കണ്ണൂർ : വന്യമൃഗ സംരക്ഷണ മേഖലയിൽ, വന്യമൃഗങ്ങളെ അകറ്റിനിർത്താനുള്ള വിവിധ ഉപകരണങ്ങൾ, അലാം സിഗ്‌നലുകൾ എന്നിവ സ്ഥാപിക്കാനുള്ള നിർദേശവുമായി ജില്ലാ പഞ്ചായത്തിന്റെ കരടു പദ്ധതി രേഖ. വികസന സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ അവതരിപ്പിച്ച കരടുരേഖയിലെ മുന്നൂറോളം പദ്ധതികൾ 16 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്തു.
സൗരോർജവേലി, കണ്ണൂർ ചില്ലീസ് മുളക് കൃഷി പദ്ധതി, ചെറുധാന്യം, സൂര്യകാന്തി കൃഷി വ്യാപനം, കണ്ണൂർ ഹെറിറ്റേജ് ബിനാലെ, മലയാളം പുസ്തകങ്ങളുടെ ബ്രെയ്‌ലി ലിപി അച്ചടി, പട്ടികജാതി വിഭാഗക്കാർക്ക് അണിയലം നിർമാണ കേന്ദ്രങ്ങൾ, ശ്മശാനങ്ങളുടെ നവീകരണം, കവിതകളുടെ സർഗാത്മക പഠനം, ടൂറിസം കേന്ദ്രങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം, പൈതൽമല, പാലക്കയംതട്ട്, ചാൽ ബീച്ച് എന്നീ ടൂറിസം കേന്ദ്രങ്ങളിൽ കാറ്റാടി യന്ത്രം ഉപയോഗിച്ച് വൈദ്യുതി ഉൽപാദനം എന്നിവ കരടു പദ്ധതി രേഖയിലെ പ്രധാന നിർദേശങ്ങളാണ്.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. ഗംഗാധരൻ പ്രത്യേക ഘടക പദ്ധതികൾ വിശദീകരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്‌സ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുരേഷ് ബാബു, കെ.കെ. രത്‌നകുമാരി, ടി. സരള, അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എം. കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു