അട്ടപ്പാടി മധു കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍ർ‍ജി വിധി പറയാൻ മാറ്റി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 16 August 2022

അട്ടപ്പാടി മധു കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍ർ‍ജി വിധി പറയാൻ മാറ്റി


അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി വിധി പറയാൻ മാറ്റി. ഹർജിയിൽ വാദം പൂർത്തിയാക്കിയാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി വിധി പറയാൻ മാറ്റിയത്. ഈ മാസം ഇരുപതിന് കേസിൽ വിധി പറയും. പ്രതികൾ ഹൈക്കോടതി നി‍ർദേശിച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്ന് പുറത്തുവന്ന ഫോൺ വിവരങ്ങളിലുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍ർജി പരിഗണിക്കുന്ന സാഹചര്യത്തിൽ മധു കൊലക്കേസിലെ വിചാരണ നടപടികൾ കോടതി നിർത്തി വച്ചിരുന്നു. ഈ മാസം 31ന് അകം വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇതിനായി പ്രതിദിനം അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്നും കോടതി അറിയിച്ചിരുന്നു. പ്രതികൾ നേരിട്ടും, ഇടനിലക്കാർ മുഖേനെയും സാക്ഷികളെ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന പൊലീസ് റിപ്പോർട്ടും ഇതിനോടകം വിചാരണ കോടതിയുടെ മുമ്പിലെത്തിയിട്ടുണ്ട്. തുടർ കൂറുമാറ്റങ്ങൾക്കിടെ ജൂലൈ 16നാണ് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി ചെയർമാനായുള്ള കമ്മിറ്റി ഉത്തരവിട്ടത്. എന്നിട്ടും സാക്ഷികളുടെ കൂറുമാറ്റം തടയാനായില്ല. രഹസ്യമൊഴി നൽകിയവരും, പൊലീസിന് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയവരും കോടതിയിൽ കൂറുമാറി. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ പതിമൂന്ന് പേരാണ് കൂറുമാറിയത്. കേസിൽ നിന്ന് പിൻമാറാൻ  മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതിയായ അബ്ബാസിന്റെ മകളുടെ മകനാണ്  ഷിഫാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുക്കാലി പറയൻകുന്ന് സ്വദേശി ഷിഫാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.  ഷിഫാന്റെ താമസസ്ഥലത്ത് നടത്തിയ റെയ‍്‍ഡില്‍ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog