ഇരിവേരി സി എച്ച് സി പ്രതിരോധ കുത്തിവെപ്പ് ബ്ലോക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 27 December 2021

ഇരിവേരി സി എച്ച് സി പ്രതിരോധ കുത്തിവെപ്പ് ബ്ലോക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു
ജനകീയ ഇടപെടലുകളിലൂടെ ആരോഗ്യമേഖലയെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ രോഗ പ്രതിരോധ കുത്തിവെപ്പ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യരംഗത്ത് അതിശയിപ്പിക്കുന്ന മാറ്റങ്ങളുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ബാധിതരില്‍ അനുബന്ധ രോഗമുള്ളവരെ എങ്ങനെ ചികില്‍സിക്കണമെന്ന മാതൃക കേരളം ലോകത്തിന് കാട്ടിക്കൊടുത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വികസിത രാജ്യങ്ങളേക്കാള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നാം നടത്തിയത്. രാജ്യത്ത് ഏറ്റവും നല്ല രീതിയില്‍ വാക്സിനേഷന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം.
മനുഷ്യന്റെ ജീവിതം അനുദിനം മെച്ചപ്പെടുത്തിയാണ് നാം മുന്നോട്ട് പോകുന്നത്. നല്ല പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപരമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനുള്ള പശ്ചാത്തലം നമ്മുടെ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാര്‍ഷിക പദ്ധതിയില്‍ നിന്നും 12.6 ലക്ഷം രൂപ ചെലവിലാണ് ബ്ലോക്ക് നിര്‍മ്മിച്ചത്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള രോഗപ്രതിരോധ കുത്തിവെപ്പ് സംവിധാനം ആധുനിക രീതിയില്‍ ഒരുക്കുന്നതിനാണിത്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ്ബാബു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി എം പ്രസീത ടീച്ചര്‍, കെ മുംതാസ്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരന്‍, അംഗം എം വി അനില്‍കുമാര്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ രജിത, ഇരിവേരി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ കെ മായ, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog