുത്ത ആശങ്കയിലായതും പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയും ചെയ്തത്. മുക്കാൽ നൂറ്റാണ്ടായി ആധാരവും പട്ടയവും സർവ രേഖകളുമായി നികുതിയടച്ച് കൈവശം വച്ചിരിക്കുന്ന ഭൂമിയാണ് പുഴ പുറംപോക്കാണെന്ന വിധത്തിൽ റീസർവെ വിഭാഗം അതിർത്തി നിർണയിച്ച് കല്ലിട്ടത്. എന്നാൽ ഇത് അന്തിമമല്ലെന്ന് അന്ന് റീസർവെ വിഭാഗം വ്യക്തമാക്കിയെങ്കിലും ജനങ്ങൾ ആശങ്കയിലായിരുന്നു.
അയ്യൻകുന്ന് വില്ലേജിൽ റീസർവെ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി അതിർത്തി അളന്നപ്പോഴാണ് ആറളം വില്ലേജിന്റെ ഭാഗത്ത് കടന്നു കയറിയ തായി പരാതി ഉയർന്നത്. നിലവിൽ വെമ്പുഴ അയ്യൻകുന്ന് വില്ലേജിലാണ്. അതേ സാഹചര്യത്തിൽ തുടർന്നാൽ പുഴയ്ക്ക് ഇപ്പുറം ആറളം വില്ലേജിൽപെട്ട എടൂർ ഭാഗത്തെ പ്രശ്‌നങ്ങളും പരിഹരിക്കണം. ഇത് കാലതാമസം ഉണ്ടാക്കും. ഇക്കാരണത്താലാണ് പുഴ ആറളത്തേക്ക് ആക്കി മാറ്റിയത്. പിന്നീട് ആറളം വില്ലേജിൽ റീസർവെ നടക്കുമ്പോൾ ഇപ്പോൾ കണ്ടെത്തിയ കാര്യങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നതോടെയെ പ്രതിസന്ധി ശാശ്വതായി പരിഹരിക്കപ്പെടൂ. 62 കുടുംബങ്ങളാണ് എടൂർ ഭാഗത്ത് റീസർവെ നടപടിയിലൂടെ പ്രതിസന്ധിയിലായിരുന്നത്. തൽസ്ഥിതി തുടരാൻ തീരുമാനിച്ചതോടെ ഇവരുടെ ഭൂമിയിൽ ഇപ്പോൾ ഇട്ട അതിർത്തി നിർണയ കല്ലുകൾക്ക് പ്രാബല്യം ഉണ്ടാവില്ല.
ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് നടപടിയെന്നും സ്ഥിതിഗതികൾ സംബന്ധിച്ച് കലക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും ഡപ്യൂട്ടി ഡയറക്ടർ സ്വപ്‌ന മേലൂക്കടവൻ അറിയിച്ചു. അയ്യൻകുന്നിനെ വിഭജിച്ച് പുതിയതായി കരിക്കോട്ടക്കരി വില്ലേജ് രൂപീകരിക്കുന്ന ഭാഗത്ത് വരുന്ന പ്രദേശങ്ങളിലാണ് ഇപ്പോൾ റീസർവെ നടക്കുന്നത്. എടൂർ പ്രശ്‌നത്തിൽ റീസർവെ നീണ്ടത് വില്ലേജ് പ്രഖ്യാപനത്തെയും ബാധിച്ചിരുന്നു. പ്രതിസന്ധി താൽക്കാലികമായാണങ്കിലും പരിഹരിക്കപ്പെട്ടതിനാൽ കരിക്കോട്ടക്കരി വില്ലേജ് വേഗം യാഥ്യാർഥ്യമാകും.
ഹെഡ് സർവെയർമാരായ മുഹമ്മദ് ഷെരീഫ്, റോയി ജോസഫ്, താലൂക്ക് സർവെയർ വി.കെ. സുരേഷ്, സീനിയർ ക്ലർക്ക് ടി.കെ. സുധീപൻ, കർമ്മ സമിതി ഭാരവാഹികളായ വി.കെ. ജോസഫ്, മത്തായി മേയിക്കൽ, ബാബു പറമ്പുകാട്ടിൽ, എടൂർ സെന്റ് മേരിസ് പാരിഷ് കോ – ഓർഡിനേറ്റർ പി.ജെ. പോൾ, ദേവസ്യ തോണക്കര, ബെന്നി കുന്നുമ്മേൽ, ജോർജ് തോണക്കര, പി.സി. വർഗീസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha