2016ല്‍ ഭൂരിപക്ഷം 36905, 2019ല്‍ 4099; പിണറായിക്കോട്ട പിടിക്കുമോ സുധാകരന്‍?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് വര്‍ക്കിങ് പ്രസിഡണ്ട് കെ സുധാകരനെ ഇറക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഊര്‍ജ്ജിതമായി തുടരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കരുത്തനെ തന്നെ ഇറക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതോടെയാണ് ആലോചനകള്‍ സുധാകരനിലേക്ക് എത്തിയത്. പിണറായിക്കെതിരെ സുധാകരനിലും മികച്ചൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.

നാലായിരത്തിലേക്കെത്തിയ ഭൂരിപക്ഷം

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്തെ സിപിഎമ്മിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞിരുന്നു. ഈ കണക്കിലാണ് കോണ്‍ഗ്രസിന്റെ കണ്ണുകള്‍. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നതാണ് ധര്‍മടം.കെ സുധാകരന്‍ തന്നെയായിരുന്നു കോണ്‍ഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്‍റെ പികെ ശ്രീമതിയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സുധാകരന്‍ തോല്പിച്ചിരുന്നത്.

പിണറായി വിജയന്‍
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് കിട്ടിയത് 36905 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4099 വോട്ടിലേക്ക് ചുരുങ്ങിയത്. എന്നാല്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 49180 വോട്ടുകളുടെ കൂറ്റന്‍ ലീഡാണ് ഇടതുമുന്നണിക്കുള്ളത്. മണ്ഡലത്തിന് കീഴിലുള്ള എട്ടു പഞ്ചായത്തില്‍ ഏഴിലും എല്‍ഡിഎഫ് ആണ് അധികാരത്തില്‍.

ഇടതിന്റെ കോട്ട

മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന ഖ്യാതിയാണ് ധര്‍മടത്തിന്റേത്. 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നിലവില്‍ വന്ന ധര്‍മടത്ത് സിപിഎം മാത്രമേ വിജയിച്ചിട്ടുള്ളൂ. 2011ലെ ആദ്യ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ നാരായണന്‍ 15,162 വോട്ടിനാണ് ജയിച്ചത്. 2016ല്‍ മത്സരിച്ച പിണറായി വിജയന്‍ ഭൂരിപക്ഷം 36905 ആയി ഉയര്‍ത്തി. രണ്ടു തവണയും കോണ്‍ഗ്രസിന്റെ മമ്ബറം ദിവാകരനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി.

എടക്കാടിന്റെ ഭാഗമായ പെരളശേരി, മുഴപ്പിലങ്ങാട്, കടമ്ബൂര്‍, ചെമ്ബിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്ബില്‍ ഉള്‍പ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശ്ശേരിയുടെ ഭാഗമായിരുന്ന ധര്‍മടം പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് ധര്‍മടം മണ്ഡലം.

സുധാകരന്റെ മനസ്സിലിരിപ്പ്

ധര്‍മടത്ത് വിജയിക്കുമെന്ന് ഒരുപക്ഷേ, സുധാകരന്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. എന്നാല്‍ പിണറായിക്കെതിരെ മുട്ടിനില്‍ക്കാന്‍ കരുത്തുള്ള സുധാകരന്‍ മണ്ഡലത്തില്‍ പോരാട്ടമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. നേമത്തെ ചലഞ്ച് ഏറ്റെടുത്ത കെ മുരളീധരന്റെ തീരുമാനവും സുധാകരനെ സ്വാധീനിച്ചേക്കും.കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിപ്പോയ കെപിസിസി പ്രസിഡണ്ട് പദമെന്ന സ്വപ്‌നം സുധാകരന് ഇപ്പോഴുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുരളി, സുധാകരന് കടുത്ത വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്കെതിരെ ഫൈറ്റ് നടത്തിയ നേതാവ് എന്ന പ്രതിച്ഛായ കോണ്‍ഗ്രസിന് അകത്ത് സുധാകരന് ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കങ്ങളില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha