ന്യൂമാഹി: കവിയൂർ മങ്ങാട് മാഹി ബൈപാസ് അടിപ്പാതയ്ക്ക് സമീപത്തെ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനിടെ മറിഞ്ഞുവീണ് മൂന്നു പേർക്ക് സാരമായി പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അസം സ്വദേശികളായ ദിലീപ് (38), രാജു (30), കണ്ണൂർ എടക്കാട് സ്വദേശി രാജേഷ് (48) എന്നിവർക്കാണ് പരിക്കേറ്റത്. ദിലീപിന് തലയ്ക്ക് സാരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.രാജേഷിന് കാലിന് ഗുരുതരമായ പരിക്കാണ്.
അടിപ്പാതയുടെ പടിഞ്ഞാറുവശത്തെ വൈദ്യുതി തൂണുകൾ ബൈപാസ് സർവീസ് റോഡിനു സമാന്തരമായി മാറ്റുന്നതിനിടെയാണ് അപകടം. സർവീസ് റോഡരികിൽ പുതുതായി നിക്ഷേപിച്ച ഇളകിയ മണ്ണിൽ വൈദ്യുത തൂൺ സ്ഥാപിച്ചതാണ് മറിഞ്ഞുവീഴാൻ കാരണമായതെന്നാണ് സൂചന. 2 വൈദ്യുതി തൂണുകൾ പൂർണമായും കുഴിയിൽ നിന്നും പുറത്തായ നിലയിൽ മറിഞ്ഞ് വീഴുകയായിരുന്നു.
തൂണിൽ സേഫ്റ്റി ബെൽറ്റ് ധരിച്ച് ജോലി ചെയ്യുകയായിരുന്നതിനാൽ മറിഞ്ഞു വീഴുമ്പോൾ മൂന്നു പേർക്കും ചാടാൻ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുതൂണുകൾക്കിടയിലും കുടുങ്ങിയ നിലയിലാണ് നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തിയത്. വൈദ്യുതി വകുപ്പ് ബൈപാസ് നിർമാണ കമ്പനിയായ ഇ.കെ.കെ. കമ്പനിക്ക് നിർമാണ ചുമതല കൈമാറിയിരുന്നു. ഉപകരാർ ഏറ്റെടുത്തവരുടെ ജോലിക്കാരാണ് അപകടത്തിൽ പെട്ടത്. അശ്രദ്ധമായി നടത്തിയ നിർമാണമാണ് അപകടത്തിന് വഴിവച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു