പിണറായി പെരുമ സർഗോത്സവം ഏപ്രിൽ 1ന്‌ തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി : പിണറായി പെരുമ സർഗോത്സവത്തിന്‌ ഏപ്രിൽ ഒന്നിന്‌ പിണറായി കൺവൻഷൻ സെന്ററിൽ തിരിതെളിയും. രണ്ടാഴ്‌ച നീളുന്ന കലകളുടെ മഹോത്സവം ഡോ. വസന്തകുമാർ സാംബശിവന്റെ ‘മൃതിക്കുമപ്പുറം’ കഥാപ്രസംഗത്തോടെ ആരംഭിക്കും. രണ്ടു മുതൽ ഏഴുവരെ നാടകോത്സവം. 
  
ഏപ്രിൽ ആറു മുതൽ 14വരെയുള്ള മെഗാമേളയിൽ ചലച്ചിത്രതാരങ്ങളായ പത്മശ്രീ ശോഭന, നവ്യാ നായർ, സിനിമാ പിന്നണിഗായകരായ എം.ജി. ശ്രീകുമാർ, വിനീത്‌ ശ്രീനിവാസൻ എന്നിവർ നൃത്തവും പാട്ടുമായെത്തും. മ്യൂസിക്കൽ ബാൻഡുമായി ഹരിശങ്കറും ആൽമരവും പെരുമയിൽ ഓളം തീർക്കും. അഞ്ചിന്‌ വൈകിട്ട്‌ കവിസംഗമവും ഏഴിന്‌ അമ്പത്‌ ചിത്രകാരന്മാർ പങ്കെടുക്കുന്ന തെരുവോര ചിത്രസംഗമവും. 
 
പിണറായി ടൗണിൽ ദിവസവുമുള്ള തെരുവരങ്ങിൽ ചരട്‌കുത്തി കോൽക്കളി, മുടിയേറ്റ്‌, നാടൻപാട്ട്‌, മാപ്പിളകോൽക്കളി, തെരുവ്‌നാടകം, ചെണ്ട ഫ്യൂഷൻ തുടങ്ങിയ കലാപരിപാടികളുണ്ടാവും. സർഗോത്സവ ദിവസങ്ങളിൽ പിണറായി ടൗൺ ലേസർ വർണദീപങ്ങളാൽ അലങ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, രാഷ്‌ട്രീയനേതാക്കൾ, എം.പി, എം.എൽ.എ, സാഹിത്യകാരന്മാർ, കലാകാരന്മാർ, ചലച്ചിത്രതാരങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ 14വരെ നീളുന്ന സർഗോത്സവത്തിൽ അതിഥികളായെത്തും. 

ജലോത്സവവും പുഷ്‌പഫല പ്രദർശനവും

പിണറായി പെരുമയുടെ ഭാഗമായി ജലോത്സവവും പുഷ്‌പഫല –ശാസ്‌ത്ര പ്രദർശനവുമൊരുക്കിയിട്ടുണ്ട്‌. എട്ടു മുതൽ 14വരെ അഞ്ചരക്കണ്ടിപ്പുഴയിലാണ്‌ ജലോത്സവം. കയാക്കിങ്‌, വള്ളംകളി മത്സരം, ബോട്ടുസവാരി, വാട്ടർ സ്‌കൂട്ടർ തുടങ്ങി ആകർഷകമായ ഇനങ്ങൾ ജലോത്സവത്തിന്റെ ഭാഗമായുണ്ടാവും. നാലു മുതൽ 14വരെയുള്ള പ്രദർശനത്തിൽ സംസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളുടെ സ്‌റ്റാളുകളുണ്ടാവും. ഫുഡ്‌കോർട്ട്‌, അമ്യൂസ്‌മെന്റ്‌ പാർക്ക്‌ എന്നിവയും സജ്ജമാക്കും. 

സൈക്കിൾ റൈഡ്‌ നാളെ, 29ന്‌ ഫ്ലാഷ്‌മോബ്‌  

പിണറായി പെരുമയുടെ സന്ദേശവുമായി 19ന്‌ തലശേരിയിൽനിന്ന്‌ പിണറായിയിലേക്ക്‌ സൈക്കിൾ റൈഡ്‌ സംഘടിപ്പിക്കും. കണ്ണൂർ സൈക്ലിങ്ങ്‌ ക്ലബ്ബിന്റെ സഹകരണത്തോടെയുള്ള റൈഡ്‌ കടൽപ്പാലത്തിന്‌ സമീപം രാവിലെ 6.30ന്‌ സബ്‌കലക്ടർ സന്ദീപ്‌കുമാർ ഉദ്‌ഘാടനംചെയ്യും. മുഴപ്പിലങ്ങാട്‌, എടക്കാട്‌, കാടാച്ചിറ, പെരളശേരി, മമ്പറം വഴി പിണറായിയിൽ സമാപിക്കും. സമാപനച്ചടങ്ങിൽ എ.എസ്‌.പി അരുൺ കെ. പവിത്രൻ മുഖ്യാതിഥിയാവും. 

ഗവ. ബ്രണ്ണൻ കോളേജ്‌ എൻ.എസ്‌.എസ്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ 29ന്‌ ധർമടം മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിൽ ഫ്ലാഷ്‌മോബ്‌ അവതരിപ്പിക്കും. 31ന്‌ രാത്രി കണ്ണൂർ പൊലീസ്‌ ടർഫിൽ പെരുമ സംഘാടകസമിതി ടീമും കണ്ണൂർ പ്രസ്‌ക്ലബ്‌ ടീമും തമ്മിൽ സൗഹൃദ ക്രിക്കറ്റ്‌ മത്സരം. പിണറായി പെരുമ കൾച്ചറൽ ആൻഡ്‌ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ 2017 മുതലാണ്‌ പിണറായി പെരുമ സർഗോത്സവം ആരംഭിച്ചത്‌. 

ജനലക്ഷങ്ങൾ പങ്കെടുക്കുന്ന വടക്കൻകേരളത്തിലെ പ്രധാന കലാമാമാങ്കമായി പിണറായി പെരുമ അഞ്ചാംസീസൺ മാറുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കക്കോത്ത്‌ രാജൻ, കൺവീനർ ഒ.വി. ജനാർദനൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.ടി. ദാസൻ, ഭാരവാഹികളായ പ്രൊഫ. കെ. ബാലൻ, അഡ്വ. വി. പ്രദീപൻ, ടി.പി. രാജീവൻ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha