പാനൂർ ടൗണിൽ നാളെമുതൽ ഗതാഗതക്രമീകരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 31 December 2021

പാനൂർ ടൗണിൽ നാളെമുതൽ ഗതാഗതക്രമീകരണം


പാനൂർ : ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജനുവരി ഒന്നുമുതൽ ഗതാഗതക്രമീകരണം നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ വി. നാസറും പാനൂർ പ്രിൻസിപ്പൽ എസ്.ഐ. സി.സി. ലതീഷും അറിയിച്ചു.

നാൽക്കവലയിൽ നാലുഭാഗത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ദൂരപരിധി നിശ്ചയിച്ച് അടയാളപ്പെടുത്തും. കൂത്തുപറമ്പ് റോഡിൽ പാർക്ക് ചെയ്യുന്ന ടാക്സി കാറുകൾ പുത്തൂർ റോഡിലുള്ള പഴയ വില്ലേജ് ഓഫീസ് പൊളിച്ച സ്ഥലത്ത് പാർക്ക് ചെയ്യണം. കൂത്തുപറമ്പ് റോഡിൽ നിലവിലെ ടാക്സിസ്റ്റാൻഡിൽ ഇരുചക്രവാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. പുത്തൂർ റോഡിലെ ഓട്ടോറിക്ഷകൾക്ക് സബ് രജിസ്ട്രാർ ഗെയിറ്റ് മുതൽ പഴയ നഗരസഭ ഓഫീസ് വരെ നിർത്തിയിടാം. സ്വർണമഹൽ ജൂവലറി കഴിഞ്ഞ് ബസ്‌സ്റ്റാൻഡ് ഭാഗത്തേക്ക് ഒരുവശത്ത് മാത്രമായി ഇരുചക്രവാഹനം, സ്വകാര്യ കാർ എന്നിവ പാർക്ക് ചെയ്യുവാനുള്ള സൗകര്യമൊരുക്കും. പുത്തൂർ റോഡിലെ ബസ്‌സ്റ്റോപ്പ് നഗരസഭ ഓഫീസ് പരിസരത്തേക്ക് മാറ്റും. കൂത്തുപറമ്പ് റോഡിൽ പഴയ വൈദ്യുതി ഓഫീസിന് മുൻവശത്തും അയ്യപ്പക്ഷേത്രം കനാൽ പരിസരത്തും സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.

കൂത്തുപറമ്പ് റോഡിലും പാനൂർ ആസ്പത്രി മുൻവശവും നിലവിലെ സ്ഥിതി തുടരും. ടെമ്പോസ്റ്റാൻഡ്‌ നഗരസഭാ ഓഫീസിന്റ മുൻവശത്ത് നിലവിലെ സ്ഥിതിയിൽ തുടരും. ചമ്പാട് വഴി തലശ്ശേരിയിൽനിന്നും പൂത്തൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ ബൈപ്പാസ് റോഡ്‌ വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. പുത്തൂർ ഭാഗത്തുനിന്ന് പൂക്കോം ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങളും ബൈപ്പാസ് വഴി പോകണം. ചമ്പാട് റോഡിൽ കാലത്ത് എട്ടുമുതൽ 10 വരെയും വൈകീട്ട് മൂന്നുമുതൽ 5.30 വരെയും വാഹനം നിർത്തിയിട്ട് സാധനങ്ങൾ ഇറക്കരുത്. ചമ്പാട് റോഡിൽ ശ്രീനാരായണ ഷോപ്പിനു പരിസരം അനുവദിക്കപ്പെട്ട സമയങ്ങളിൽ ഒരു വലിയ ലോറി മാത്രം നിർത്തി സാധനങ്ങൾ ഇറക്കണം. പൂക്കോം ഭാഗത്തുനിന്ന് ചമ്പാട്, തലശ്ശേരി ഭാഗത്തേക്കു പോകേണ്ട സ്വകാര്യവാഹനങ്ങൾ നജാത്തുൽ ഇസ്‌ലാം സ്കൂളിനോടു ചേർന്ന റോഡ് വഴി പോകണം. റോഡ് വൺവേ ആയിരിക്കും. ചമ്പാട് ഭാഗത്തുനിന്നുള്ള സ്വകാര്യവാഹനങ്ങൾ ബി.എസ്.എൻ.എൽ. ഓഫീസ് റോഡുവഴി പോകണം. ഇതും വൺവേ ആണ്. പോലീസ്‌ സ്റ്റേഷൻ പരിസരത്തുനിന്ന് കൂത്തുപറമ്പിലേക്ക് പോകേണ്ട സ്വകാര്യ വാഹനങ്ങൾ ഖുർആൻ കോളേജ് റോഡ് വഴി പോകണം. പൂക്കോം ഭാഗത്തുനിന്ന് പാറാട്, കൈവേലിക്കൽ ഭാഗത്തേക്ക് പോകേണ്ട സ്വകാര്യവാഹനങ്ങൾ ബസ്‌സ്റ്റാൻഡ്‌ വഴി ബൈപ്പാസ് റോഡിലൂടെ പോകണം

ടൗണിലെ സ്റ്റാൻഡിലുള്ള ഓട്ടോറിക്ഷകൾക്ക് നഗരസഭ നമ്പർ സംവിധാനം ഏർപ്പെടുത്തും. പോലീസ് സ്റ്റേഷൻ പരിസരവും കനാൽമുതൽ ഗുരുസന്നിധിവരെയും ബസ്‌സ്റ്റാൻഡ്‌ ബേസിൽ പീടിക ഒരുവശവും സ്വർണമഹൽ ജൂവലറിമുതൽ നജാത്തുൽ സ്കൂൾ മതിൽവരെ ഒരുവശത്ത് കാർ പാർക്കിങ് സൗകര്യമുണ്ടാകും. പൂക്കോം റോഡിൽ നിലവിലെ സ്ഥിതി തുടരും. ഡിസംബർ ഒന്നുമുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. മുന്നൊരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ നീട്ടിവെക്കുകയായിരുന്നു. പത്രസമ്മേളനത്തിൽ സഗരസഭ ഉപാധ്യക്ഷ പ്രീത അശോക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി ഹാഷിം, അശീഖ ജുംന, ടി.കെ. ഹനീഫ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog