സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 20 February 2022

സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു 
ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് പ്രഖ്യാപനത്തിന്റെയും തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെയും ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വരാജ് ട്രോഫി, മഹാത്മ ജില്ലാതല പുരസ്‌കാര വിതരണവും സെമിനാറുകളും നടത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപനം വേദിയിൽ തൽസമയം പ്രദർശിപ്പിച്ചു.
 ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് പ്രഖ്യാപനം നടത്തിയ കേരള സർക്കാർ തീരുമാനം രാജ്യത്തിനു മാതൃകയാണെന്നും എം.എൽ.എ പറഞ്ഞു. ജില്ലാതലത്തിൽ സ്വരാജ് ട്രോഫി ഒന്നാംസ്ഥാനം നേടിയ പാപ്പിനിശേരി പഞ്ചായത്തിനുള്ള പുരസ്‌കാരം പ്രസിഡന്റ് എ.വി സുശീലയും രണ്ടാംസ്ഥാനം നേടിയ ചെമ്പിലോട് പഞ്ചായത്തിനുള്ള പുരസ്‌കാരം പ്രസിഡന്റ് കെ. ദാമോദരനും ഭരണസമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ഏറ്റുവാങ്ങി. മഹാത്മ പുരസ്‌കാരം നേടിയ പെരിങ്ങോം- വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി എം ഉണ്ണികൃഷ്ണനും എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം പി ശ്രീഷയും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയായി.
വൈസ്പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി പി ഷാജിർ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ജില്ലാ ടൗൺ പ്ലാനർ പി രവികുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, പി എ യു പ്രൊജക്ട് ഡയരക്ടർ ടൈനി സൂസൺ ജോൺ, കണ്ണൂർ എൽ എസ് ജി ഡി എക്‌സി. എൻജിനിയർ സി എം ജാൻസി എന്നിവർ പങ്കെടുത്തു.
 
രാവിലെ നടന്ന സെമിനാറിൽ തദ്ദേശ ഭരണം ഭാവിയിൽ- നവകേരളം കർമപദ്ധതി എന്ന വിഷയം കണ്ണൂർ സർവകലാശാല മുൻ ഡീൻ റിട്ട. പ്രൊഫ. ഡോ. ഗ്രിഗറിയും കില റിസോഴ്‌സ് പേഴ്‌സൺ ഡോ. കെ പി എൻ അമൃതയും അവതരിപ്പിച്ചു. സംയോജിത തദ്ദേശ സ്വയംഭരണ സർവീസ് എന്ന വിഷയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ ടി ജെ അരുൺ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരൻ മോഡറേറ്റാറായി. 
വിവിധ തദ്ദേശ സ്ഥാപനങ്ങളിലും പഞ്ചായത്ത് ദിനാഘോഷ പരിപാടികൾ നടത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog