അടൂർ: പാചകവാതകം ചോർന്ന് വീടിന് തീ പിടിച്ചു. അടൂർ പള്ളിക്കൽ ഊന്നുകൽ കല്ലായിൽ രതീഷിന്‍റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഏഴിന് വീട്ടുകാർ സമീപത്തുള്ള ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു അപകടം. അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ ചോർന്ന് മുറിയിൽ നിറയുകയും കത്തിക്കൊണ്ടിരുന്ന വിറകടുപ്പിൽ നിന്നും വാതകത്തിന് തീ പിടിക്കുകയുമായിരുന്നു.
വീട്ടിൽ നിന്ന് ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ അടൂർ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു. അടച്ചിട്ട മുറിയിൽ ചൂട് കൂടി ശക്തമായ മർദത്തിൽ വലിയ ശബ്ദത്തോടെ ഗ്ലാസ് ജനലുകൾ പുറത്തേക്ക് പൊട്ടിച്ചിതറി സമീപത്ത് തടിച്ചു കൂടിയിരുന്ന ആളുകൾക്കിടയിലേക്ക് തെറിച്ചു. ചിതറി തെറിച്ച ഗ്ലാസ് കഷണം ശരീരത്തിൽ തറച്ച് സമീപവാസിയായ പണയിൽ വാഴപ്പള്ളിൽ വടക്കേതിൽ ഭാനുവിന് (63) പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും വീടിന്‍റെ വാതിലുകൾ ഇരുമ്പ് പട്ട ഉപയോഗിച്ച് പൂട്ടിയിരുന്നതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല. ആളുകൾ അറിയിച്ചതനുസരിച്ച് ക്ഷേത്രത്തിൽ നിന്നും വീട്ടുകാർ മടങ്ങിയെത്തി താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കയറി വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു