മഞ്ചേശ്വരം തുറമുഖം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാസർഗോഡ്/മഞ്ചേശ്വരം:
മഞ്ചേശ്വരം നിവാസികളുടെ സ്വപ്നപദ്ധതിയായ മീൻപിടിത്ത തുറമുഖം ഉദ്ഘാടനത്തിനൊരുങ്ങി. സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം നാടിന് സമർപ്പിക്കും. കേന്ദ്ര മൃഗസംരക്ഷണ-മീൻപിടിത്ത വകുപ്പ് മന്ത്രി ഗിരിരാജ് സിങ് മുഖ്യാഥിതിയായിരിക്കും. കോവിഡ് കാലമായതിനാൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനച്ചടങ്ങ്. നിർമാണജോലികൾ ഭൂരിഭാഗവും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

വടക്കേ പുലിമുട്ട് നിലവിൽ 530 മീറ്ററാണ് നീളം. ഇത് പൂർത്തിയായെങ്കിലും മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം 200 മീറ്റർ കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പണി പുരോഗമിക്കുകയാണ്.

തുറമുഖത്തിൽഎന്തെല്ലാം

തെക്കെ പുലിമുട്ട് 490 മീറ്റർ, വാർഫ് 100 മീറ്റർ നീളം, ലേലപ്പുര, ലോഡിങ് ഏരിയ, റിക്ലറേഷൻ ഡ്രഡ്ജിങ് 71,000 ഘന അടി, കാന്റീൻ, നെറ്റ് മെൻഡിങ് ഷെഡ്, വർക്‌ഷോപ്പ്, ഗിയർ ഷെഡ്, കടമുറികൾ, വിശ്രമകേന്ദ്രം, ശൗചാലയങ്ങൾ, ചുറ്റുമതിൽ എന്നിവ പൂർത്തിയായി. പാർക്കിങ് ഏരിയ, അപ്രോച്ച് റോഡ്, ഗേറ്റ്, ഗേറ്റ് ഹൗസ് എന്നിവയുടെ നിർമാണവും പൂർത്തിയായി.

കുടിവെള്ള സൗകര്യം വേണം

പദ്ധതിപ്രദേശത്ത് ഉപ്പുവെള്ളമായതിനാൽ കുടിവെള്ളസൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്.

മൂസോടിക്ക് സമീപം കിണർ കുഴിച്ച് വെള്ളമെത്തിക്കാൻ തുറമുഖ വകുപ്പ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം സാധ്യമായില്ല. തുടർന്ന് വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന അഴിമുഖപ്പാലത്തിന്റെ പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. 16.7 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

മൂന്നാമത്തെ തുറമുഖം

ജില്ലയിലെ മൂന്നാമത്തെ മീൻപിടിത്ത തുറമുഖമാണ് മഞ്ചേശ്വരത്തേത്. 2014 ഫെബ്രുവരി 20-ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് തുറമുഖത്തിന്റെ നിർമാണം ഉദ്ഘാടനംചെയ്തത്. 48.8 കോടി രൂപയാണ് തുറമുഖനിർമാണ ചെലവ്. അഴിമുഖ പാലം, പുലിമുട്ടിന്റെ നീളംകൂട്ടുന്നത് എന്നിവകൂടി ഉൾപ്പെടുമ്പോൾ മൊത്തം ചെലവ് 79.8 കോടി രൂപയാകും. പദ്ധതിച്ചെലവിന്റെ 75 ശതമാനം കേന്ദ്രാവിഷ്കൃത ഫണ്ടും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.

പേർക്ക്‌ തൊഴിൽ

തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ 4000 തൊഴിലാളികൾക്ക് പ്രത്യക്ഷമായി തൊഴിൽ ലഭ്യമാകും. 300 ബോട്ടുകൾക്ക് മീൻപിടിക്കാനുള്ള സൗകര്യവുമുണ്ടാകും. കാഞ്ഞങ്ങാട് മുതൽ മംഗളൂരു പനമ്പൂർ വരെയുള്ള തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളാണ് ഇവിടെ മീൻപിടിത്തത്തിനെത്തുന്നത്. പുണെ ആസ്ഥാനമായുള്ള സി.ഡബ്ല്യു.സി. ആർ.എസ്. ആണ് സാധ്യതാപഠനം നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha