നൂതന പദ്ധതികളുടെ മധുരം; വിദ്യാഭ്യാസ മേഖലയ്ക്ക് മുൻതൂക്കം നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നൂതനമായ കാർഷിക പദ്ധതികളും ടൂറിസത്തിൽ പുതിയ കാൽവെപ്പുകളുമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ്. സമ്പൂർണ ശുചിത്വ വിദ്യാലയ പദ്ധതിയുമായി വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ മുൻതൂക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ച ബജറ്റ് 125,12,79,639 വരവും 122,91,85,000 രൂപ ചെലവും 2,20,94,639 മിച്ചവും പ്രതീക്ഷിക്കുന്നു. സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാൻറുകൾക്ക് അഞ്ച് കോടിയും വനാതിർത്തികളിൽ സൗരോർജ തൂക്കുവേലിക്ക് ഒരു കോടിയും വകയിരുത്തി. കാർഷിക മേഖലയിൽ മാംഗോ ഹണി, മാംഗോ മ്യൂസിയം, ഹൈടെക് നഴ്‌സറി, മെഡിസിൻ പ്ലാൻറ് നഴ്‌സറി, പഴവർഗ സംസ്‌കരണ യൂനിറ്റ്, കൂടാതെ വെങ്കലഗ്രാമം, ബാംബൂ ഗ്രാമം, പലഹാര ഗ്രാമം, സ്‌കൂഫെ-കഫെ അറ്റ് സ്‌കൂൾ, ഹെറിറ്റേജ് ബിനാലെ, വിധവാ മാട്രിമോണിയൽ, സർവശാന്തി തുടങ്ങിയ ശ്രദ്ധേയ പദ്ധതികൾ ബജറ്റ് വിഭാവനം ചെയ്യുന്നു. വിൻഡ് മിൽ പദ്ധതിയുടെ സാധ്യതാ പഠനവും മുന്നോട്ടുവെക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 27.10 കോടി രൂപ നീക്കിവെച്ച ബജറ്റിൽ കാർഷിക മേഖലയിൽ 6.55 കോടിയും ടൂറിസം രംഗത്ത് 2.15 കോടിയും വനിതാ രംഗത്ത് 1.15 കോടിയും വകയിരുത്തി.
കണ്ണൂരിനെ സമ്പൂർണ ശുചിത്വ വിദ്യാലയ ജില്ലയായി മാറ്റുന്നതിന് നാല് കോടി രൂപ വകയിരുത്തി. എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് ടോയ്‌ലെറ്റ് സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ടോയ്‌ലെറ്റുകൾ നിർമ്മിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ മികവിന് പ്രധാന പങ്ക് വഹിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടി ഈ വർഷവും തുടരുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി.
സ്‌കൂളുകളുടെ വികസനത്തിന് ആകെ 22.70 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന് കീഴിലുളള വിദ്യാലയങ്ങളിൽ ഫർണിച്ചർ വിതരണം ചെയ്യുന്നതിന് 1.80 കോടി രൂപയും അസംബ്ലി ഹാൾ നിർമ്മിക്കാൻ നാല് കോടി രൂപയും ഗ്രൗണ്ടുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപയും നീക്കിവെച്ചു. ക്ലാസ് മുറികൾ നിർമ്മിക്കാൻ 70 ലക്ഷം രൂപയും ലൈബ്രറി നിർമ്മിക്കാൻ 50 ലക്ഷം രൂപയും, ശാസ്ത്രലാബുകൾ അഭിവൃദ്ധിപ്പെടുത്താൻ 10 ലക്ഷം രൂപയും ഡിജിറ്റൽ ക്ലാസ് റൂം ഒരുക്കുന്നതിന് 25 ലക്ഷം രൂപയും കൗൺസിലിംഗ് സെന്റർ തയ്യാറാക്കാൻ 15 ലക്ഷം രൂപയും, ബാൻഡ് ട്രൂപ്പ് രൂപീകരിക്കാൻ 25 ലക്ഷം രൂപയും കമ്പ്യൂട്ടർ/ലാപ്‌ടോപ്പ് നൽകാൻ 50 ലക്ഷം രൂപയും, സിസിടിവി സ്ഥാപിക്കാൻ 20 ലക്ഷം രൂപയും ഔഷധസസ്യത്തോട്ടം നിർമ്മിക്കുവാൻ അഞ്ച് ലക്ഷം രൂപയും, ബയോഡൈവേഴ്‌സിറ്റി രജിസ്റ്റർ തയ്യാറാക്കാൻ രണ്ട് ലക്ഷം രൂപയും സ്‌കൂളുകളുടെ മറ്റ് അടിസ്ഥാന സൌകര്യ വികസനത്തിനും മെയിന്റനൻസിനുമായി 11 കോടി രൂപയുമടക്കമാണിത്.
 
മുൻഗണനാപട്ടിക പ്രകാരം വിവിധ പദ്ധതികൾക്ക് വകയിരുത്തിയ തുക

* ലൈഫ് ഭവന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 10.88 കോടി രൂപ.  
* വന്യമൃഗങ്ങളുടെ അതിക്രമം തടയാൻ വനാതിർത്തികളിൽ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കാൻ ഒരു കോടി രൂപ.
* കൃഷിക്കാർക്ക് സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ പറ്റുന്ന ലഘുകാർഷികോപകരണങ്ങൾ രൂപപ്പെടുത്താനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് 5.5 ലക്ഷം രൂപയും കാർഷിക യന്ത്രവൽക്കരണം പ്രോത്സാ ഹിപ്പിക്കാൻ 11 ലക്ഷം രൂപയും.
* ഭൗമസൂചികാ പദവിയിൽ ഇടം പിടിച്ച കുറ്റിയാട്ടൂർ മാങ്ങയിൽ നിന്നും മാംഗോ ഹണി യൂനിറ്റുകൾ ആരംഭിക്കാൻ മൂന്ന് ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്തിന് കീഴിലെ കൃഷി ഫാമുകളിൽ തനത് വരുമാനം വർധിപ്പിക്കാൻ തേനീച്ച വളർത്താൻ അഞ്ച് ലക്ഷം രൂപ.
* ജില്ലാ കൃഷി ഫാമിൽ ഹൈടെക് നഴ്‌സറി സ്ഥാപിക്കാൻ 10 ലക്ഷം രൂപ.
* ജല സംരക്ഷണം ഉറപ്പു വരുത്താൻ തോടുകളിലും ചെറുപുഴകളിലും തടയണയും വി.സി.ബി.കളും നിർമ്മിക്കാൻ 50 ലക്ഷം രൂപ.
* ചെറുതല്ല ചെറുധാന്യം പദ്ധതിയിൽ ജില്ലയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ.
* നെൽകൃഷി പ്രോത്സാഹനത്തിന് 1.20 കോടിയും, കൈപ്പാട് കൃഷി പ്രോത്സാഹനത്തിന് 25 ലക്ഷം രൂപയും, ജില്ലയിലെ നെൽകൃഷി വികസനത്തിന് സഹായകരമായി പാട ശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 64 ലക്ഷം രൂപയും വകയിരുത്തുന്നു.
* ജില്ലാ പഞ്ചായത്തിന് കീഴിലുളള കരിമ്പത്തെ ജില്ലാ കൃഷി ഫാം അപൂർവവും വൈവിധ്യമാർന്നതുമായ മാവുകളുടെ സംരക്ഷണ കേന്ദ്രമായി മാറ്റാനായി മാംഗോ മ്യൂസിയം സ്ഥാപിക്കാൻ രണ്ട് ലക്ഷം രൂപ.
* ആയുർവേദ മരുന്ന് ചെടികളുടെ ലഭ്യത ഉറപ്പു വരുത്താനാവശ്യമായ മെഡിസിൻ പ്ലാന്റ് നഴ്‌സറി തയ്യാറാക്കുന്നതിനും വിപണനം ഉറപ്പുവരുത്താനുമായി അഞ്ച് ലക്ഷം രൂപ.
* വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ ചെത്തിക്കൊടുവേലി ഉപയോഗിച്ച് ജൈവവേലി നിർമ്മിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹ ചര്യത്തിൽ കൃഷി ഫാമുകളിൽ ചെത്തിക്കൊടുവേലി തൈകൾ ഉത്പാദിപ്പിക്കാൻ രണ്ട് ലക്ഷം രൂപ.
* ജില്ലയിൽ ഉല്പാദിപ്പിക്കപ്പെടുന്ന ചക്ക, മാങ്ങ, കശുമാങ്ങ, ചാമ്പങ്ങ, പേരക്ക തുടങ്ങിയ പഴവർഗ്ഗങ്ങൾ സംഭ രിക്കാനും അത് ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ സംസ്‌ക്കരണ യൂണിറ്റ് ആരംഭിക്കാൻ മൂന്ന് ലക്ഷം രൂപ.
* കരിമ്പം കൃഷി ഫാമിൽ ഫാം എക്‌സിബിഷൻ ഡെമോ യൂണിറ്റ് സ്ഥാപിക്കാൻ അഞ്ച് ലക്ഷം രൂപ.
* കാർഷിക മേഖലയിലെ യന്ത്രവത്കരണവും ആധുനിക കൃഷി രീതികളും വള പ്രയോഗങ്ങളും കീടനിയന്ത്രണ സംവിധാനങ്ങളും കർഷകരെ പരിചയപ്പെടുത്താനും വിപണനത്തിന്റെയും മൂല്യവർധിത ഉല്പന്നങ്ങളുടെ സാധ്യതകൾ കർഷകർക്ക് മനസ്സിലാക്കാനും സഹായകരമായ 'ഫാർമേഴ്‌സ് കോൺക്ലേവ് സംഘടിപ്പിക്കുന്നതിന് 10 ലക്ഷം രൂപ.
* എല്ലാ സീസണിലും പൂവ് കൃഷി ചെയ്ത് ലഭ്യമാക്കാൻ സംരംഭകർക്ക് പ്രോത്സാഹനമായി 10 ലക്ഷം രൂപയും ഓണത്തിന് ഒരു കൊട്ട പൂവ്'ചെണ്ടുമല്ലി കൃഷിക്ക് 15 ലക്ഷം രൂപയും.
* അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി പുഴയരിക് സംരക്ഷിക്കാൻ കയർ ഭൂവസ്ത്രം വിരിക്കാൻ 20 ലക്ഷം രൂപയും വി.സി.ബി നിർമ്മി ക്കാനും പുഴ പുനരുജ്ജീവനത്തിനുമായി 40 ലക്ഷം രൂപയും.
* കല്ലുമ്മക്കായ കൃഷി പ്രോത്സാഹിപ്പിക്കാൻ 15 ലക്ഷം രൂപ വകയിരുത്തുന്നു.
* പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ആറ് ലക്ഷം രൂപ.
* കൈത്തറി സംഘ ങ്ങളുടെ വർക്ക് ഷെഡ് നവീകരണത്തിന് 50 ലക്ഷം രൂപ.
* വെങ്കലത്തിൽ കരവിരുത് പ്രകടമാക്കുന്ന ലോകത്തെ അപൂർവ്വം പ്രദേശങ്ങളിൽ ഒന്നായ കുഞ്ഞിമംഗലത്തെ ശിൽപികൾക്ക് പ്രോത്സാഹനവും, പുതിയ തല മുറയ്ക്ക് പരിശീലനവും പൊതുജനങ്ങൾക്ക് കാണാനും മനസ്സിലാക്കാനും സാധിക്കുന്ന സൗകര്യങ്ങളും മറ്റും ഏർപ്പെടുത്താനും ഉതകുന്ന വെങ്കല ഗ്രാമം പദ്ധതിക്ക് 20 ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്തിന് കീഴിലുളള കല്ല്യാശ്ശേരി സിവിൽ സർവ്വീസ് അക്കാദമിയിൽ നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കാൻ 40 ലക്ഷം രൂപ
* പരമ്പരാഗത മുളയുല്പന്നങ്ങൾ നിർമ്മിക്കുന്ന കുടുംബങ്ങൾ ഉള്ള പായം പഞ്ചായത്തിനെ ബാംബു ഗ്രാമമാ ക്കാൻ 10 ലക്ഷം രൂപ.
* പലഹാര വൈവിധ്യങ്ങൾ കൊണ്ടും രുചികൊണ്ടും ഏറെ പ്രത്യേകതകളുളള കണ്ണപുരം, ന്യൂമാഹി പഞ്ചായത്തുകളെ പലഹാര ഗ്രാമങ്ങളാക്കി മാറ്റാൻ 20 ലക്ഷം രൂപ.
* വിദ്യാലയങ്ങളിൽ ലഘുഭക്ഷണവും സ്റ്റേഷനറി സാധനങ്ങളും ലഭ്യമാക്കിയാൽ കുട്ടികളെ ടൗണുകളിലും പുറത്തുളള വ്യാപാര സ്ഥാപനങ്ങളിലും പോകുന്നത് ഇല്ലാതാക്കാനും ലഹരി മാഫിയകളിൽ നിന്ന് അകറ്റി നിർത്താനും സാധിക്കും. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് തൊഴിൽ സംരംഭമായി ജില്ലയിലെ സ്‌കൂളുകളിൽ സ്‌കൂഫെ-കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് 40 ലക്ഷം രൂപ.
* വനിതാ ഗ്രൂപ്പുകൾക്ക് ആട് ഫാം യൂനിറ്റുകൾ ആരംഭിക്കുവാൻ 15 ലക്ഷം രൂപ.
* വനിതകൾക്കും പെൺകുട്ടികൾക്കും ആയോധനകല, നീന്തൽ പരിശീലനം അഞ്ച് ലക്ഷം രൂപ.
* ബഡ്‌സ് സ്‌കൂളുകൾക്ക് ധനസഹായം നൽകുന്നതിന് 50 ലക്ഷം രൂപ
* വിധവകൾക്ക് തൊഴിൽ സംരംഭങ്ങളും പുനർ വിവാഹത്തിന് വിധവാ മാട്രിമോണിയലും ആരംഭിക്കുവാൻ അഞ്ച് ലക്ഷം രൂപ.
* രാത്രികൾ സ്ത്രീകൾക്കും കൂടി അവകാശപ്പെട്ടതാണെന്നത് പൊതുബോധമായി മാറ്റിയെടുക്കാൻ ഷീനൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ 20 ലക്ഷം രൂപ.
* പട്ടികജാതി യുവതീ യുവാക്കൾക്ക് സൈന്യത്തിൽ ചേരുന്നതിന് പ്രീ-റിക്രൂട്ടിംഗ് ട്രെയിനിംഗ് നൽകുന്നതിന് 10 ലക്ഷം രൂപയും, ഹെവി ഡ്രൈവിംഗ് പരിശീലനത്തിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തുന്നു.
* പട്ടികജാതി ഗ്രൂപ്പുകൾക്ക് വാദ്യസംഘം ആരംഭിക്കുവാൻ 25 ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പുനരധിവാസ പദ്ധതിയായ ആറളം നവജീവൻ കോളനിയുടെ സമഗ്ര വികസനത്തിന് 40 ലക്ഷം രൂപ.
* പട്ടികവർഗക്കാരായ 12ാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ സഹായിക്കാൻ എൻട്രൻസ് പരിശീലനം നൽകാൻ രണ്ട് ലക്ഷം രൂപ.
* പട്ടികവർഗ യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന് 25 ലക്ഷം രൂപ.
* പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിന് അഞ്ച് ലക്ഷം രൂപ.
* പട്ടികവർഗ വിദ്യാർഥിനികൾക്ക് ഹൈജീൻകിറ്റ് വിതരണം ചെയ്യാൻ രണ്ടര ലക്ഷം രൂപ.
* പ്രകൃതി ഭംഗിയാൽ മനോഹരമായ ആലക്കോട് പഞ്ചായത്തിലെ കാപ്പിമലയിൽ ടൂറിസ്റ്റ് വില്ലേജിനായി 50 ലക്ഷം രൂപ.
* ഗ്രാമപഞ്ചായത്തുകളിൽ പുതുതായി വികസിപ്പിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് 25 ലക്ഷം രൂപ.
* കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സ്വന്തമായ ടൂറിസ്റ്റ് കേന്ദ്രമായ ന്യൂമാഹി എം മുകുന്ദൻ പാർക്കിന്റെ വിപുലീകരണത്തിനും നവീകരണത്തിനു മായി 1.15 കോടി രൂപ വകയിരുത്തുന്നു.
* ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പൈതൽമല, പാലക്കയംതട്ട്, പാലുകാച്ചിമല, ചാൽ ബീച്ച് എന്നിവിടങ്ങളിൽ വിൻഡ് മിൽ സ്ഥാപിച്ച് കാറ്റിൽനിന്ന് വൈദ്യുതി ഉല്പാദനം ആരംഭിക്കാനുളള സാധ്യതാ പഠനത്തിനും പ്രാഥമിക പ്രവർത്തനങ്ങൾക്കുമായി 13 ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ഘടകസ്ഥാപനങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാൻ നാലര കോടി രൂപ.
* വിവാഹങ്ങൾക്കും മറ്റ് ആഘോഷാവസരങ്ങൾക്കും പറ്റിയ വിധത്തിൽ കണ്ണൂരിന്റെ സവിശേഷതകളോടുകൂടിയ, ഉയർന്ന ഗുണനിലവാരമുളള കൈത്തറി ത്തുണികൾ ഉത്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകാൻ കണ്ണൂർ പുടവയ്ക്ക് 12 ലക്ഷം രൂപ.
* കണ്ണൂരിന്റെ ചരിത്രം പുതുതലമുറക്ക് പകർന്നു നൽകാനും ചരിത്ര സ്മാരകങ്ങളായ കണ്ണൂർ കോട്ട, അറക്കൽ കൊട്ടാരം, മ്യൂസിയം, ചിറക്കൽ കൊട്ടാരം, ഏഴിമല, പുരാതന ക്ഷേത്രങ്ങൾ, മറ്റ് ആരാധനാലയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, കണ്ണൂരിലെ തനത് ഭക്ഷണ വിഭവങ്ങൾ, കലകൾ, കണ്ണൂർ കൈത്തറി തുടങ്ങിയവയെല്ലാം ലോകത്തിന് പരിചയപ്പെടുത്താനും സാധിക്കും വിധം ഹെറിറ്റേജ് ബിനാലെ സംഘടിപ്പിക്കാൻ 50 ലക്ഷം രൂപ.
* തോട്ടടയിലെ ബ്രെയിലി പ്രിന്റിംഗ് സൌകര്യങ്ങൾ മെച്ചപ്പെടുത്തി കാഴ്ച പരിമിതിയുളളവർക്കായി ബ്രെയിൽ ലിപിയിൽ വായനാ സാമഗ്രികൾ ലഭ്യമാക്കാൻ നാല് ലക്ഷം രൂപ. 2023-24 വർഷത്തിൽ 10 പുസ്തകങ്ങളെങ്കിലും തയ്യാറാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
* വയോജനങ്ങൾക്കായി വായനശാലകളിലും അംഗനവാടികളിലും പകൽ വീട് ഒരുക്കാൻ ഏഴ് ലക്ഷം രൂപയും, വയോജന കേന്ദ്രങ്ങളും പകൽ വീടുകളും മറ്റും കേന്ദ്രീകരിച്ച് കലാവിരുന്ന് സായന്തനത്തിലെ സായാഹ്ന വിരുന്ന് ഒരുക്കാൻ 15 ലക്ഷം രൂപയും.
* ജില്ലയിലെ മുഴുവൻ ഹൈസ്‌കൂൾ / ഹയർ സെക്കണ്ടറി സ്‌കൂളുകളും കേന്ദ്രീകരിച്ച് രക്ഷാകർതൃ ബോധവൽക്കരണം നടത്താൻ പരിശീലന സാമഗ്രികൾ തയ്യാറാക്കാനും പരിശീലനത്തിനും തുടർ പ്രവർത്തനങ്ങൾക്കുമായി ഒരു ലക്ഷം രൂപ.
* കണ്ണൂർ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 4.08 കോടി രൂപ.
* കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒന്നര കോടി രൂപ.
* കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയെ ജനനി എക്‌സലൻസ് സെന്ററായി ഉയർത്താൻ 20 ലക്ഷം രൂപ. ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ 50 ലക്ഷം രൂപയും വാഹനം വാങ്ങാൻ 15 ലക്ഷം രൂപയും സിസിടിവി സ്ഥാപിക്കാൻ രണ്ട് ലക്ഷം രൂപയും കെട്ടിടത്തിന്റെ മെയിന്റനൻസിന് 20 ലക്ഷം രൂപയും, സെക്കണ്ടറി പാലിയേറ്റീവ് സെന്ററിന് 10 ലക്ഷം രൂപയും പുതിയ കെട്ടിടങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നാല് ലക്ഷം രൂപയും ലാബ് റീ ഏജന്റ് വാങ്ങാൻ 12 ലക്ഷം രൂപയും, ദൈനംദിന ചെലവുകൾക്ക് രണ്ട് ലക്ഷം രൂപയുമടക്കം ആകെ 1.35 കോടി രൂപ.
* കണ്ണൂർ ജില്ലാ ആശുപത്രിയിൽ 24x7 സമയങ്ങളിലും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്കിന്റെ തുടർ നടത്തിപ്പിനായി 20 ലക്ഷം രൂപ.
* ട്രാൻസ്പാരന്റ് ആംബുലൻസ്: ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പുതിയ ആംബുലൻസ് വാങ്ങുന്നതിന് 20 ലക്ഷം രൂപ.
* ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ രോഗികളുടെ എണ്ണത്തിൽ കുറവ് വരുത്താനും, രോഗ പ്രതിരോധത്തിനുമായി ജനകീയ ആരോഗ്യ സാക്ഷരതാ പ്രചാരണം ആരംഭിക്കാൻ രണ്ട് ലക്ഷം രൂപ.
* വൃക്ക, കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് തുടർച്ച ലഭ്യമാക്കൽ പദ്ധതിയിലൂടെ രോഗം ബാധിച്ച പാവപ്പെട്ടവർക്ക് സർക്കാർ സ്ഥാപനമായ കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നുകൾ ലഭ്യമാക്കി ജില്ലാ ആശുപത്രിയിലെ സ്‌നേഹ ജ്യോതി ക്ലിനിക്കിൽ നിന്നും മരുന്ന് നൽകുന്ന ഈ പദ്ധതി ക്കായി 1.20 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.
* സമുദായ ശ്മശാനങ്ങൾ പൊതുശ്മശാനങ്ങൾ ആയി മാറ്റാൻ തയ്യാറുള്ളിടത്ത് സമുദായശ്മശാനങ്ങളെ ആധുനികവത്കരിച്ച് പൊതുശ്മശാനങ്ങളാക്കി മാറ്റുന്ന 'സർവ്വശാന്തി'ക്ക് 30 ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്തിന്റെ മുഖ്യവരുമാന സ്രോതസ്സുകളായ കൃഷിഫാമുകളെ ശക്തിപ്പെടുത്താനും ജില്ലയിലെ കാർഷിക മുന്നേറ്റത്തിന് സഹായക മാക്കാനുമായി 3.55 കോടി രൂപ.
* ക്ഷീരസംഘങ്ങൾ മുഖേന ശേഖരിക്കുന്ന പാലിന് സബ്‌സിഡി നൽകാൻ ഒന്നര കോടി രൂപയും, കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡ് എന്റർപ്രൈസസ് കം മിനി ഡയറി ഫാമിന് അഞ്ച് ലക്ഷം രൂപയും.
* ക്ഷീരവികസനം ലക്ഷ്യമാക്കി മികച്ച കന്നുകുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം വെച്ച് കാഫ് ബൂസ്റ്റർ പദ്ധതി നടപ്പിലാക്കാൻ രണ്ടര ലക്ഷം രൂപ.
* കൊമ്മേരി ആട് ഫാമിന്റെ വികസനത്തിന് 30 ലക്ഷം രൂപ.
* ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ വികസനത്തിനും ദൈനംദിന പ്രവർത്ത നങ്ങൾക്കുമായി 98 ലക്ഷം രൂപ.
* ഭിന്നശേഷി രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനത്തിന് അഞ്ച് ലക്ഷം രൂപയും ഭിന്നശേഷിക്കാർക്ക് മുച്ചക്രങ്ങൾ വാങ്ങുന്നതിന് 20 ലക്ഷം രൂപയും പ്രീ വൊക്കേഷണൽ തൊഴിൽ പരിശീലനത്തിന് 10 ലക്ഷം രൂപയും.
* കൊളപ്പയിലെ ഭിന്നശേഷി പരിശീലന കേന്ദ്രത്തിൽ എൽഇഡി ബൾബ് നിർമ്മാണത്തിനും റിപ്പയറിംഗിനുമുളള എൽഇഡി ക്ലിനിക്ക് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപ
* ബഡ്‌സ് സ്‌കൂളുകളിൽ സംഗീത സ്‌പോർട്‌സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപ.
* പട്ടികജാതി യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന് നാല് ലക്ഷം രൂപയും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നൽകുന്നതിന് അഞ്ച് ലക്ഷം രൂപയും.
* പട്ടികവർഗ യുവതീ യുവാക്കൾക്ക് യൂനിഫോം സേനയിൽ ജോലി ലഭിക്കാൻ പരിശീലനം നൽകാൻ ഏഴ് ലക്ഷം രൂപ.
* പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകാൻ രണ്ട് ലക്ഷം രൂപ.
കാൻസർ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന കണ്ണൂർ ഫൈറ്റ് കാൻസർ പദ്ധതിക്ക് 20 ലക്ഷം രൂപ.
* കേരളത്തിൽ 69 ലക്ഷം സെപ്റ്റിക് ടാങ്കുകളും കക്കൂസ് മലിനജല കുഴികളിലുമായി പ്രതിദിനം 8000 ഘനമീറ്റർ കക്കൂസ് മാലിന്യമാണ് സംഭരിക്കുന്നത്. ഇതിൽ പലതും നിറഞ്ഞ് കവിഞ്ഞ് മാലിന്യങ്ങൾ പൊതുജല സ്രോതസ്സുകളി ലേക്കും മണ്ണിലൂടെ കിണറുകളിലേക്കും മറ്റും കലരുകയാണ്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ വളരെ വലുതാണ്. ഫലപ്രദമായ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കലാണ് ഇതിന് പരിഹാരം. അഞ്ച് കോടി രൂപ ചെലവഴിച്ച് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും.
* ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള കണ്ണൂർ സയൻസ് പാർക്കിന്റെ വിപുലീകരണത്തിനും ആധുനികവത്കരണത്തി നുമായി 80 ലക്ഷം രൂപ.
* ജില്ലയിൽ പുതിയ വ്യവസായ പാർക്കുകൾക്ക് സ്ഥലം വാങ്ങുന്നതിന് ഒന്നര കോടി രൂപ.
* കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ജില്ലാ പഞ്ചായത്ത് വാങ്ങിയ 47.5 സെന്റ് സ്ഥലത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സ്ഥാപിച്ചാൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് താമസ സൗകര്യമൊരുക്കാനും ജില്ലാ പഞ്ചായത്തിന് തനത് വരുമാനം വർധിപ്പിക്കാനും സാധിക്കും. കണ്ണൂരിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സ്ഥാപിക്കാൻ ഒരു കോടി 70 ലക്ഷം രൂപ വകയിരുത്തുന്നു.
* വന്ധ്യകരണം ചെയ്ത് തെരുവ് നായകളുടെ അക്രമണ വാസന കുറക്കാൻ പടിയൂരിൽ ജില്ലാ പഞ്ചായത്ത് ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ വാഹനം വാങ്ങാൻ 12 ലക്ഷം രൂപയും മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ 30 ലക്ഷം രൂപയും.
* വേണ്ടത്ര കായിക പരിശീലകരെ കിട്ടാത്ത സാഹചര്യത്തിൽ ജില്ലയിൽ പുതിയ 1000 കായിക പരിശീലകരെ കണ്ടെത്തി പരിശീലനം നൽകാനും എല്ലാ വാർഡുകളിലും പരിശീലനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്താനും സാധിക്കുന്ന ഹെൽത്തി ഡിസ്ട്രിക്ട് പദ്ധതിക്ക് 10 ലക്ഷം രൂപയും ജില്ലയിലെ യുവജന ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്യാൻ 30 ലക്ഷം രൂപയും.
* ലിംഗസമത്വത്തെകുറിച്ചും ലിംഗനീതിയെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുന്നതിന് ജന്റർക്ലബ് രൂപീകരിക്കും.
* ജില്ലയിലെ കുടിവെളള സ്രോതസ്സുകൾ സംരക്ഷിക്കാനും കുടിവെളള വിതരണത്തിനുമായി ജലം സുലഭം ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ.
* പെരിങ്ങോം-വയക്കരയിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള അഞ്ച് ഏക്കർ വിസ്തൃതിയുളള കുളത്തിൽ മീൻ വളർത്താൻ രണ്ട് ലക്ഷം രൂപയും, സൌരോർജ പ്ലാന്റ് സ്ഥാപിക്കാൻ 20 ലക്ഷം രൂപയും.
* കേരളത്തിൽ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനം നൽകുന്ന ഹരിത കർമ്മസേനാംഗങ്ങൾക്ക് യൂണിഫോം നൽകുന്നതിന് 25 ലക്ഷം രൂപ.
* ജില്ലാ പഞ്ചായത്ത് ആസ്തിയിൽ 412.5 കിലോ മീറ്റർ ദൂരത്തിലായി 159 റോഡുകളാണുളളത്. ഘട്ടം ഘട്ടമായി മെക്കാഡം ടാറിംഗ് ചെയ്യുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി എട്ട് കോടി രൂപ വകയിരുത്തുന്നു. ജില്ലാ പഞ്ചായത്ത് റോഡുകളിലെ പാലങ്ങളും കൾവർട്ടുകളും പുതുക്കി പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തുന്നു.
* മുളക് കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും സാധ്യതയും കണക്കിലെടുത്ത് കർഷകർക്ക് കൂടുതൽ വിളവും ലാഭവും ലഭിക്കുന്ന കണ്ണൂർ ചില്ലീസ് മുളക് കൃഷി ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ.
* സവിശേഷമായ ഒരു ജൈവ ആവാസ വ്യസ്ഥയാണ് കണ്ടൽക്കാടുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനും നേരിൽ കണ്ടറിയാനും കണ്ടൽ മ്യൂസിയം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ.

ബജറ്റ് ചർച്ചയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ വി കെ സുരേഷ് ബാബു, അംഗങ്ങളായ എം. രാഘവൻ, ഇ വിജയൻ മാസ്റ്റർ, തോമസ് വക്കത്താനം, എൻ പി ശ്രീധരൻ, ടി തമ്പാൻ മാസ്റ്റർ, വി. ഗീത, ടി.സി. പ്രിയ, എം. ജൂബിലി ചാക്കോ, കെ. താഹിറ, സി പി. ഷിജു, എ. മുഹമ്മദ് അഫ്‌സൽ, ലിസി ജോസഫ്, കല്ലാട്ട് ചന്ദ്രൻ, എസ്.കെ ആബിദ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരായ പി.പി. ഷാജിർ, പി.വി. വത്സല, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ അഡ്വ. ടി. സരള, അഡ്വ. കെ.കെ. രത്‌നകുമാരി, യു.പി. ശോഭ, സെക്രട്ടറി എ.വി. അബ്ദുല്ലത്തീഫ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha