മലയോരത്ത് വ്യാപകമായി റോഡരിക് കൈയേറുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 15 November 2021

മലയോരത്ത് വ്യാപകമായി റോഡരിക് കൈയേറുന്നുപേരാവൂർ: മലയോരത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡരികും അനുബന്ധ ഭൂമിയും വ്യക്തികൾ വ്യാപകമായി കൈയേറിയിട്ടും നടപടിയെടുക്കാതെ അധികൃതർ. കൈയേറ്റങ്ങൾക്ക് ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്കിയിട്ടും നടപടിയുണ്ടാവാത്തത് കൈയേറ്റം തുടരാൻ വഴിയൊരുക്കുകയും ചെയ്യുന്നു.

പേരാവൂർ നിയോജകമണ്ഡലത്തിൽ ഇരിട്ടി പൊതുമരാമത്ത് ഡിവിഷനുകീഴിൽ ഇരിട്ടി-നിടുമ്പൊയിൽ റോഡ്, പേരാവൂർ-മണത്തണ-അമ്പായത്തോട്-വയനാട് റോഡ് തുടങ്ങി വിവിധ റോഡുകളുടെ അരികിൽ നിരവധി കെട്ടിടങ്ങൾ, വലിയ മതിലുകൾ എന്നിവ വർഷങ്ങളായി നിർമിച്ചുവരുന്നു. ഇത്തരത്തിലുള്ള റോഡുകൾ വീതികൂട്ടാനും മറ്റുമായി പല ഘട്ടങ്ങളിലായി പണം നൽകിയും അല്ലാതെയും വർഷങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തികളിൽനിന്ന്‌ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ റോഡുകളുടെ വീതി കൂട്ടിയെങ്കിലും ടാറിങ്‌ സാധാരണയിൽ കവിഞ്ഞ വീതിയിലല്ല. ടാറിങ്‌ കഴിഞ്ഞുള്ള വീതി സംരക്ഷിക്കുന്നതിനാവശ്യമായ നടപടിയെടുക്കാനോ അതിരുകല്ലുകൾ സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.

കെട്ടിടനിർമാണ ചട്ടപ്രകാരം പൊതുമരാമത്ത് റോഡിനരികിൽ പുതിയ കെട്ടിടമോ മറ്റോ നിർമിക്കുമ്പോൾ പൊതുമരാമത്തിന്റെ കൈവശമുള്ള സ്ഥലത്തിൽനിന്ന്‌ നിശ്ചിത ദൂരം വിട്ടുമാത്രമേ നിർമാണത്തിന് ബന്ധപ്പെട്ട പഞ്ചായത്ത്‌ അധികൃതർ അനുമതി നല്കാവൂ. എന്നാൽ നിലവിലെ റോഡ് ടാറിങ്‌ അതിര് കണക്കാക്കിയാണ് പല പഞ്ചായത്തുകളും നിർമാണാനുമതിയും തുടർന്ന് ബിൽഡിങ്‌ നമ്പറും നൽകുന്നത്.

പി.ഡബ്ല്യു.ഡി. റോഡരികുകൾ കൃത്യമായി തിരിച്ചറിയുന്നതിനാവശ്യമായ അടയാളങ്ങൾ സ്ഥാപിക്കാത്തത് ഭാവിയിൽ റോഡ് വികസനത്തിനും മറ്റും സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോൾ വലിയ സാമ്പത്തികനഷ്ടം സർക്കാരിനുണ്ടാക്കും. മാത്രവുമല്ല മുൻപ് പണം നല്കി സർക്കാർ ഏറ്റെടുത്ത ഭൂമി വീണ്ടും വാങ്ങേണ്ട അവസ്ഥയുമുണ്ടാവും.

പേരാവൂർ, മുഴക്കുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലൂടെയുള്ള വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അതിരുകളിലെ സ്ഥലം സ്വകാര്യവ്യക്തികൾ കൈയേറിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പൊതുമരാമത്ത് അധികൃതർക്ക് ലഭിച്ചിട്ടുള്ളത്. ഇവയിൽ ഭൂരിഭാഗം പരാതികളിലും നടപടികളുണ്ടായിട്ടില്ല. പേരാവൂർ കാഞ്ഞിരപ്പുഴയിൽ പാലവും അനുബന്ധ റോഡും നിർമിക്കാൻ വർഷങ്ങൾക്കുമുൻപ് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ബാക്കിവന്ന ഭൂമിയുടെ ഭൂരിഭാഗവും കൈയേറിയ നിലയിലാണ്.

അനധികൃത കൈയേറ്റങ്ങൾക്കെതിരെ സമഗ്രാന്വേഷണം നടത്തി നിലവിലുള്ള കൈയേറ്റം ഒഴിപ്പിക്കാനും കൈയേറ്റങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാവണം. ഭാവിയിൽ ഇത്തരത്തിലുള്ള കൈയേറ്റം ആവർത്തിക്കാതിരിക്കാൻ അതിരുകല്ലുകൾ നാട്ടണം. പി.ഡബ്ല്യു.ഡി. റോഡരികിലെ നിർമാണപ്രവൃത്തികൾക്ക് പഞ്ചായത്തിന്റെ അനുമതി ലഭിക്കാൻ പി.ഡബ്ല്യു.ഡി. റോഡ് ഡിവിഷൻ വിഭാഗത്തിൽനിന്നുള്ള അനുമതിപത്രവും വേണമെന്ന നിബന്ധന വെക്കണമെന്നും സാമൂഹികപ്രവർത്തകർ ആവശ്യപ്പെടുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog