കണ്ണൂരിലെ സി.പി.എം - ആര്‍.എസ്.എസ്. സന്ധി: പിണറായി നോക്കിയത് സര്‍ക്കാരിന്റെ പ്രതിച്ഛായ ; മതം നോക്കി ആര്‍.എസ്.എസ്...!

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



uploads/news/2021/03/467483/mohanbhagavath.jpg
കണ്ണൂര്‍: സര്‍വകക്ഷി സമാധാനചര്‍ച്ചകളെ പ്രസഹനമാക്കിയിട്ടുള്ള സി.പി.എം, ആര്‍.എസ്.എസ്. നേതൃത്വങ്ങള്‍ പിന്നീട് ഏര്‍പ്പെട്ട രഹസ്യസന്ധി സംബന്ധിച്ച് ദുരൂഹത തുടരുന്നു. നേതാക്കളുടെ വ്യത്യസ്ത വിശദീകരണങ്ങളില്‍ കണ്ണൂരിലെ സി.പി.എം. അണികള്‍ക്ക് ആശയക്കുഴപ്പം.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്കു പിന്നാലെ വഴിപാടുപോലെ നടക്കുന്ന സര്‍വകക്ഷി സമാധാനചര്‍ച്ചകളില്‍ അക്രമത്തിന്റെ ഉത്തരവാദിത്വം ഇരുകക്ഷികളും ഏറ്റെടുക്കാറില്ലായിരുന്നു. എന്നാല്‍, ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് 2015 ഡിസംബറില്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചപ്പോള്‍ സി.പി.എം. വഴങ്ങി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ഈ ചര്‍ച്ചയ്ക്കു വഴിതുറന്നത്.

കണ്ണൂരിലെ അക്രമരാഷ്ട്രീയം സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുമെന്ന ആശങ്കയാണു മുഖ്യമന്ത്രി പിണറായി വിജയനെ സമവായത്തിനു പ്രേരിപ്പിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കേ കൊലപാതക കേസുകളിലെ പ്രതികള്‍ക്കു നിയമസഹായവും കുടുംബത്തിനു സംരക്ഷണവും നല്‍കിയ അതേ പിണറായിയുടെ മലക്കംമറിച്ചിലായിരുന്നു ഇത്.

ആര്‍.എസ്.എസിന്റെ ചിര വൈരിയായ അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയും സംസ്ഥാനനേതൃത്വം സമ്മര്‍ദം ചെലുത്തി ചര്‍ച്ചയുടെ ഭാഗമാക്കി. ആര്‍.എസ്.എസിന്റെ ക്ഷണത്തോട് ആദ്യം അകലം പാലിച്ചെങ്കിലും പിണറായിയുമായി അടുപ്പമുള്ള ആത്മീയാചാര്യന്‍ ശ്രീ എം മധ്യസ്ഥനായതോടെ സി.പി.എം. വഴങ്ങി. നാലുപതിറ്റാണ്ടിലേറെ ചരിത്രമുള്ള കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തില്‍ ഇരുനൂറിലേറെപ്പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ ഗുരുതരപരുക്കേറ്റ് ശയ്യാവലംബികളാവുകയും ചെയ്തിട്ടുണ്ട്.

ഒരേ മതവിഭാഗത്തില്‍പ്പെട്ടവരാണു പരസ്പരം വെട്ടിമരിക്കുന്നതെന്ന വിലയിരുത്തലിലാണ് ആര്‍.എസ്.എസ്. നേതൃത്വം ചര്‍ച്ചയ്ക്കു മുന്‍കൈ എടുത്ത്. ജയരാജനുമടക്കമുള്ള നേതാക്കള്‍ ചര്‍ച്ചചെയ്താല്‍ തീര്‍ക്കാവുന്നതായിരുന്നു കണ്ണൂരിലെ കൊലപാതകപരമ്പരയെന്നും ഇതു തെളിയിച്ചു. എന്നാല്‍, അപ്പോഴേക്ക് കണ്ണൂരില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ അനാഥമായിരുന്നു.

2017 ഡിസംബര്‍ 30-നു മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ണൂരില്‍ രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞതായി പ്രഖ്യാപിച്ചു. കണക്കുകളും പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാനചര്‍ച്ചകളുടെ ഫലമാണിതെന്നായിരുന്നു അവകാശവാദം. എന്നാല്‍, 2017-ല്‍ കൊല്ലപ്പെട്ടതു മുഴുവന്‍ തങ്ങളുടെ ആളുകളാണെന്നും തിരിച്ചടിക്കാത്തതുകൊണ്ടാണ് ജില്ലയില്‍ കൊലപാതകങ്ങള്‍ കുറഞ്ഞതെന്നും ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി അവകാശപ്പെട്ടു. ചരിത്രത്തിലാദ്യമായി കൊല്ലപ്പെട്ടയാളുടെ വീട് സര്‍വകക്ഷിസംഘം സന്ദര്‍ശിച്ച സംഭവവുമുണ്ടായി.

'തലശേരിയില്‍ കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ സന്തോഷിന്റെ വീടാണു സി.പി.എം, ബി.ജെ.പി. നേതാക്കളുള്‍പ്പെടെ സന്ദര്‍ശിച്ചത്. അതിനു കളമൊരുക്കിയത് അന്നത്തെ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയായിരുന്നു. സമാധാനദൗത്യത്തിന്റെ ഭാഗമായി ഭാഗമായി കലക്ടറെ കണ്ടിരുന്നെന്നും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അദ്ദേഹം അനുകൂലനിലപാട് സ്വീകരിച്ചെന്നും കഴിഞ്ഞദിവസം ശ്രീ എം വെളിപ്പെടുത്തിയിരുന്നു. ആര്‍.എസ്.എസിനെ പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചതു 2014 സെപ്റ്റംബര്‍ ഒന്നിനു നടന്ന കതിരൂര്‍ മനോജ് വധമാണ്.

പി. ജയരാജന്‍ പ്രതിയായ സംഭവത്തില്‍ സമാധാന ചര്‍ച്ചയില്‍നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്ന് ആര്‍.എസ്.എസ്.കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ ജയരാജന്റെ സ്ഥാനനഷ്ടവുമായി സി.പി.എം. അണികള്‍ ഇതിനെ കൂട്ടിവായിക്കുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha