കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡിൽ ചന്തപ്പുരയിൽ നിർമ്മിച്ച വണ്ണാത്തിക്കടവ് പുതിയ പാലത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ച 2.30ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. എം. വിജിൻ എം.എൽ.എ അധ്യക്ഷനാവും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, മുൻ എം.എൽ.എ ടി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ എന്നിവർ വിശിഷ്ടാതിഥികളാവും.
വണ്ണാത്തിപ്പുഴയ്ക്ക് കുറുകെ നിലവിലുള്ള വീതി കുറഞ്ഞ പഴയ പാലത്തിന് സമീപത്തായാണ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച 8.49 കോടി രൂപയിലാണ് പാലം നിർമ്മിച്ചത്. പാലത്തിന് 140 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ചന്തപ്പുര ഭാഗത്ത് 320 മീറ്റർ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മീറ്റർ നീളത്തിലും മെക്കാഡം ടാറിംഗ് നടത്തിയ അപ്രോച്ച് റോഡുണ്ട്. നിലവിലെ പഴയ പാലം വീതി കുറഞ്ഞതും അപകടാവസ്ഥയിലുമാണ്. ജനങ്ങളുടെ ചിരകാലാഭിലാഷമായ പുതിയ പാലം യാഥാർഥ്യമായതോടെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു