മഴ കനക്കുമ്പോൾ ചങ്കിടിച്ച്‌ മലയോര നിവാസികള്‍ ;ശാശ്വത പരിഹാരം കാണാതെ പാത്തൻപാറ ദുരന്തഭൂമി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കരുവഞ്ചാല്‍: രണ്ടുദിവസമായി മലയോര മേഖലയില്‍ മഴ തിമിർത്തു പെയ്യുന്നതോടെ മലയോര നിവാസികള്‍ ചങ്കിടിപ്പില്‍. പാത്തൻപാറയില്‍ 2023 ഫെബ്രുവരിയില്‍ ഉണ്ടായ ഭൂമി വിണ്ടുകീറലാണ് ഈ മഴക്കാലത്തും പാത്തൻപാറ, വെള്ളാട്, കരുവഞ്ചാല്‍ എന്നിവടങ്ങളിലുള്ളവരുടെ ചങ്കിടിപ്പ് ഉയർത്തുന്നത്.
പാത്തൻപാറയില്‍ പ്രവർത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിക്ക് സമീപം ഭൂമി രണ്ടായി വിണ്ടുകീറുകയും ഇടിഞ്ഞുതാഴുകയും ചെയ്തത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. നരയൻകല്ല് തട്ടില്‍ കരിങ്കല്‍ ക്വാറിക്ക് സമീപമാണ് അപകടാവസ്ഥ ഉടലെടുത്തിരുന്നത്.

ക്വാറി പ്രവർത്തിക്കുന്ന സ്ഥലത്തിന്‍റെ മുകള്‍ ഭാഗത്തെ ഭൂമിയാണ് അന്ന് ഒന്നര മുതല്‍ നാലു വരെ മീറ്റർ വീതിയില്‍ വിണ്ടുകീറിയും 50 മീറ്റർവരെ താഴ്ചയില്‍ അഗാധഗർത്തങ്ങളോടെ ഇടിഞ്ഞു താഴുകയും ചെയ്തത്. ഏക്കർ കണക്കിന് സ്ഥലത്തായി പ്രവർത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെയും ക്രഷറിന്‍റെയും പരിസരത്തായി ഒരു കിലോമീറ്റർ അധികം നീളത്തിലാണ് ഭൂമി രണ്ടായി പിളർന്ന് മാറിയിരുന്നത്. ഇവിടെ ഉണ്ടായിരുന്ന മരങ്ങള്‍ അടക്കം താഴ്ന്നുപോകുകയും ചെയ്തിരുന്നു. 

ഈ ദുരവസ്ഥ കാണാൻ രാഷ്‌ട്രീയപാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചിരുന്നു. എന്നാല്‍, പിന്നീട് വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ വലിയ അപകടത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തുകയും അതിന്‍റെ പശ്ചാത്തലത്തില്‍ വിണ്ടുകീറിയ ഭൂമിയില്‍ അപകടാവസ്ഥ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ അപകട സ്ഥലത്തേക്ക് ജെ സിബി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകാൻ സാധിക്കാതെ വന്നതിനാല്‍ ചെറിയതോതില്‍ മണ്ണിടിച്ച്‌ ഇരുത്തുകയാണ് ഉണ്ടായത്. അതിനാല്‍ അപകടാവസ്ഥ മാറിയിട്ടില്ല. 

കഴിഞ്ഞ കാലവർഷത്തില്‍ ശക്തമായ മഴ ഇല്ലാതിരുന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടായില്ല. എന്നാല്‍, ഈ വർഷം മഴ ശക്തമാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഇത് പാത്തൻപാറ, വെള്ളാട്, കരുവഞ്ചാല്‍, നിവാസികളെ ആശങ്കയിലാഴ്ത്തുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha