ഇ​ട​തു​പ​ക്ഷ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ് സ​മ​യംക​ള​യി​ല്ല: രാ​ഹു​ല്‍ ഗാ​ന്ധി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 April 2021

ഇ​ട​തു​പ​ക്ഷ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ് സ​മ​യംക​ള​യി​ല്ല: രാ​ഹു​ല്‍ ഗാ​ന്ധി

ആലക്കോട് (കണ്ണൂർ): ഇടതുപക്ഷത്തെക്കുറിച്ചു കൂടുതല്‍ പറഞ്ഞു സമയം കളയാന്‍ താത്പര്യമില്ലെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. ഐക്യവും സ്‌നേഹവും സാഹോദര്യവുമാണ് യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. എല്‍ഡിഎഫും ആര്‍എസ്എസും സമൂഹത്തില്‍ വിദ്വേഷവും പകയും പടര്‍ത്തുകയാണ്. ഇതിലൊന്ന് രാജ്യത്തെ വിഭജിക്കുന്നതും മറ്റേത് കേരളത്തെ വിഭജിക്കുന്ന രാഷ്‌ട്രീയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ആലക്കോട് അരങ്ങം ശിവക്ഷേത്ര മൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് അക്രമത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളും അക്രമത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെതിരായുള്ള ആശയപോരാട്ടത്തിനിടെ ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരാളാണ് വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത്. അവര്‍ ഇടതുപക്ഷക്കാരായിരുന്നു. എന്നിട്ടും അവര്‍ കൊലക്കത്തിക്കിരയായി. യുഡിഎഫ് വിദ്വേഷത്തെ സ്‌നേഹംകൊണ്ടും അക്രമത്തെ സമാധാനംകൊണ്ടും നേരിടും. യുഡിഎഫ് വിജയിച്ചാല്‍ വിപ്ലവകരമായ നടപടികള്‍ സ്വീകരിക്കും. ഇത് കേരളത്തെ മാറ്റിമറിക്കുന്നതായിരിക്കും. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമാണ് കേരളത്തിലെ പ്രധാന പ്രശ്‌നങ്ങള്‍.

റബര്‍കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കിലോയ്ക്ക് 250 രൂപ തറവില നിശ്ചയിക്കും. ന്യായ് പദ്ധതിയാണ് നമ്മുടെ പ്രധാന ആശയം. സാധാരണക്കാര്‍ക്ക് ആറായിരം രൂപ പ്രതിമാസപ്രകാരം പ്രതിവര്‍ഷം 72,000 രൂപ എത്തിക്കുന്നതാണ് പദ്ധതി. കര്‍ഷകര്‍, തൊഴിലാളികള്‍, വിധവ, മത്സ്യത്തൊഴിലാളി എന്നതൊന്നും പ്രശ്‌നമല്ല. നിങ്ങളില്‍ പാവപ്പെട്ടവരുണ്ടെങ്കില്‍ പണം ലഭിച്ചിരിക്കും. നിങ്ങള്‍ ദാരിദ്ര്യരേഖയില്‍നിന്ന് മുന്നോട്ടുകടക്കുന്നതുവരെ ഇത് തുടരും. ദാരിദ്ര്യം തുടച്ചുനീക്കുന്ന പദ്ധതിയായിരിക്കും ഇത്. കേരളത്തിലെ സമ്പദ്ഘടനയ്ക്കുള്ള ഇന്ധനമായി മാറും ന്യായ് പദ്ധതി. ദാരിദ്ര്യം, സമ്പദ്ഘടനയിലെ പ്രശ്‌നം എന്നിവയ്ക്കുള്ള പരിഹാരമായിരിക്കും ഈ പദ്ധതി.

തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യ സുരക്ഷാനിയമവും രാജ്യത്തു കൊണ്ടുവന്നതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. അതുപോലെ ആലോചിച്ചാണ് ന്യായ് പദ്ധതിയും ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതോടെ കേരളം ഇന്ത്യക്കുതന്നെ മാതൃകയായിത്തീരും.

നിങ്ങളുടെ മുന്നില്‍ വോട്ടഭ്യര്‍ഥനയുമായി എത്തുന്ന ഇടതുപക്ഷക്കാരോട് നിങ്ങള്‍ ഒരു ചോദ്യം ചോദിക്കണം. എന്താണ് നിങ്ങളുടെ പദ്ധതിയെന്ന് ഇടതിനോട് ചോദിക്കണം. ഞാന്‍ ഉറപ്പുപറയുന്നു. അവര്‍ക്ക് ഇതിനൊരു ഉത്തരം ഉണ്ടാകില്ല. അവര്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കാനറിയാം. വിദ്വേഷം പടര്‍ത്താന്‍ അറിയാം. പക്ഷേ, ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കാന്‍ ഇടതിനാകില്ല. കേരളം ആഗ്രഹിക്കുന്നത് വര്‍ത്തമാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. അതാണ് യുഡിഎഫ് വാക്കുതരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ടി.എന്‍.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. കെ.സി.ജോസഫ് എംഎല്‍എ, സ്ഥാനാര്‍ഥികളായ സജീവ് ജോസഫ് (ഇരിക്കൂര്‍), എം.പ്രദീപ് കുമാര്‍ (പയ്യന്നൂര്‍), വി.പി.അബ്ദുള്‍ റഷീദ് (തളിപ്പറമ്പ്), എം.പി. ജോസഫ് (തൃക്കരിപ്പൂര്‍), യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. മാത്യു, സോണി സെബാസ്റ്റ്യന്‍, സജീവ് മാറോളി, തോമസ് വെക്കത്താനം എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog