കോഴിക്കോട്‌ – മൈസൂരു ദേശീയപാത; മലാപ്പറമ്പ്‌ – പുതുപ്പാടി റീച്ച്‌ ഭൂമി ഏറ്റെടുക്കാൻ 454 കോടി
കണ്ണൂരാൻ വാർത്ത
കോഴിക്കോട്‌, വയനാട്‌ ജില്ലകളെ മൈസൂരുവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766-ൽ മലാപ്പറമ്പുമുതൽ പുതുപ്പാടിവരെ സ്ഥലം ഏറ്റെടുക്കാൻ 454.01 കോടി രൂപ അനുവദിച്ചു. 35 കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ടുവരിപ്പാത ഉന്നതനിലവാരത്തിൽ പുനർനിർമിക്കാനുള്ള പദ്ധതിയിലാണ്‌ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം പണം അനുവദിച്ചത്‌. സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പാണ്‌ പദ്ധതി സമർപ്പിച്ചത്‌. 69.3 ഹെക്‌ടർ ഭൂമിയാണ്‌ ഏറ്റെടുക്കുക. കോഴിക്കോട്‌ - കൊല്ലഗൽ ദേശീയപാത വികസനം കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന്‌ ഉൾപ്പെടെ കുതിപ്പാവും.
 
15 മീറ്റർ വരെ വീതിയിലാണ്‌ പേവ്‌ഡ്‌ ഷോൾഡർ മാതൃകയിൽ റോഡ്‌ വികസിപ്പിക്കുക. കൊടുവള്ളി, താമരശേരി എന്നിവിടങ്ങളിൽ ബൈപാസ്‌ ഉൾപ്പെടെയാണ്‌ റോഡ്‌. ബൈപാസ്‌ സ്ഥലം ഏറ്റെടുക്കാനുള്ള തുകയും ഇതിൽ ഉൾപ്പെടുന്നു. എൽ.ഡി.എഫ്‌ സർക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്‌ താമരശേരി ചുരം റോഡിന്റെ വികസനമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. കേന്ദ്ര അനുമതിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുവട്ടം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി ചർച്ചനടത്തിയിരുന്നു. മന്ത്രി പി.എ. മുഹമ്മദ്‌ റിയാസും പലതവണ മന്ത്രിയെ കണ്ടു. ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാക്കും. ഒന്നാം റീച്ചിൽ വനഭൂമി വിട്ടുകിട്ടുന്നതിന്‌ വനംവകുപ്പുമായി ചേർന്ന്‌ നടപടി സ്വീകരിക്കും.   
 
ചുരം ഉൾപ്പെടുന്ന പുതുപ്പാടി - മുത്തങ്ങ ഭാഗത്തെ ഭൂമി ഏറ്റെടുക്കാൻ നേരത്തെ പണം അനുവദിച്ചിരുന്നു. 77.6 കിലോമീറ്റർ ദൈർഘ്യമുള്ള റീച്ചിന്റെ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്‌. ആറ്‌, ഏഴ്‌, എട്ട്‌ വളവുകൾ വികസിപ്പിക്കുന്നതിന്‌ പ്രത്യേക പദ്ധതി ഇതിൽ ഉൾപ്പെടുന്നു. രണ്ടാംഘട്ടത്തിന്‌ ഭൂമി ഏറ്റെടുക്കാൻ പണം അനുവദിച്ചതോടെ പദ്ധതിക്ക്‌ വേഗമേറും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത