കത്തിലെ ഉള്ളടക്കം ചോർത്തിയ പോസ്റ്റ്‌മാനും പോസ്റ്റൽ സൂപ്രണ്ടിനും പിഴ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 18 November 2021

കത്തിലെ ഉള്ളടക്കം ചോർത്തിയ പോസ്റ്റ്‌മാനും പോസ്റ്റൽ സൂപ്രണ്ടിനും പിഴ

കണ്ണൂർ: റജിസ്ട്രേഡ്‌ കത്ത്‌ മേൽവിലാസക്കാരന് നൽകാതെ പൊട്ടിച്ച്‌ വായിച്ച് അതിലെ ഉള്ളടക്കം കൈമാറിയ പോസ്റ്റ്‌മാനും കൂട്ടുനിന്ന പോസ്റ്റൽ സൂപ്രണ്ടും കൂടി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്‌ ഉപഭോക്തൃകോടതി വിധി.
താവക്കരയിലെ ടി.വി.ശശിധരൻ എന്ന ആർട്ടിസ്റ്റ്‌ ശശികലയുടെ പരാതിയിലാണ്‌ ചിറക്കൽ പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌മാനായിരുന്ന എം.വേണുഗോപാൽ, കണ്ണൂർ പോസ്റ്റൽ സൂപ്രണ്ടായിരുന്ന കെ.ജി.ബാലകൃഷ്ണൻ എന്നിവർക്കെതിരെ നടപടി.

മേൽവിലാസക്കാരന്‌ കത്തുനൽകാതെ ഉള്ളടക്കം വായിച്ചുകേൾപ്പിച്ച ശേഷം ‘ആൾ സ്ഥലത്തില്ല’ എന്ന് റിമാർക്സ് എഴുതി കത്ത് തിരിച്ചയച്ച സംഭവത്തിലാണ് നടപടി.
2008 ജൂൺ 30-ന്‌ ചിറക്കൽ-പുതിയതെരുവിലുള്ള കൊല്ലറത്തിക്കൽ പുതിയപുരയിൽ ഹംസക്കുട്ടിക്ക് ശശിധരൻ അയച്ച കത്തിലെ വിവരങ്ങൾ ചിറക്കൽ പോസ്റ്റോഫീസിലെ പോസ്റ്റ്മാനായിരുന്ന വേണുഗോപാലൻ ചോർത്തിയെന്നാണ് പരാതി. മേൽവിലാസക്കാരനായ കരാറുകാരൻ ഹംസക്കുട്ടി പരാതിക്കാരനായ ശശിധരനിൽനിന്ന് തുക കൈപ്പറ്റിയ ശേഷം കരാർപ്രകാരം പണി പൂർത്തിയാക്കി നൽകേണ്ട വീടും സ്ഥലവും രജിസ്റ്റർ തീയതിക്ക് മുൻപേ പൂർത്തിയാക്കാത്തതിനെ ചോദ്യംചെയ്തുള്ള കത്തായിരുന്നു ഇത് കത്തിലെ ഉള്ളടക്കം മനസ്സിലാക്കിയ ഹംസക്കുട്ടി വീടും സ്ഥലവും മറിച്ചുവിറ്റതായും ശശിധരൻ പരാതിപ്പെട്ടിരുന്നു. പോസ്റ്റ്‌മാൻ, പോസ്റ്റൽ സൂപ്രണ്ട് തുടങ്ങിയവരെ പ്രതിചേർത്താണ്‌ കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ ശശിധരൻ കേസ് ഫയൽചെയ്തത്.

വകുപ്പുതല അന്വേഷണത്തിൽ പോസ്റ്റ്‌മാൻ കൃത്യവിലോപം ചെയ്തതായി മനസ്സിലാക്കി. കത്ത് തിരിച്ചയക്കുമ്പോൾ മടക്കുമാറി സീൽ ഉള്ളിൽ ആയിപ്പോയതാണ് കത്ത്‌ പൊട്ടിച്ചതിന്‌ തെളിവായത്. ഇതോടെ പോസ്റ്റ്‌മാനെ സ്ഥലംമാറ്റിയും ഇൻക്രിമെന്റ് നല്കാതെയും വകുപ്പ്‌ നടപടി സ്വീകരിച്ചിരുന്നു. 
എന്നാൽ മൂന്നു മാസത്തിനു ശേഷം പോസ്റ്റ്‌മാനെ അതേ പോസ്റ്റോഫീസിലേക്ക് വീണ്ടും നിയമിച്ചതിനെ ചോദ്യം ചെയ്താണ് ശശിധരൻ കണ്ണൂർ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്‌.
സാങ്കേതികതടസ്സം ചൂണ്ടിക്കാട്ടി കണ്ണൂർ ഉപഭോക്തൃ കമ്മിഷൻ നേരത്തേ കേസ് തള്ളിയിരുന്നു. ഇതിനെതിരെ സംസ്ഥാന കമ്മിഷനിൽ നൽകിയ പരാതിയിലാണ്‌ വിധി. 13 വർഷത്തിനുശേഷമാണ്‌ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി.സജീഷ് എന്നിവരടങ്ങുന്ന ബെഞ്ച്‌ വിധി പ്രസ്താവിച്ചത്.
പോസ്റ്റ്‌മാനും പോസ്റ്റൽ സൂപ്രണ്ടും 50,000 രൂപ വീതം പരാതിക്കാരന് നൽകണം. രണ്ടു മാസത്തിനകം തുക നൽകണമെന്നും വീഴ്ച വരുത്തിയാൽ എട്ടു ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. കേസ്‌ ശശിധരൻ തന്നെയാണ് വാദിച്ചത്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog