ടെൽഅവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അഞ്ചാം ദിവസവും തുടരുന്ന ആക്രമണ പ്രത്യാക്രമണങ്ങൾക്കിടെ ഇസ്രായേൽ കരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഏത് നിമിഷവും അതിർത്തിയിൽ കരയുദ്ധം ആരംഭിക്കും. ആയിരം പേരടങ്ങുന്ന നൂറോളം സൈനിക ട്രൂപ്പുകളെ ഗാസ അതിര്‍ത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചു കഴിഞ്ഞു.
ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം, തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്നുമുള്ള നിലപാടിലാണ് ഇസ്രയേൽ. ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ 123 സൈനികർ അടക്കം 1200 പേരും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 1055 പേരും ഇതുവരെ കൊല്ലപ്പെട്ടു. 5100 പേർക്ക് പരിക്കേറ്റതായും ഇതിൽ അറുപത് ശതമാനവും കുട്ടികളും സ്ത്രീകളുമാണെന്നും പലസ്തീൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഗാസയിൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി, ഇന്ധനം, വെള്ളം എന്നിവയുടെ വിതരണമാണ് വെട്ടിക്കുറച്ചത്. ഗാസയിലെ ഏക പവർ സ്റ്റേഷനിൽ ഇന്ന് ഇന്ധനം തീരുമെന്ന് പലസ്തീൻ എനർജി അതോറിറ്റി മേധാവി പറഞ്ഞു.
ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി. 'ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നുമായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റജവ് പ്രഖ്യാപിച്ചത്. ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി.
അതേസമയം, ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഹമാസിന്റെ സുപ്രധാന ഭരണ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം. ഗാസയിൽ അഭ്യർത്ഥികളായവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. ആയിരം പാർപ്പിട സമുച്ഛയങ്ങൾ തകർന്നു. നിരപരാധികൾ കൂട്ടമായി മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ കഴിയുമോ എന്നതിൽ ഈജിപ്തുമായും ഇസ്രായേലുമായും ചർച്ച നടക്കുന്നുവെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. ഏറ്റവുമധികം ആക്രമണങ്ങൾ നടത്താൻ ഇസ്രയേൽ ഉദ്ദേശിക്കുമെന്ന മേഖലയിൽനിന്ന് ജനങ്ങളെ ഈജിപ്തിലേക്ക് ഒഴിപ്പിക്കാനാണ് ആലോചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു