കണ്ണുംനട്ട്‌ കടന്നപ്പള്ളി; കണ്ണീരുണക്കാന്‍ പാച്ചേനി
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍ ജില്ല. സി.പി.എമ്മിന്റെ ശക്‌തിദുര്‍ഗം, ഉരുക്കുകോട്ട. പക്ഷേ, അപ്പോഴും കണ്ണൂര്‍ മണ്ഡലത്തിലെ ചിത്രം വ്യത്യസ്‌തമായിരുന്നു. ബാലികേറാമലയായ അവിടം കഴിഞ്ഞതവണ പിടിച്ചെടുത്തതാണ്‌ കോണ്‍ഗ്രസ്‌ എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആത്മവിശ്വാസം.
ഇക്കുറിയും അങ്കത്തട്ടില്‍ കടന്നപ്പള്ളിയെത്തന്നെ ഇറക്കി ഇടതുപക്ഷം പോരിനിറങ്ങുന്നു. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ കടന്നപ്പള്ളിയുടെ മുന്‍ പ്രതിയോഗി സതീശന്‍ പാച്ചേനി തന്നെയാണ്‌ യു.ഡി.എഫിനായി പോര്‍ക്കളത്തില്‍. ഒപ്പം, യുവത്വം ഊര്‍ജമാക്കി എന്‍.ഡി.എ സ്‌ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലും.സി.പി.എം. സ്‌ഥാനാര്‍ഥിയെ ഇറക്കുന്നതിനേക്കാള്‍, മുന്‍ കോണ്‍ഗ്രസ്‌ നേതാവ്‌ കൂടിയായ കടന്നപ്പള്ളി തന്നെയാണ്‌ കണ്ണൂരിലെ കോണ്‍ഗ്രസ്‌ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ നല്ലതെന്ന്‌ വീണ്ടും പാര്‍ട്ടി തീരുമാനിച്ചു.
പൊരുതിനോക്കിയാല്‍ വിജയം പ്രതീക്ഷിക്കാവുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ സി.പി.ഐക്കും നോട്ടമുണ്ടായിരുന്നു. പക്ഷേ, നാലു പതിറ്റാണ്ടിലേറെയായി ഇടതുമുന്നണിയില്‍ ഉറച്ചുനിന്ന കോണ്‍ഗ്രസ്‌ എസിനു തന്നെ നറുക്ക്‌ വീണു.
കടന്നപ്പള്ളിക്കു ജയവും പരാജയവും പുത്തരിയല്ല. പക്ഷേ, ചാവേറാകാന്‍ വിധിക്കപ്പെട്ട്‌ പരാജയത്തിന്റെ കയ്‌പുനീര്‌ മാത്രം കുടിച്ചതാണ്‌ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ്‌ കൂടിയായ സതീശന്‍ പാച്ചേനിയുടെ അനുഭവം. കഴിഞ്ഞതവണ കണ്ണൂരെന്ന ഉറച്ച മണ്ഡലത്തില്‍ ജനവിധി തേടാനായെങ്കിലും ഗ്രൂപ്പ്‌ പോരിന്റെ പേരില്‍ തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ദുര്‍വിധി. ഇത്തവണ തലവര തെളിയുമെന്ന പ്രതീക്ഷയിലാണ്‌ പാച്ചേനി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസമുണ്ട്‌. കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ഉറച്ചവോട്ടുകളുള്ള കണ്ണൂരില്‍ ഭയത്തിനു തെല്ലും സാധ്യയില്ലെന്ന്‌ യു.ഡി. എഫ്‌ നേതൃത്വവും.കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ക്കെതിരേ ആഞ്ഞടിച്ചാണ്‌ സ്വീകരണ കേന്ദ്രങ്ങളില്‍ പാച്ചേനിയുടെ പ്രസംഗം. മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വികസന മുരടിപ്പാണ്‌.
വകുപ്പ്‌ മന്ത്രിയായിരുന്നിട്ടും അഴീക്കല്‍ തുറമുഖത്തിനായി കടന്നപ്പള്ളി ഒന്നും ചെയ്‌തില്ല. സര്‍ക്കാരിന്‌ എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഇക്കുറി വോട്ടായി മാറുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ്‌ കടന്നപ്പള്ളി. വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ പ്രചാരണം. കണ്ണൂരിന്‌ ഒരുപാട്‌ നേട്ടങ്ങള്‍ ഉണ്ടാക്കി. പിണറായി സര്‍ക്കാരിന്‌ അനുകൂലമായ തരംഗമാണ്‌ നിലവില്‍. കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കടന്നപ്പള്ളി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത