വിദ്യാര്‍ഥികളുടെ യാത്രാ ഇളവ്; നിലവിലുള്ള പാസ് ഉപയോഗിക്കാം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 14 January 2021

വിദ്യാര്‍ഥികളുടെ യാത്രാ ഇളവ്; നിലവിലുള്ള പാസ് ഉപയോഗിക്കാം

കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള പാസ്സില്‍ ബസ്സുകളില്‍ യാത്രാ ഇളവ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കി.

ഈ അധ്യയന വര്‍ഷത്തേക്കുള്ള കണ്‍സെഷന്‍ കാര്‍ഡുകള്‍ എത്രയും വേഗം തയ്യാറാക്കി വിതരണം ചെയ്യാനും ആര്‍ടിഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പുതിയ പാസ് ലഭിക്കുന്നതു വരെ നിലവിലുള്ള പാസ്സില്‍ യാത്രാ ഇളവ് അനുവദിക്കണം.

കണ്‍സഷന്‍ കാര്‍ഡ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈപ്പറ്റണം. ഇതിനായി സ്ഥാപന തലവന്‍ മുഖേന ആര്‍ടിഒ/ജോയിന്റ് ആര്‍ടിഒയ്ക്ക് കത്ത് നല്‍കണം. കഴിഞ്ഞ വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കാം. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി കണ്‍സെഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്‌തെടുത്ത ശേഷം അവ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ആര്‍ടിഒ/ജോയിന്റ് ആര്‍ടിഒ ഓഫീസര്‍ക്ക് പരിശോധനയ്ക്കായി നല്‍കണം. ഓഫീസിലെത്തി പാസുകള്‍ പരിശോധിക്കാന്‍  അംഗീകൃത ബസ്സുടമ സംഘടനാ പ്രതിനിധികള്‍ക്ക് സൗകര്യമൊരുക്കും. കോഴ്‌സ് കാലാവധി ഉള്‍പ്പെടെ രേഖപ്പെടുത്തിയ പാസ്സുകള്‍ ആര്‍ടിഒ/ ജോയിന്റ് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യും.

യോഗത്തില്‍ ആര്‍ടിഒ ഇ എസ് ഉണ്ണികൃഷ്ണന്‍, ഡിഡിഇ സി മനോജ് കുമാര്‍, കണ്ണൂര്‍ പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രസിഡണ്ട് കെ എന്‍ രാധാകൃഷ്ണന്‍, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം വി വത്സലന്‍, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത്, തലശ്ശേരി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ ഗംഗാധരന്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ ഫര്‍ഹാന്‍ മുണ്ടേരി, തസ്‌ലീം അടിപ്പാലം എന്നിവര്‍  പങ്കെടുത്തു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog