ദീപങ്ങളുടെ നിറച്ചാർത്തുമായി ഇന്ന് ദീപാവലി. മൺചിരാതുകളിൽ ദീപം തെളിച്ചും, പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെമ്പാടുമുള്ള മലയാളികൾ ദീപാവലി ആഘോഷിക്കുക.
തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷം. ദീപാവലി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമാണ് ആഘോഷം.
അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി ദീപങ്ങൾ ഒരുക്കും. രംഗോലികൾ തയ്യാറാകും. ചെരാതുകളിൽ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങൾ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂർവാധികം ഭംഗിയാക്കും നാടും നഗരവും.
ഐതീഹ്യപരമായി ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചത് ത്രേതാ യുഗത്തിലാണെന്നും അല്ല ദ്വാപര യുഗത്തിലാണെന്നും രണ്ട് വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തി ദീപാവലി ആഘോഷിക്കുന്നുണ്ട്. രാവണനെ നിഗ്രഹിച്ച്, അഗ്‌നിശുദ്ധി വരുത്തിയ സീതയുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കാൻ അയോദ്ധ്യാവാസികൾ ദീപാലങ്കാരങ്ങൾ നടത്തിയെന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണൻ ദുഷ്ടനായ നരകാസുരനെ വധിച്ചതിൽ സന്തുഷ്ടരായ ദേവകൾ വിളക്ക് തെളിയിച്ച് ആഘോഷിച്ചത് ഭൂമിയിലേക്കും വ്യാപിച്ചെന്നും പിന്നീട് അതി ഭൂമിയിലെ ആഘോഷമായെന്നുമാണ് മറ്റൊരു വിശ്വാസം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശ പ്രകാരം രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവുണ്ട്.
ഏവർക്കും കണ്ണൂരാൻ വാർത്തയുടെ ദീപാവലി ആശംസകൾ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു